"സ്വന്തം വായുടെ ചീത്തത്തം കൊണ്ടാണ് തത്തകളും മൈനകളും കൂട്ടില്‍ പെടുന്നത്. കൊറ്റികളെ ആരും ബന്ധിക്കാറില്ല". -പഞ്ചതന്ത്രം

02 March 2008

ഗണിതം


അയാള്‍ കണക്കു കൂട്ടുകയായിരുന്നു.


അയല്‍ക്കാരന്‍ എല്ദോസ് അതിരു തോണ്ടിയ വകയില്‍ ചെലവായത്‌ പെട്രോള്‍ ബോംബ്-രണ്ട്.
കുമാരേട്ടന്‍ പ്രാരബ്ധം പറഞ്ഞു വന്നപ്പോള്‍ ഗത്യന്തരമില്ലാതെ കൊടുത്തത് നാലു നാടന്‍ ബോംബ്.
കുഞ്ഞുമോന്‍റെ ചെവിക്കു പിടിച്ച കണക്കുമാഷിനു ഫീസിനു പകരം ചെലവാക്കിയത് നാടന്‍ ബോംബ് ഒന്ന്‌.
അളിയന്‍ തൊമ്മിക്കുഞ്ഞിന്‍റെ മനസുചോദ്യം ആഘോഷിച്ചതിനു ജലാറ്റീന്‍സ്റ്റിക് - കരളുപറിപ്പന്‍ രണ്ട്.
പെങ്ങളുകുട്ടീടെ പിറകേ നടന്ന കോളേജ്കാരന്‍ ചെറുക്കനു വേണ്ടി ചെലവാക്കിയ വകയില്‍ ആസിഡ് ബള്‍ബ് ഒന്ന്‌.


ഭാര്യേടെ സ്ത്രീധനക്കാശു ചോദിയ്ക്കാന്‍ പോയ കുഞ്ഞുമോന് കൊടുത്തുവിട്ടു നഷ്ടപ്പെടുത്തിയത്‌ രണ്ട് ഡൈനാമൈററ്.
എല്ദോസിന്‍റെ മുറ്റത്തുനിന്നു ബൈക്ക് മോഷ്ടിച്ചെന്നു പറഞ്ഞു അവന്‍ ലഹലക്ക് വന്നപ്പോള്‍ ചെലവാക്കിയത് കുടുംബം പൊടിപ്പന്‍ പന്നിപ്പടക്കങ്ങള്‍ പതിന്നാല് .
കുഴിയില്‍ വീണു കാലുളുക്കിയതിനു കാരണക്കാരായ പി.ഡബ്ലിയു.ഡി. ക്കാരുടെ സ്ലാബ് തകര്‍ക്കാന്‍ ചെലവാക്കിയത് ഡൈനാമൈററ്- ചെകിട് തകര്‍പ്പന്‍ നാല്.
പള്ളിപ്പെരുന്നാള് പ്രമാണിച്ച് പത്തു പേരെ കാണിക്കാന്‍ വെടിക്കെട്ട് നടത്തിയ വകയില്‍ ചെലവായത്‌ ആര്‍ .ഡി.എക്സ്. 300 കിലോ.


അതെ പെരുന്നാളിന് പിള്ളേര്‍ക്ക് കളിയ്ക്കാന്‍ വാങ്ങിയ അല്ലറ ചില്ലറ കുഞ്ഞു കുഞ്ഞു ബോംബുകള്‍, AK-47, 56, സ്റ്റെങ്ഗണ്‍ ഇവയൊന്നും പ്രത്യേകം എഴുതി വയ്ക്കാത്തതിനാല്‍ വക കൊള്ളിക്കാന്‍ പറ്റില്ല.
ഈശോയെ, പെബ്രന്നോത്തി വയ്യാണ്ട് കിടക്കണ തന്തപ്പടിയെ കാണാന്‍ പോണംന്നു വച്ചു തയ്യാറെടുക്കുകയാണ്. ഒരു നാടന്‍ ബോംബെന്കിലും കൊടുത്തയച്ചില്ലെങ്കില്‍ അവരെന്തു കരുതും!

അവള് ലഹലയ്ക്ക് നില്‍ക്കുകയും ചെയ്യും.

കര്‍ത്താവേ, എന്തൊരു ചെലവാണ്! ഇങ്ങനെ പോയാല്‍ ഇതെവിടെ ചെന്നു നില്ക്കും?

ഡോണ്‍ബോസ്കോ മാഗസിന്‍ -2004 ഏപ്രില്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചു

ഉത്തരവാദിത്വം

എനിക്കും തോക്കിനും കാവലാണ് പണി.
പരിശോധനകള്‍ക്കിടെ എന്‍റെ ചോദ്യങ്ങള്‍ക്കുള്ള മറുപടി തെറ്റുമ്പോള്‍ ഞാന്‍ തോക്കിനെ നോക്കി. എന്‍റെ സംജ്ഞ മനസിലാക്കി അത് കൃത്യമായ മറുപടി തന്നു.
ജോലിയില്‍ ആത്മാര്‍ത്ഥത കാണിച്ചു കാണിച്ചു തോക്ക്‌ ഒരു വല്യ ആളായപ്പോള്‍ ഞാന്‍ പതിയെ ഓരോ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കാന്‍ തുടങ്ങി.
ഒരുദിവസം രാവിലെ ജോലിക്ക് കേറാന്‍ തുടങ്ങുമ്പോള്‍ എന്നെ തോക്ക്‌ തടഞ്ഞു.
പേര്?
അത്ഭുതം കാരണം മറുപടിക്ക് അല്പം വൈകി.
ഒരു വെടി മുഴങ്ങി.

മതം

"ഇതു ഹിന്ദുവിന്‍റെ രക്തത്തിന്‌".
അയാള്‍ ഗ്ലാസ്സുയര്‍ത്തി പറഞ്ഞു.

"ഇതു ഇസ്ലാമിന്‍റെ രക്തതിനും ഇതു ക്രിസ്ത്യാനിയുടെതിനും".
അയാള്‍ വീണ്ടും വീണ്ടും ഗ്ലാസ്സുയര്‍ത്തി.

അഞ്ചു നിമിഷങ്ങള്‍ക്കകം അയാള്‍ ആവിയായിപ്പോയി.


(http://www.puzha.com/- ല്‍ 2003 ഡിസംബര്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ചു)

സമ്പാദ്യം

തിരികെ വീട്ടിലേക്ക് വന്നുകയറിയ ഉടനെ അയാള്‍ ടൈ ഊരിക്കളഞ്ഞു.
പിന്നെ ചെറിയ രണ്ടു കൊമ്പുകള്‍ എടുത്തു തലയില്‍ ഫിറ്റു ചെയ്ത്, മൂക്ക്‌ കയറിട്ട്,
വീട്ടിലെ കറവക്കാരിക്ക് മുമ്പില്‍ നിന്നു കൊടുത്തു.



(http://www.puzha.com/- ല്‍ 2003 ഡിസംബര്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ചു)

പ്രണയത്തിന്‍റെ ഫോര്‍മുല

ഞാനവള്‍ക്ക് അഞ്ചു പനിനീര്‍ പൂക്കള്‍ കൊണ്ടു ചെന്നു കൊടുത്തു. ഒരെണ്ണം മാത്രം എടുത്ത് അവള്‍ ബാക്കി നാലും വലിച്ചെറിഞ്ഞു കളഞ്ഞു.

പ്രണയിക്കാന്‍ ഈ ഒരെണ്ണം ധാരാളം! അവള്‍ പറഞ്ഞു.

ഞാനവള്‍ക്ക് ഒരു പനിനീര്‍ പൂവ് കൊണ്ടു ചെന്നു കൊടുത്തു.
അത് പിടിച്ചു വാങ്ങി നിലത്തെറിഞ്ഞു അവള്‍ ക്രുദ്ധയായി ചോദിച്ചത്, ബാക്കി നാലു പൂക്കള്‍ എവിടെ എന്നാണ്.


(http://www.puzha.com/- ല്‍ 2003 ഡിസംബര്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ചു)