"സ്വന്തം വായുടെ ചീത്തത്തം കൊണ്ടാണ് തത്തകളും മൈനകളും കൂട്ടില്‍ പെടുന്നത്. കൊറ്റികളെ ആരും ബന്ധിക്കാറില്ല". -പഞ്ചതന്ത്രം

27 September 2023

കഥ - അളിയന്മാർ

അളിയന്മാർ 

സുനിക്കുട്ടൻ്റെ തൂങ്ങിമരണം ആദ്യം കണ്ടത് റബർ വെട്ടുകാരൻ വറീതാണെങ്കിലും അതിൻ്റെ മുഴുവൻ ക്രെഡിറ്റും ആയാൾക്കുള്ളതല്ല. ഉറഞ്ഞു തൂങ്ങിയ റബർ പാലുപോലെ ഒരു ജട്ടിരൂപി, താൻ പതിവായി വെട്ടുന്ന റബറിൻ്റെ താഴ്ന്ന കൊമ്പിൽ  ഉടുമുണ്ടിൽ കെട്ടി ഞാന്നു കിടക്കുന്നതു ഹെഡ്‍ലൈറ്റിൻ്റെ  വെളിച്ചത്തിൽ കണ്ടു വറീത് വിറങ്ങലിക്കുമ്പോൾ കിഴക്കു വെള്ള കീറാൻ തുടങ്ങുകയും കറവക്കാരൻ വാസു പശുക്കളുള്ള വീടുകളുടെ പിന്നാമ്പുറങ്ങളിലൂടെ തൻ്റെ കാലിൻ്റെ പരിമിതികളെ കീഴ്‌പ്പെടുത്തി ജൈത്രയാത്ര ചെയ്യുകയുമായിരുന്നു. ഒരു കയ്യാല കയറി മറിയുമ്പോഴാണ് സ്പോട്ട് ലൈറ്റിൽ, പ്രാണൻ പോയി അന്തരീക്ഷത്തിൽ തങ്ങുന്ന രൂപവും പ്രാണൻ പോകാറായി നിൽക്കുന്ന വറീതിനെയും അയാൾ കാണുന്നത്. മിനിറ്റുകളുടെ വ്യത്യാസത്തിൽ അവരിരുവരും ആ കാഴ്ചയ്ക്ക് സാക്ഷിയായതോടെ ആ ഭൂഭാഗത്തെ അന്നത്തെ കറവ പരിപാടികൾ മുടങ്ങി. പാൽ ചുരത്താതെ റബറുമരങ്ങളും ഗോമാതാക്കളും വിമ്മിഷ്ടത്തോടെ ആ പുലരി തള്ളിനീക്കുമ്പോൾ വാസുവിൽ  നിന്നും വറീതിൽ നിന്നും വാർത്തയറിഞ്ഞു ജനക്കൂട്ടം റബർ തോട്ടത്തിനു നടുവിലെ വീട്ടിലേക്കു ഒഴുകിയെത്തിക്കൊണ്ടിരുന്നു...

സുനിക്കുട്ടൻ്റെ മാമൻ്റെ മോൻ മഹേഷ് കക്കൂസിലിരിക്കുമ്പോഴാണ് ഫോൺ ശബ്ദിച്ചത്. ഫോണുമായി കക്കൂസിൽ പോകുന്ന ശീലമുണ്ടായതു കൊണ്ട് ഒറ്റ റിങ്ങിനു തന്നെ അറ്റൻഡ് ചെയ്തു കാതിൽ ചേർത്തു. മറ്റേതലയ്ക്കൽ അളിയൻ സന്തോഷ് ആയിരുന്നു.
'നമ്മുടെ സുനിക്കുട്ടൻ പോയെടാ' എന്നത് ഒരാന്തലോടെയാണ് അയാൾ ശ്രവിച്ചത്.
അവൻ ഇപ്രാവശ്യംപണി പറ്റിച്ചു... സന്തോഷിൻ്റെ ശബ്ദത്തിൽ നിരാശ.
എങ്ങനെ?
റബറിൻ്റെ കൊമ്പില്... 
ആണോ...കഴിഞ്ഞ തവണ റബറിൻ്റെ ആസിഡ് എടുത്തു മോന്തി ചാവാറായി കിടന്നോനെ രക്ഷിക്കാൻ നമ്മളെങ്കിലും ഒണ്ടാരുന്ന്... ഇത് ഇങ്ങനെയെ  ആവോള്ളൂന്നു എനിക്കറിയാരുന്നു...
ഉം... എന്തരായാലും, അവൻ പോയി. നീ രതീഷിനേം കൂട്ടി വേഗംങ്ങു വാ... ഞാനും ദാ ഇവിടന്നു എറങ്ങേണ്‌. കാര്യങ്ങൾക്കൊക്കെ നമ്മളല്ലേ ഉള്ളൂ...
സന്തോഷ് ഫോൺ വച്ചു.

മഹേഷ് വേഗം ഫ്ലഷ് ചെയ്തു.

ഭാര്യയും പിള്ളാരും  അവളുടെ വീട്ടിൽ ആയിരുന്നതിനാൽ വിളിച്ചു വിവരം പറഞ്ഞു. മറുപടിക്കു കാത്തില്ല, പോണ പോക്കിൽ കുടുംബ വീട്ടിൽ  നിന്ന് അനിയൻ രതീഷിനെയും കൂട്ടി, അവൻ്റെ കാറിലായി തുടർ യാത്ര.. അച്ഛനും അമ്മയും സഹോദരിയുടെ കൂടെ വന്നോളാമെന്നു പറഞ്ഞത് ആശ്വാസമായി. അളിയന്മാർ എന്ന നിലയിൽ നേരത്തെ തന്നെ അവിടെ എത്തേണ്ട കടമയുണ്ടല്ലോ...
കാറിൽ സാധനം ഉണ്ടായിരുന്നതിനാൽ പോകുന്ന പോക്കിൽ വഴിയോരത്തു നിർത്തി രണ്ടാളും ഓരോന്ന് വീശി, ഒരു ധൈര്യത്തിന്‌.
മരണവീട്ടിൽ ചെല്ലുമ്പോളേക്കും പോലീസുകാർ എത്തിയിരുന്നു. മഹേഷിനെ കണ്ടപാടെ 'അളിയാ, അവൻ'... എന്നുപറഞ്ഞു സന്തോഷ് വികാര ഭരിതനായി. അവനും രാവിലെ ചെറുതൊരെണ്ണംവിട്ടിട്ടുണ്ട്.  പോലീസ് നടപടികൾ കഴിയാനായി മൂവരും മാറിനിന്നത്‌ ഭാവനസമ്പന്നരും ഉല്പതിഷ്ണുക്കളുമായ ഒരു കൂട്ടം തദ്ദേശവാസികളുടെ നടുവിലേക്കാണ്. സന്തോഷിനെ ചിലർക്ക് പരിചയം ഉള്ളതുകൊണ്ട് 'അയ്യോ പാവം. എത്ര നല്ല ചെറുപ്പക്കാരൻ,..ഗതി ഇങ്ങനെയായല്ലോ..' എന്നൊക്കെ ഒന്ന് രണ്ടു സഹതാപ മെഡലുകൾ തലപൊക്കിയെങ്കിലും മുഴുക്കുടിയൻ, ഊരുതെണ്ടി, തള്ളയെ തല്ലി, വായിനോക്കി, ഭൂലോക വേസ്റ്റ്, തല്ലുകൊള്ളി എന്നിങ്ങനെ സുനിക്കുട്ടന് ലഭ്യമായ വ്യത്യസ്തവും വിശിഷ്ടവുമായ ജനകീയ അവാർഡുകൾക്കിടയിൽ അവ നിറം മങ്ങിപ്പോയി.
മദ്യം മാത്രം ഭക്ഷിച്ചു ശുഷ്കിച്ച ആ ശരീരം ഇൻക്വസ്റ്റ് കഴിഞ്ഞു പോസ്റ്റുമോർട്ടത്തിന് ആംബുലൻസിൽ കയറ്റുമ്പോൾ കൂടെ പോവാൻ ബന്ധുക്കൾ ചിലർ മുന്നോട്ടുവന്നെങ്കിലും അളിയന്മാർ മൂവരും എല്ലാരേയും തടഞ്ഞു ആ ഉത്തരവാദിത്തം സ്വമേധയാ ഏറ്റെടുത്തു. സന്തോഷും മഹേഷും ആംബുലൻസിലും, അനിയൻ രതീഷ് സ്വന്തം കാറിലും മൃതദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ്  മോർച്ചറിയിലേക്ക് അനുഗമിച്ചു. 

ഇനിയെന്താണ്  പ്ലാൻ?
സമയം ഉച്ചയോടടുക്കുന്നു. മോർച്ചറിക്കു പുറത്തു കാത്ത് നില്ക്കാൻ തുടങ്ങിയിട്ടു ഏറെ നേരമായി. പുറത്തെ ലാബിലേക്ക് സാംപിളുമായി പോയി മടങ്ങിയെത്തിയപ്പോ മുതലുള്ള നിൽപ്പാണ്.
നമുക്കൊരോ ബോഞ്ചു വെള്ളം കാച്ചിയാലോ?
മൂവരും പരസ്പരം നോക്കി. 

സുനിക്കുട്ടൻ്റെ ആത്മാവിൻ്റെ നിത്യ ശാന്തിക്ക്...
അല്പം അകലെയുള്ള ബാറിൻ്റെ സുഖ ശീതളിമയിൽ അലിഞ്ഞിരുന്ന് നിശ്ശബ്ദമായി ഗ്ലാസ്സുകൾ മുട്ടിച്ചു, ഒരു പെഗ്ഗിലേക്കു ഊളിയിട്ടു മഹേഷ് പറഞ്ഞു.
ഒരിക്ക ആത്മഹത്യക്ക് ശ്രമിച്ചു പരാജയപ്പെട്ടാ, പിന്നെ ചെയ്യൂല എന്നല്ലേയണ്ണാ പൊതുവെ  പറയണത്? പിന്നെ ഈ സുനിയണ്ണൻ എങ്ങനെ ഇത്രോം പ്രാവശ്യം?
അനിയൻ രതീഷിൻ്റെ ചോദ്യം മഹേഷിനു രസിച്ചില്ല. 
എടാ, നീയവന സ്വബോധത്തോടെ എത്രപ്രാവശ്യോം കണ്ടിറ്റൊണ്ട്?  വെള്ളമടിച്ചാ അവൻ വേറെ ആളാ. അപ്പൊ തോന്നുന്നത് ചെയ്യും. ഒടുവിലെന്താ, സക്‌സസ് ആയി. അളിയൻ്റെ ടൈം എത്തീന്നു കരുത്യാ മതി.

കുടിച്ചു കുടിച്ചു കൂമ്പു വാടി ചാവുമെന്നാ ഞാൻ വിചാരിച്ചിരുന്നത്... സന്തോഷ് ഒരു സിപ് കൂടി എടുത്തു. സിഗരറ്റ് ഉണ്ടോടെ?

മറ്റവളെ ഓർത്തു നടന്നിട്ടല്ലേ...
മഹേഷ് സിഗററ്റിനൊപ്പം ചരിത്രത്തിൻ്റെ തുമ്പു കൂടി കൂടിനു പുറത്തേക്കിട്ടു..
പഴയ കഥ, പറഞ്ഞോണ്ടു വല്യ കാര്യോന്നുല്ല. എല്ലാർക്കും പടിക്കണ കാലത്തു പറ്റണ പോലെ ഇവനും പറ്റി, പക്ഷെ റിക്കവർ ആവാൻ പറ്റീല..
കറക്റ്റ്. ഞാനും കണ്ടതാണളിയാ. 
സന്തോഷ് പറഞ്ഞു. 
ഒരു സൂപ്പറ്  സാധനം...ചിരിക്കുമ്പോ നുണക്കുഴിയൊക്കെ വിടരും, ഹൌ.... അതൊക്കെ കണ്ടാ, അളിയന്റെ  തലയിൽ പാഠഭാഗങ്ങൾ നിൽക്കുമോ. പരീക്ഷയെഴുതാതെ അളിയൻ ഡിഗ്രി പൊട്ടുന്നു, അവള് വേറെ കോളേജിലേക്കും പോകുന്നു. പിന്നീട് ഒരു AC മെക്കാനിക്കായി ജീവിതംമെല്ലെ പൊക്കിയെടുത്തു വരുമ്പളാണ് അവള് എവനിട്ടു പണി കൊടുക്കുന്നത്...

അണ്ണാ, ഞാനും കേട്ടിട്ടൊണ്ട്. കപ്പല് വേറൊരു വൻകരയിലേക്കു അടുത്ത് അല്ലെ. പഴയ ഊ---പ്പോയ കഥ തന്നെ.
തന്നെടെ. പക്ഷെ, ഇത്രയും കാലം...ആയുസ്സിൻ്റെ ബാക്കി പകതീം കൂടി ഈ മൈ--ൻ  എന്തിനു നെഞ്ച് നീറ്റി? 
 മഹേഷിനു അരിശം വന്നു.
അത് കള്ളു നീറ്റിയതാടെ... സന്തോഷിൻ്റെ നാവു കുഴയുന്നുണ്ട്.
അവൻ്റെ ശരീരം മുഴുവൻ ആൽക്കഹോളാണ്  ..ചിത കണ്ടാമതി പുല്ല് കത്തിപ്പോവാൻ!
...എന്നാ നമ്മളും കത്തും അണ്ണാ...
മഹേഷ് അനിയനെ നോക്കി.
പോടാ..ഇതിൻ്റെടേലു ഒരുമാതിരി മറ്റേ വർത്താനം പറയരുത്.  അവൻ പെടുക്കുന്നത് വരെ കള്ളാണെടാ. കാര്യം ഞാനാണ് അവനെ കുടിക്കാൻ പഠിപ്പിച്ചതെങ്കിലും ഒടുക്കം അവൻ എൻ്റെ കുരുവായി മാറിയതറിയതും  നിനക്കറിയാമല്ല്...
"ആ.. എനിക്കറിയാം. അണ്ണനല്ലേ എന്നേം പഠിപ്പിച്ചത്! രാശിയുള്ള കൈയാണ്, ഇതു വര മൊടക്കോന്നുമുണ്ടായില്ലേയ്! 
രതീഷ് ചിരിച്ചു..
"ഉം... പക്ഷെ, ആ പെണ്ണിനെ ഓർത്ത് ഭ്രാന്തനായി ജീവിതം തൊലയണ്ടാന്നു കരുതിയാ കുടി തുടങ്ങിച്ചത്‌. എന്നാൽ രണ്ടെണ്ണം അടിക്കുമ്പോ സ്വന്തോം ബന്ധോമൊക്കെ മറന്നു പോകുമെന്നു വച്ചാല്... ആ തെണ്ടി, ഒരൂസം എന്നെ തല്ലാൻ കോളറില് പിടിച്ചത് നീ മറന്നു പോയാ...
ഹ ..അത് അണ്ണൻ ഒരു വിസ സംഘടിപ്പിച്ചു കൊടുക്കാം എന്ന് പറഞ്ഞു പറ്റിച്ചിട്ടല്ലേ..
പോടാർക്കാ, കാര്യങ്ങള് അറിയാതെ ചുമ്മാ നീയുങ്കൂടെ  അപകീർത്തിപ്പെടുത്തല്ലേ... ഇരുപത്തിനാലു മണിക്കൂറും കള്ളും കുടിച്ചു നാട്ടാരുടെ തല്ലും കൊണ്ട് നടക്കുന്നോനൊക്കെ എങ്ങനാടാ...

അത് പറഞ്ഞപ്പഴാ, ഇനി അവനെങ്ങാനും ആരുടെയെങ്കിലും നെഞ്ചത്ത് ചെന്ന് കേറി കാണുമോ?
പെട്ടെന്ന് സന്തോഷ് ചോദിച്ചു.
ഏയ്.. അതൊക്കെ പോലീസ് നോക്കും. അല്ലങ്കി  പോസ്റ്റ് മാർട്ടം റിപ്പോർട്ടില് വരുമല്ലോ...
പറഞ്ഞയുടൻ മൂവരുടെയും ചിന്തകൾ പാഞ്ഞത് മോർച്ചറിയിലേക്കാണ്....
സമയമെന്തായി?
രണ്ടര കഴിഞ്ഞല്ലോ...
നമ്മളോട് എപ്പോഴാ ചെല്ലാൻ പറഞ്ഞത്?
ആരും ഒന്നും പറഞ്ഞില്ലല്ലോ?
വേഗം പോയി നോക്കാം, എല്ലാം കഴിഞ്ഞു കാണും. ഈശ്വരാ, നമ്മുടെ സുനിക്കുട്ടൻ...
മോർച്ചറിയുടെ മുന്നിലെത്തുമ്പോൾ ആകാശം മേഘാവൃതമായി കാണുകയും മോർച്ചറിയുടെ പിന്നിലൂടെ ഒരു ദിവ്യപ്രഭ ഉയർന്ന് മേഘപാളിയിൽ ലയിക്കുന്നതായും മഹേഷിനു തോന്നി. അതിനു സുനിക്കുട്ടൻ്റെ രൂപമായിരുന്നു. 
നീയത് കണ്ടാ?..... അവൻ വെപ്രാളത്തിൽ അനിയനെ തോണ്ടി.
ഓ ... കണ്ടു. ദാണ്ടെ, ബോഡീല്  വണ്ടി കേറ്റണ്...
ങേ....?
വണ്ടീല് ബോഡി കേറ്റണ്ന്ന്‌...
ഞങ്ങള് വരണത് വരെ ഒരു രണ്ടു മിനിട്ടു വെയിറ്റ് ചെയ്താ ആകാശം ഇടിഞ്ഞു വീഴുമോന്നു അവിടെ കണ്ട ഒന്ന് രണ്ടു പേരോട് സന്തോഷ് ചോദിച്ചെങ്കിലും ഉത്തരം കിട്ടാത്തതിനാൽ മഹേഷിനെയും കൂട്ടി നേരെപോയി ആംബുലൻസിൻ്റെ പിന്നിൽ  കയറിയിരുന്നു. തുന്നിക്കെട്ടി വെള്ള പുതപ്പിച്ചു  കിടത്തിയ മൃതശരീരത്തിൻ്റെ തലക്കൽ രണ്ടുപേർ നേരത്തെ സ്ഥാനം പിടിച്ചിട്ടുണ്ടായിരുന്നു. അവരിൽ ഒരാൾ, ഇടയ്ക്കിടെ കണ്ണീർ തുടയ്ക്കുന്നതു കണ്ടു മഹേഷിനും കരച്ചിൽ വന്നു. അവൻ സന്തോഷിൻ്റെ തോളിൽ മുഖമമർത്തി വിതുമ്മി. എന്തൊക്കെ പറഞ്ഞാലും ഇവൻ നമ്മുടെ ചോരയല്ലേടാ...
ആംബുലൻസ് മറ്റൊരു റോഡിലേക്ക് തിരിയുന്നത് ശ്രദ്ധിച്ചത് രതീഷാണ്. പിന്നാലെ കാറിൽ വന്നുകൊണ്ടിരുന്ന  അവൻ ഉച്ചത്തിൽ ഹോൺ മുഴക്കിയെങ്കിലും, തഴക്കം  വന്ന ഒരു ആംബുലൻസ് ഡ്രൈവറും അത്ര പെട്ടെന്ന് സൈഡ് കൊടുക്കുകയോ നിർത്തുകയോ ചെയ്യില്ലെന്നറിയാമായിരുന്നതു കൊണ്ട് അതിനെ മെല്ലെ പിന്തുടരാനെ അവനു നിവൃത്തിയുണ്ടായിരുന്നുള്ളൂ.... മൃതദേഹത്തോട് ഉരുമ്മിയിരുന്നു സങ്കടപ്പെട്ടുകൊണ്ടിരുന്ന അളിയന്മാരിലേക്കു ബാഹ്യമായ പ്രശ്നങ്ങൾ എത്തിയതുമില്ല.
വീടെത്തി, ആംബുലൻസിൽ നിന്ന് മൃതദേഹം പുറത്തിറക്കുന്നതിൽ ബദ്ധശ്രദ്ധരായ ചേട്ടന്മാരെ പിന്നിലൂടെവന്നു തോണ്ടി വിളിച്ചു രതീഷ് കാര്യം പറഞ്ഞു. അനുഗമിച്ചതും തൊട്ടു തലോടിയതും മറ്റേതോ ശവത്തെയാണ്.  ജാള്യതയാൽ വിളറിയ മുഖവുമായി ജനക്കൂട്ടത്തിൽ നിന്നൂർന്നു ഒരു വിധം റോഡെത്തി, ശ്വാസം കഴിച്ചു.
ശ്ശേ.നാണക്കേടായി...
ഇനിയെന്തരു ചെയ്യും? വീണ്ടും മോർച്ചറിയിലേക്കു പോണാ?
സന്തോഷ് ചോദിച്ചു.
ഇപ്പ സമയം അഞ്ചാവണ്... മെഡിക്കൽകോളേജിലേക്കു പോയാ  വീണ്ടും ഒന്നൊന്നര മണിക്കൂറ് പോവും. നേരെ വീട്ടിപ്പോണെങ്കി ഒരു മണിക്കൂറില് എത്തും.
രതീഷ് പറഞ്ഞു. നമ്മുടെ അശ്രദ്ധേണ്, വിനയായത്...
അപ്പഴ് ബോഡി ആര് കൊണ്ട് വരും?
ഒരു മിനിറ്റെ ...
സന്തോഷ് മാറി നിന്ന് ആരെയോ വിളിക്കുകയാണ്.
 ബുദ്ധി വേണമെടെ , ബുദ്ധി.
സന്തോഷ് തിരിഞ്ഞു മഹേഷിനോടും അനിയനോടുമായി പറഞ്ഞു. ഓജസ്സ് ബാറിലെ പയ്യനേണ്  വിളിച്ചത്. അവന് നാട്ടിലെ എല്ലാ കുടിയന്മാരുമായിട്ടു നല്ല ആത്മബന്ധമൊള്ളോണ്ട് വിശ്വസിച്ചു വിളിക്കാം...പേടിക്കാനൊന്നുമില്ല, ബോഡി കൊണ്ട് വന്നു, ദഹിപ്പിക്കാൻ എടുത്തപ്പഴാ അവൻ മടങ്ങിയതത്രെ. ഒറ്റ മണിക്കൂറേ ആയിട്ടൊള്ളൂ . ഇനി കൊണ്ട് പോയത് ആര് എന്ന് മാത്രം അറിഞ്ഞാൽ മതി.

വാ വണ്ടിയെടുക്ക്...

മരണവീടിനോടു അടുക്കുമ്പോഴേ ചിതയിൽ നിന്നുയരുന്ന പുക കാണാമായിരുന്നു. വീട്ടിലേക്കുള്ള വഴിയിൽ ചിലർ സ്വകാര്യം പറഞ്ഞു നിൽപ്പുണ്ട്. ട്യൂബുലൈറ്റ് മിന്നിച്ചു പരിശോധിച്ച് നിന്ന പരിചയക്കാരൻ പയ്യൻ സന്തോഷിനെ കണ്ടു ചിരിച്ചു. അണ്ണാ, നിങ്ങള് ഇപ്പഴാണ വരണത്?
 സന്തോഷ് അവനെ അവഗണിച്ചു മുറ്റത്തേക്ക് നടന്നു. രതീഷും മഹേഷും നേരത്തെ അവിടുണ്ടായിരുന്നവരെപ്പോലെ തിടുക്കമില്ലാതെ അവനെ പിന്തുടർന്നു... മുറ്റത്തിൻ്റെ അതിരുകളിൽ വലിച്ചു കെട്ടിയ നീല ടാർപ്പോളിൻ്റെ കീഴിലെ ഇരുട്ട് പന്തലിട്ടയിടങ്ങളിൽ, ഗൂഢ ചർച്ചകളിൽ മുഴുകി ഒരു കൂട്ടം കസേരകൾ തോളിൽ കൈയിട്ടിരിപ്പുണ്ട്. കൂട്ടം തെറ്റിയ ചില കസേരകൾ എപ്പോഴെങ്കിലും വന്നെത്തിയേക്കാവുന്ന കട്ടൻ ചായയിൽ അമിത പ്രതീക്ഷ പുലർത്തി ചടഞ്ഞിരിക്കുന്നു... 
അളിയന്മാർ ചിത കത്തുന്നയിടത്തേക്കു നടക്കുമ്പോൾ പരസ്പരം ചോദിച്ചു, ആരായിരിക്കും ബോഡി കൊണ്ട് വന്നത് ? 

ചിതയ്ക്കരികിൽ ദഹന മേൽനോട്ടക്കാരായ രണ്ടു പേരെകൂടാതെ രണ്ടുമൂന്നു നരച്ച തലകളും കൂടി ഉണ്ടായിരുന്നു. ഒരു നരച്ച തല സന്തോഷിൻ്റെ നേരെ തിരിഞ്ഞ് 'നിന്നെ ഇവിടെയെങ്ങും കണ്ടില്ലല്ലോ' എന്ന് വീശിയചോദ്യത്തിനെ, 'ഞാൻ വല്യച്ഛൻ്റെ പിറകിൽ ഉണ്ടായിരുന്നു, ഞാൻ കണ്ടല്ലോ' എന്ന് ഗുലാൻ കൊണ്ടു വെട്ടി സന്തോഷും മറ്റു അളിയന്മാരും എരിയുന്ന തീയുടെ മറു വശത്തു പോയി നിന്നു. കുറ്റബോധമോ ചമ്മലോ എന്ന് തിരിച്ചറിയാത്ത എന്തോ ഒന്ന് നെറുയിൽ  കയറിയിരുന്ന ഭാരമൊഴിച്ചാൽ വേറെ ശാരീരിക ലക്ഷണക്കേടൊന്നും മൂവരിലും കാണാനുണ്ടായിരുന്നില്ല.
പൊട്ടണ ഒച്ച കേട്ട? ഇടുപ്പാണ്... തടിച്ച ശരീരമുള്ള ഒരാൾ അവരുടെ പിന്നിൽ നിന്നും അഗ്നിചൂടിനരികിലേക്ക് വന്നു. ഒരു ചുവന്ന കീറപ്പട്ട് മുണ്ടിനു മീതെ കെട്ടിയിട്ടുണ്ട്. .അയാൾ കൈയിലിരുന്ന ശൂലാകൃതിയുള്ള ഇരുമ്പു ദണ്ഡിനെ  ചിതയുടെ മദ്ധ്യത്തിലായി കുത്തി. 
കണ്ടാ...ഇപ്പഴാണ് കെട്ട് പൊട്ടിയത്... 
ദഹിച്ചൊടുങ്ങുന്ന ശരീരഭാഗങ്ങളിലേക്കു തുറിച്ച അയാളുടെ  കണ്ണുകളിൽ തീ നാളങ്ങൾ.

മദ്യപാനികള ശരീരം വേഗം കത്തിപ്പോവുംന്ന് ചില മണ്ടൻ ധാരണകളൊണ്ട്.
അയാൾ കറപറ്റിയ പല്ലുകൾ കാട്ടി ചിരിച്ചു...അളിയന്മാർ പരസ്പരം നോക്കി.

ഇവിടെ ചെലര് പറയണ കേട്ടു ...അതൊക്കെ ചുമ്മാ. പക്ഷെ  ചെല ശരീരങ്ങള് ഒണ്ട്, വേഗത്തില് തീയില് ഉരുവാത്തത്. അങ്ങനത്തെ ഒന്നാണ് ദാ ഈ കെടക്കണത്... 
അളിയന്മാർ അയാള് പറയുന്നത് ശ്രദ്ധിച്ചു നിന്നു. പെട്ടെന്ന് കീഴടങ്ങാത്ത ശരീരം തീയോടു മത്സരിച്ചോണ്ടിരിക്കും. ഈയാളുടെ നെഞ്ചിൻകൂട് നിങ്ങള് ശ്രദ്ധിച്ചാ? കത്താത കെടക്കണ കണ്ടാ?  ഒടുങ്ങാത്ത പക ഒള്ളോർക്കും, ഹൃദയത്തില് ഭയങ്കര സ്‌നേഹം ഒള്ളോർക്കും അങ്ങനെയാണെന്ന് എൻ്റെ ഗുരുനാഥൻ പറഞ്ഞിറ്റൊണ്ട്... ഇയാള് അങ്ങനെ ഒള്ള ആള് തന്നെ? നിങ്ങള ആര്?
ബന്ധുവാണ്.. മഹേഷ് പറഞ്ഞു.
അപ്പ .. ഞാൻ പറഞ്ഞത് നേരു തന്നെ?
അതെ..സ്നേഹോള്ളവനാരുന്നു...
കണ്ട...കറക്ടായില്ലേ...അയാൾ സന്തോഷത്തോടെ എല്ലാവരെയും നോക്കി.
പിള്ളേ, സാധനം വലതും ഇരിപ്പൊണ്ടാ? അയാൾ പെട്ടെന്ന് മഹേഷിന് നേരെ തിരിഞ്ഞു.
മഹേഷ് രതീഷിനെ നോക്കി.
വണ്ടീല് അല്പം കാണും...
മതി. ഇച്ചിരെ ആയാലും മതി. അയാളുടെ ചിരിയിൽ കറയില്ലായിരുന്നു. രതീഷ് കാറിനടുത്തേക്ക് പോയി.
ചെലര് മണ്ണെണ്ണെ, പെട്രോളോ ഒക്കെ പ്രയോഗിച്ചു കളേം. എന്നാ, ഈ വിക്രമൻ ഒരിക്കലും അത് ചെയ്യൂല. നമ്മക്ക് നമ്മളെതായ ചെല നേരുകളും നെറികളും ഒക്ക ഒണ്ട്.
രതീഷ് മുക്കാലും ഒഴിഞ്ഞ കുപ്പിയുമായി വന്നു. അയാൾ അത് വാങ്ങി, മതിയെന്ന് തലകുലുക്കി കുപ്പിയുടെ  അടപ്പു തുറന്നു. ദ്രാവകം ബോഡിയുടെ നെഞ്ചിന് മേലെ കമിഴ്ത്തിയതും തീയാളി പടർന്നു.
ഇന്നിയെ നെഞ്ചു ഉരുവൊള്ളൂ... അയാൾ പറഞ്ഞു.
ലാസ്റ്റ് സിപ്...
പിന്തിരിയുമ്പോൾ സന്തോഷ് പിറുപിറുത്തു.

അളിയന്മാർ ചിതയെ എരിയാൻ അനുവദിച്ച്, ട്യൂബ് വെളിച്ചത്താൽ നഗ്നമാകാത്ത പുരയിടത്തിൻ്റെ മാറിലൂടെ  കാറിനടുത്തേക്ക് പോയി.
പ്രകാശൻ മാമൻ്റെ  മോൻ രാജേഷായിരിക്കും. രതീഷ് പറഞ്ഞു.
എന്ത്?
അല്ല, ബോഡി കൊണ്ട് വന്നതേ... അതിനെ സാധ്യത ഒള്ള്... പക്ഷെ ആ ചെറുക്കനോട് എങ്ങനെ ചോദിക്കും?
നീ അത് വിടടെ... സാധനം വണ്ടിയിലൊണ്ടോ?
 മഹേഷ് ചോദിച്ചു. രതീഷ് ഉണ്ടെന്നു പറഞ്ഞു.
തല പെരുക്കുന്നു... വാ ഓരോന്നടിക്കാം... 
മഹേഷ് ഡോർ തുറന്നു. 
മുറ്റത്തിരുന്ന വറീതും ശശിയണ്ണനും അപ്പോൾ വിളമ്പിയ ചൂടു കട്ടൻ ചായ ഊതി കുടിച്ച്‌ അടുത്ത വർത്തമാനത്തിലേക്കും കടന്നു...


ജ്യോതിഷ് വെമ്പായം 

13 October 2016

വെയിൽ മരങ്ങൾ

വെയിൽ മരങ്ങൾ
ജ്യോതിഷ്‌കുമാർ. സി.എസ്

ബൽബീർ സിങ്ങും മകൻ പരംജീതും ബട്ടിൻഡ റെയിൽവേ സ്റ്റെഷനു മുന്നിൽ ബസിറങ്ങുമ്പോൾ ഇന്ത്യൻ സമയം രാത്രി 8 മണി കഴിഞ്ഞിരുന്നു.  ബിക്കാനീറിനു പോകേണ്ട അബോഹാർ -ജോധ്പൂർ പാസഞ്ചർ പ്ലാട്ഫോമിൽ എത്തിച്ചേരുന്നതു 8.55 നു ആണ്. അതിനു ഇനിയും സമയമുണ്ട്. ടിക്കറ്റെടുത്തു വന്നപ്പോഴേക്കും കവാടത്തിനു മുന്നിൽ നല്ല തിരക്ക് അനുഭവപ്പെട്ടു. ബൽബീർ സിങ്ങിനു നടക്കാൻ പ്രയാസമുള്ളതിനാൽ പരംജീത്  പിതാവിനെ പ്ലാറ്റുഫോമിലേക്കുള്ള ചെറിയ സിമന്റു പടവുകൾ കയറാൻ സഹായിച്ചു. അതിൽ 67 കാരനായ ബൽബീർ സിങ്ങ് കുണ്ഠിതപ്പെടുകയും ചെയ്തു.
 " നിന്നെ സഹായിക്കാനാണല്ലോ മോനെ ഞാൻ കൂടെ വന്നത്..പക്ഷെ.."
"സാരമില്ല അച്ഛാ.... അതിനെനിക്ക് വയ്യായ്ക ഒന്നുമില്ലല്ലൊ.."
പടവുകൾ കയറി പ്ലാറ്റ്ഫോമിലൂടെ അവർ അല്പദൂരം നടന്നു. മറ്റൊരാൾ അനുതാപപൂർവ്വം നീങ്ങി നൽകിയ സിമൻറ്   ബെഞ്ചിൻ്റെ എളിയ ആർഭാടത്തിലേക്കു പിതാവിനെ ഇരിക്കാൻ വിട്ട്, പരംജീത് ബാഗ് നിലത്തു വച്ച് നടു നിവർത്തി. നിലത്താകെ ഗുൽമോഹർ പൂവുകൾ ചതഞ്ഞു ചിതറിക്കിടപ്പുണ്ട്. സ്റ്റേഷനിലെ സോഡിയം വേപ്പർ ലാമ്പുകളുടെ മഞ്ഞവെളിച്ചത്തിൽ പൂക്കളുടെ ചുവപ്പിനു പ്രസക്തി നഷ്ടപ്പെട്ടു പോയെന്നു പരംജീതിനു തോന്നി. മൊട്ടു വിരിഞ്ഞു പൂവാകും വരെയുള്ള ഹ്രസ്വമായ ജീവിത പന്ഥാവ്. ഞെട്ടറ്റു പോയാൽ പിന്നെ ആരുടെയോ കാൽപ്പാടുകൾക്കു താഴെ...മണ്ണോടു ചേർന്ന് ..

ട്രാക്ടറിൽ വന്നിറങ്ങിയ ഒരു സംഘം ഗ്രാമീണർ ടിക്കറ്റ് കൌണ്ടറിനു മുന്നിലേക്ക് ചെന്ന് നിന്ന് കലപില സംസാരിക്കാൻ തുടങ്ങി. അവരിൽ ചിലർ കൈയിലുള്ള ചോളപ്പൊരികൾ ചവച്ചുകൊണ്ടു  കൂട്ടത്തിലെ കണ്ണീർ തുടയ്ക്കുന്ന സ്ത്രീകളോട് ശാസനാ സ്വരത്തിൽ സംസാരിക്കുന്നതും കാണാമായിരുന്നു. ഇവരിൽ ആരൊക്കെയോ ബിക്കാനീറിൻ്റെ സന്തതികൾ ആവാൻ പോവുകയാണ്... ഒരു പക്ഷെ തന്നെപ്പോലെ പരീക്ഷണ വിജയമോ പരാജയമോ തേടി, ഭാഗ്യ നിര്ഭാഗ്യങ്ങളുടെ ഒരു ഉത്തരക്കടലാസിന് വേണ്ടി  പോവുകയായിരിക്കാം.

"നീയ് ഇരിക്ക് മോനെ.."
ബൽബീർ സിങ്ങിനു ഇരിപ്പുറച്ചിട്ടില്ല..അയാൾ സ്വയം ഞെരുങ്ങി മകന് ഇരിക്കാൻ സ്ഥലമുണ്ടാക്കുമ്പോൾ പരംജീത് തടഞ്ഞു.
 "വേണ്ട അച്ഛാ.. അച്ഛന്റെ മട്ടും ഭാവവും കണ്ടാൽ ഞാനെന്തോ വലിയ രോഗി ആണെന്ന് തോന്നുമല്ലോ.."
അയാളുടെ ചിരിയും പ്രസന്നതയും ബൽബീർ സിംഗിനെ കൂടുതൽ തളർത്തുകയാണ് ചെയ്തത്..
" ഇല്ല. മോനെ..നീ രോഗിയല്ല. ബാബയുടെ കാരുണ്യത്താൽ നിനക്ക് അസുഖം ഒന്നും വരില്ല. റിസൾട്ട് കിട്ടട്ടെ, എല്ലാ പ്രയാസങ്ങളും മാറും... നമ്മുടെ കുടുംബത്തെ ചൂഴ്‌ന്നു നില്ക്കുന്ന ദുരിതമൊക്കെ അവസാനിച്ചു മോനെ...എല്ലാം ശരിയാവും."
അയാൾ അല്പസമയം മിണ്ടാതിരുന്നു.
 "നമുക്ക് പോയി റൊട്ടിയും ദാൽ മഖാനിയും കഴിച്ചാലോ? നിനക്ക് വിശക്കുന്നുണ്ടാവും..." പരംജീത് അച്ഛനെ തടഞ്ഞു.
"നമ്മൾ ബസ് കയറുന്നതിനു അരമണിക്കൂർ  മുമ്പല്ലേ കഴിച്ചത്? അച്ഛനെന്താ മറന്നു പോയോ"
എന്ന് അയാൾ അത്ഭുതപ്പെടുകയും ചെയ്തു.
"ശരിയാ..ഞാൻ മറന്നു."
ബൽബീർ സിങ്ങ് തലയാട്ടിക്കൊണ്ട് ഒരു ദീർഘനിശ്വാസത്തോടെ മകന്റെ മുഖത്തുനിന്നും കണ്ണുകൾ പിൻവലിച്ചു.
മകൻ മെലിഞ്ഞു പോയിരിക്കുന്നു. അവൻ്റെ ഭംഗിയുള്ള ചെമ്പൻ കണ്ണുകൾ വെളിച്ചം കെട്ടു കുണ്ടിലാണ്ട് പോയി.. കഴിഞ്ഞ കുറെ നാളുകളായുള്ള  ചിന്താഭാരം അവനെ നന്നായി ഉലച്ചിട്ടുണ്ട്. ഇളം പ്രായമാണ്,  ജീവിത വ്യായാമത്തിലെ പ്രാഥമിക പാഠങ്ങൾ പഠിക്കുന്നതേയുള്ളൂ. ആശുപത്രിയിലെ പരിശോധനയും കഴിഞ്ഞു മടങ്ങി വന്നാലുടൻ ആ ബർബീത് സിംഗിൻ്റെ മകളുടെ ആലോചന അങ്ങ് ഉറപ്പിക്കണം. ഭഗവാൻ, അവിടുന്ന് ഞങ്ങളെ പരീക്ഷിക്കരുതേ...അവനു ഒരു കുഴപ്പവും വരുത്തരുതെ..

അതെ ചിന്തകളിലൂടെ ആണ് അപ്പോൾ പരംജീതും കടന്നു പൊയ്ക്കൊണ്ടിരുന്നത്. ഈയിടെയായി സംസാരം മുറിയുമ്പോഴെല്ലാം അയാൾ ചിന്തകളിലേക്ക് വഴുതിപ്പോകും. വാസ്തവത്തിൽ 'ദൂജി' യെ ഭയന്നു തന്നെയാണ്  അച്ഛൻ ചെയ്തിരുന്ന പരുത്തി കൃഷി വിട്ടു  കുറച്ചു ദൂരെയുള്ള ഇഷ്ടികക്കളത്തിലെ ജോലി സ്വീകരിച്ചത്. രണ്ടു മാസങ്ങൾക്ക് മുൻപ് ദേശത്ത് സർവേയ്ക്കു വന്ന ഒരു മെഡിക്കൽ സംഘത്തിലെ ഡോക്ടർക്ക്  തോന്നിയ ഒരു സംശയം. ശരീരത്തിലെ ചുവന്ന പാടുകൾ ഒരുപക്ഷെ വിനാശകാരിയായ ആ രോഗത്തിൻ്റെ ലക്ഷണങ്ങൾ ആയേക്കാമെന്ന മുന്നറിയിപ്പ്. ഭയപ്പെടനാണെങ്കിൽ നാല് വര്ഷങ്ങള്ക്ക് മുൻപ് നഷ്ടമായ അമ്മാവന്റെ കഥ തന്നെ ധാരാളമാണല്ലോ. സർവെക്കാരുടെ വാക്കുകൾ പിതാവിനെയും മാതാവിനെയും ഉലച്ചു. ഏക മകൻ. കുടുംബത്തിന്റെ ഏക പ്രതീക്ഷയും. അങ്ങനെ  അച്ഛന്റെ പിടിവാശിക്ക്‌ കീഴടങ്ങിയാണ്  കഴിഞ്ഞ മാസം ബിക്കാനീറിലെ ആചാര്യ തുളസി റീജിയണൽ കാൻസർ സെന്ററിൽ വന്നു  സാമ്പിൾ നല്കി മടങ്ങിയത്. ആ സംശയത്തിന്റെ നിവാരണമാണ്, അതിന്റെ സാക്ഷ്യപത്രം നേടാനാണ്  ഈ യാത്ര. ഭയപ്പെടനൊന്നും ഉണ്ടാവില്ലെന്ന് ഉള്ള് പറഞ്ഞെങ്കിലും വളർന്നു കൊണ്ടിരിക്കുന്ന  അകാരണമായൊരു ആധി തീച്ചൂളയിലെ മൺകട്ടകളെ പോലെ മനസിനെ വേവിച്ചു കൊണ്ടേയിരിക്കുന്നു.

അവൻ്റെ ചിന്തകളിൽ എവിടെയോ ഇടറിയ കുഞ്ഞു മണിനാദം മുഴക്കികൊണ്ട് രണ്ടു വെളുത്ത പാദങ്ങൾ മുന്നിലൂടെ കടന്നു പോയി. തിളക്കമുള്ള പാദസരങ്ങൾ. അവൻ നിലത്തു നിന്ന് കണ്ണുകളെ പിന്‍വലിച്ച് ആ പാദസരങ്ങളുടെ ഉടമയെ നോക്കി. ഓറഞ്ചിൽ മഞ്ഞപൂക്കൾ പ്രിൻറ് ചെയ്ത സൽവാർ കമ്മീസിൽ, പഴുത്ത ഗോതമ്പ് കതിർ പോലെ മെലിഞ്ഞ ഒരു പെണ്‍കുട്ടി. അവളുടെ തലമൂടിയ മഞ്ഞ ദുപ്പട്ട, മുഖം മുക്കാലും മറച്ചു. എന്നിട്ടും, ഇലകൾക്കിടയിൽ പെട്ടുപോയ സൂര്യകാന്തിപ്പൂവിനെപ്പോലെ അവളുടെ മുഖകാന്തി ഒരു കൊച്ചു കാറ്റിനാൽ നിഴലിൽ നിന്ന്  വെളിപ്പെട്ടു. അവൾ എതിരെയുള്ള ബഞ്ചിൽ ചെന്നിരുന്നു കൈയിലുള്ള പൊതിയഴിച്ചു റൊട്ടി പുറത്തെടുത്തു. അപ്പോഴാണ്‌ പരംജീത് അവൾക്കടുത്തായി ബഞ്ചിലിരിക്കുന്ന മധ്യവയസ്കനെ ശ്രദ്ധിച്ചത്. അവളുടെ പിതാവായിരിക്കും. രോഗിയായ അയാളെ അനുഗമിക്കുകയായിരിക്കും, ഈ പെൺകുട്ടി. അവൾ റൊട്ടി കറിയിൽ ഒന്നമർത്തി വായിൽ വച്ചുകൊടുക്കാൻ ശ്രമിക്കുമ്പോൾ ആ മനുഷ്യൻ  സ്നേഹപൂർവ്വം നിരസിച്ചു  റൊട്ടി മുഴുവനായും കൈയിൽ വാങ്ങി. അവൾ പരിഭവത്തോടെ തല തിരിക്കുമ്പോൾ കാണുന്നത് തന്നെ ഉറ്റുനോക്കിയിരിക്കുന്ന പരംജീതിനെയാണ്. ആദ്യം ദൃഷ്ടി മാറ്റിയെങ്കിലും, പെട്ടെന്ന് വീണ്ടും തിരിഞ്ഞു നോക്കി. കണ്ണുകളിൽ ഒരു ചോദ്യഭാവം. അവൻ സങ്കോചത്തോടെ വേഗം തൻ്റെ കണ്ണുകളെ പിൻവലിച്ച്, ട്രെയിൻ വരേണ്ട ദിശയിൽ സ്ഥാപിച്ചു. ദൂരെ ഒരു ചുവന്ന പൊട്ടു വെളിച്ചം കാണുന്നുണ്ടോ?

കാൻസർ ട്രെയിൻ എന്ന് കുപ്രസിദ്ധി നേടിയ അബോഹർ പാസഞ്ചർ  കൃത്യസമയത്തു തന്നെ പ്ലാറ്റ്ഫോമിൽ എത്തിച്ചേർന്നു. കാത്തിരിന്നു  അക്ഷമരായ യാത്രക്കാർ തിക്കിത്തിരക്കി ഉള്ളിലേക്ക് കയറി. ട്രെയിനിലേക്ക് കയറാൻ പരംജീതിനു ബൽബീർ സിംഗിൻ്റെ ഗാഢാശ്ലേഷം നിർബന്ധപൂർവം വിടുവിക്കേണ്ടി വന്നു. അച്ഛനോട് സമാധാനമായി മടങ്ങിക്കൊള്ളാൻ പറഞ്ഞു അവൻ തീവണ്ടിയിലെ തിരക്കിലേക്ക് നൂണ്ട് കയറി. ഭാഗ്യം അയാൾക്ക് ഒരു ഒഴിഞ്ഞ ഇരിപ്പിടം ബാക്കി വച്ചിരുന്നു.
മേലെ ബാഗ്  വച്ച്  തിരിയുമ്പോഴാണ്  എതിർവശത്തു സീറ്റിൽ ആ, മഞ്ഞ ദുപ്പട്ടകാരിയെയും അവളുടെ അച്ഛനെയും കണ്ടത്. അവർ നേരത്തെ തന്നെ സീറ്റു തരപ്പെടുത്തിയിരിക്കുന്നു...അവൻ അവളെ നോക്കി ചിരിച്ചു. അവളുടെ കണ്ണിലെ സൂചിമുന വീണ്ടും അവൻ്റെ കണ്ണുകളെ പിൻവലിയാൻ പ്രേരിപ്പിച്ചു. പക്ഷെ പിന്നെയും നോക്കാൻ തോന്നും വിധം എന്തോ കാന്തികശക്തിയുണ്ട് ആ കണ്ണുകൾക്ക്...തീർച്ച. പിന്നീടും പല തവണ അവൻ്റെ കണ്ണുകൾക്ക് തോറ്റു മടങ്ങേണ്ടി വന്നു. പക്ഷേ ആ തോൽവികൾ അവനറിയാതെ അവൾ ആസ്വദിക്കുന്നുണ്ടായിരുന്നു.

സീറ്റുകളിൽ എല്ലാം യാത്രക്കാർ ഇടം പിടിച്ചു കഴിഞ്ഞു. ചിലർ നിലത്തു തുണി വിരിച്ചു അതിൽ ചാഞ്ഞു കിടക്കുകയോ ഇരിക്കുകയേ ചെയ്തു. പകുതിയിലേറെയും രോഗികളാണ്. ബാക്കി തുണയായി പോകുന്നവരും. ജനറൽ കമ്പാർട്ടുമെൻ്റിലെ യാത്രക്കാരുടെ ആധിക്യം പലപ്പോഴും രോഗത്തെക്കാൾ ദുഷ്കരമായ ഒരു യാത്രാനുഭവം ആയിരിക്കും നൽകുക.
ചൂളം വിളി മുഴങ്ങി. ട്രെയിനിന്റെ ഉരുക്കുചക്രങ്ങൾ പാളത്തിലൂടെ മെല്ലെ ഉരസിനീങ്ങാൻ തുടങ്ങി.
 പെട്ടെന്ന് അച്ഛൻ ജാലകത്തിനടുത്തേക്കു വന്നു ഒപ്പം നടന്നു. ആ കണ്ണുകളിൽ നനവിന്റെ പ്രതിഫലനം. പിതാവിനെ ആശ്വസിപ്പിക്കാൻ അവൻ കൈ വീശി, തൻ്റെ പതിവ് ചിരി ചിരിച്ചു, ആ ചിരിക്കു പക്ഷെ ആത്മവിശ്വാസം നഷ്ടമായിരുന്നു. ട്രെയിൻ മെല്ലെ വേഗം കൈവരിച്ചു...അച്ഛൻ അകന്നു പോയി. പരുത്തിപ്പാടങ്ങളും ഇരുണ്ട മാമരങ്ങളും പിന്നോട്ടോടി മറഞ്ഞു... രാത്രി കരിമ്പടം വിരിച്ച കൃഷി ഭൂമിയുടെ മാറിൽ, നെടുകെ വരഞ്ഞ കൃപാണിൻ്റെ തിളക്കം പോലെ പ്രതീക്ഷയുടെ രാത്രി വിളക്കുകളുമായി ആ കാൻസർ ട്രെയിൻ വയലുകൾക്കു നടുവിലൂടെ രാജസ്ഥാൻ്റെ മണൽ തിട്ടകൾ ലക്ഷ്യമാക്കി പാഞ്ഞു.

"നിങ്ങൾ ജയ് സിംഗ്‌വാല വില്ലേജിൽ നിന്നാണോ?"
അടുത്തിരുന്ന ചുവന്ന തലപ്പാവുധാരിയായ മധ്യവയസ്കനെ അപ്പോഴാണ് ശ്രദ്ധിച്ചത്. അയാളുടെ ഒരു കണ്ണ് നഷ്ടപ്പെട്ടിരുന്നു.
"അല്ല.  മിയാൻ. പക്ഷെ അല്പം കിഴക്കാണ്‌."
പരംജിത്  മെല്ലെ പറഞ്ഞു.
"ബിക്കാനീറിലേക്കാ?"
"അതെ."
"നിങ്ങൾ ആദ്യമായിട്ടാണോ?"
" അല്ല. റിസൾട്ടിനു വേണ്ടിയാണ് ... "
" ഓ ... അതിലൊന്നും കാര്യമില്ല ...  വീട്ടിൽ ആർക്കൊക്കെ അസുഖം ഉണ്ട്? "
അവൻ ഒന്നും മിണ്ടാതെ മറുവശത്തേക്കു തല തിരിച്ചു.
മറുപടി കിട്ടാതെ വന്നപ്പോൾ അയാൾ എതിർ വശത്തിരിക്കുന്നവരുമായി സംഭാഷണം ആരംഭിച്ചു. അയാളുടെ ചോദ്യങ്ങൾക്കു പെൺകുട്ടി ശാന്തതയോടെ മറുപടി പറഞ്ഞു. ചിലപ്പോൾ അവളുടെ അച്ഛനും.
പരംജിത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ അച്ഛനും മകളും ജൂംബ വില്ലേജിൽ നിന്നുള്ളവരാണ്. അവളുടെ പേര് പരിണീത് കൗർ. അവരും ബിക്കാനീറിലേക്കു തന്നെ. അവളുടെ കൂസലില്ലായ്മ അവനെ ആകർഷിച്ചു. യൗവനത്തിന്റെ ആദ്യ നാളുകളിലേയ്ക്ക് കാലൂന്നിയിട്ടേ ഉണ്ടാവൂ.  അവൾ, വിവാഹിതയല്ല എന്നു  പറയുമ്പോൾ ആ മിഴികളാൽ തന്നെ ഒന്ന് കടാക്ഷിച്ചില്ലേ? പരംജിതിന് ചെറിയൊരു കുളിരനുഭവപ്പെട്ടു

"ഞാൻ എല്ലാ ആഴ്ചയും പോകുന്നുണ്ട്, എന്റെ ജീവിതം ഇപ്പൊ ഈ ട്രെയിൻ ആണ്"
പരംജിതിന് അടുത്തിരുന്ന ഒറ്റക്കണ്ണനായ മനുഷ്യൻ പറഞ്ഞു.
"വീട്ടിൽ എല്ലാർക്കും രോഗം ഉണ്ട്, ഇളയ മകൻ്റെ  6  വയസ്സുള്ള കുട്ടിക്കുവരെ. എന്തോ ശാപം കിട്ടിയ കുടുംബമാണ് എൻ്റെത്"

"ശാപം" പുച്ഛത്തോടെ ആ പെൺകുട്ടിയുടെ അച്ഛൻ ചിറി കോട്ടി.
"നമ്മൾ വരുത്തി വച്ച വിന. അതല്ലേ സത്യം? നിങ്ങൾ വാർത്തകൾ ഒന്നും കേൾക്കുന്നില്ലേ? കാർഷിക ഉൽപാദനത്തിൽ ഒന്നാം സ്ഥാനം നമ്മുടെ പഞ്ചാബിനായിരുന്നു; ഇപ്പൊ ദൂജിയുടെ കാര്യത്തിലും ഒന്നാം സ്ഥാനം നമുക്ക് തന്നെ. എന്തുകൊണ്ടാ?"
കാഴ്ചയിൽ അവശനായ ആ മനുഷ്യനിൽ ഇത്ര ആർജ്ജവം ആരും പ്രതീക്ഷിച്ചിരുന്നില്ല.

" അതിനു കാരണം ഇവിടത്തെ കൃഷിയിലെ കടുത്ത കീടനാശിനി പ്രയോഗവും രാസവളങ്ങളും അല്ലെ?" മറുപടി പറഞ്ഞത് അവർക്കടുത്തു സീറ്റിനരികിൽ ചാരി നിൽക്കുന്ന ഒരു ചെറുപ്പക്കാരനായിരുന്നു. അയാൾ പഞ്ചാബി ചുവയില്ലാത്ത ഹിന്ദിയിൽ ആണ് സംസാരിച്ചത്.
" ഭാജി, ഞാനും എല്ലാം ന്യൂസിൽ നിന്നും കേട്ടതാണ്. പിന്നെ ഇന്റർനെറ്റിൽ നിന്ന് കുറച്ചു ചരിത്രം വായിക്കുകയും ചെയ്തു..."

 ഒറ്റക്കണ്ണനായ മനുഷ്യന് അത് ഇഷ്ടപ്പെട്ടില്ല.
" ആരും ഒന്നും പഠിപ്പിച്ചു തന്നിട്ടല്ല ഞങ്ങൾ കർഷകർ ഇവിടെ കൃഷി ചെയ്യുന്നത്. ഏറ്റവും മികച്ച വിളവ്  കൊയ്യുന്നവനാണ് കർഷകൻ"

"അത് ശരിയായിരിക്കാം .. ഞാനൊരു കർഷകനൊന്നുമല്ല... കൃഷി രീതികളെ പറ്റി പഠിച്ചിട്ടുമില്ല. പക്ഷേ, ഈ അറിവില്ലായ്മ ആയിരിക്കണം നമ്മുടെ അന്തകൻ"
പെൺകുട്ടിയുടെ അച്ഛൻ ആ ചെറുപ്പക്കാരനെ നോക്കി.
"നിങ്ങൾ തെക്കു നിന്നാണോ?... "
"അതെ. കേരളം. ഇവിടെ തെർമൽ പ്ലാന്റിൽ കഴിഞ്ഞ 6 വർഷമായി ജോലി ചെയ്യുന്നു. ഇവിടത്തെ കാര്യങ്ങൾ കുറച്ചൊക്കെ എനിക്കും അറിയാം."
ആ ചെറുപ്പക്കാരൻ പറഞ്ഞു.
"അപ്പുറത്തെ സീറ്റിലിരിക്കുന്നഎന്റെ കൂട്ടുകാരനും അസുഖമുണ്ട് . ബന്ധുക്കൾ ആരുമില്ലാത്ത അവനു തുണ പോകുന്നത് ഞാനാണ്."

" കൃഷിയിലൂടെയാണ് ഈ രോഗം വന്നതു എന്നാണോ പറയുന്നത്? അങ്ങനെയെങ്കിൽ രാജ്യത്തിൽ എല്ലായിടത്തും കൃഷിയില്ലെ? അവിടെയൊക്കെ ഇതാണോ അവസ്ഥ?"
പരംജിത്തിനടുത്തിരിക്കുന്ന ചുവന്ന തലപ്പാവുകാരൻ വഴങ്ങുന്ന മട്ടില്ല.

"മാമാജി, കൃഷി അല്ല, മാറി വന്ന കൃഷി രീതികളാണ്."
ആ പെൺകുട്ടിയാണ് മറുപടി പറഞ്ഞത്. അവൾ മലയാളിയായ ചെറുപ്പക്കാരന് നേരെ തിരിഞ്ഞു,

"നിങ്ങളുടെ നാട്ടിലും ഇതുപോലെ കൃഷിയിടങ്ങളുണ്ട്. അവിടൊക്കെ രാസവളങ്ങളും മാരക ശേഷിയുള്ള കീടനാശിനികളും അടുത്ത കാലത്തായി അമിതമായി ഉപയോഗിക്കുന്നുമുണ്ട്. പക്ഷെ അതിൻ്റെ പരിണിത ഫലം കണ്ടുതുടങ്ങിയിട്ടേയുള്ളൂ...ഞങ്ങൾ നടന്ന അതെ വഴികൾ. മലിനമായ പുഴകളും ജലാശയങ്ങളും...കിണറുകളിൽ വിഷജലം. ഭക്ഷിക്കുന്നതോ, വിഷത്തിൽ മുക്കി കേടുവരാതെ സൂക്ഷിച്ച പഴവർഗ്ഗങ്ങൾ, ധാന്യങ്ങൾ, പച്ചക്കറികൾ. വൈകിയാണെങ്കിലും ചില ഭാഗത്തു ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള ബോധവൽക്കരണവും നടക്കുന്നുണ്ട്. പക്ഷെ  അവിടെയും പുഴുക്കുത്തേറ്റ ചിലർ ഈ വിഷത്തെ ജൈവ ഉൽപന്നം എന്ന രീതിയിൽ വിറ്റഴിച്ച് പണം നേടുന്നുണ്ട്. ശരിയല്ലേ? ഇക്കാര്യങ്ങൾ നിങ്ങളെക്കാൾ വേഗത്തിൽ ഞങ്ങൾക്ക് മനസിലാവും."
അവൾ എത്ര നന്നായി കാര്യങ്ങൾ പറയുന്നു! പരംജിത് ചുറ്റും നോക്കി. എല്ലാവരും ശ്രദ്ധിച്ചിരിക്കുകയാണ്.
"ശരിയാണ് ബഹൻജി ...അവസ്ഥകൾ ഏറെക്കുറെ സമാനമാവുകയാണ്...കാൻസർ രോഗികളുടെ എണ്ണം വര്ഷം തോറും കൂടിവരുന്നു." ആ ചെറുപ്പക്കാരന്റെ വാക്കുകളിൽ നിരാശ.
"പണ്ടീ ട്രെയിനിന്റെ പേര് ടി.ബി ട്രെയിൻ എന്നായിരുന്നു.' പിന്നിൽ ആരോ ഒരാളുടെ ശബ്ദം.
ക്ഷയരോഗികൾ കുറഞ്ഞപ്പോ കാൻസർ രോഗികൾ കൂടി... ട്രെയിൻ അതുതന്നെ, പേരുമാറിയെന്നു മാത്രം."
"നിങ്ങളുടെ നാട്ടിൽ കുറഞ്ഞ ചിലവിൽ നല്ല ചികിത്സ കിട്ടുമായിരിക്കാം. ഇവിടെ പഞ്ചാബിൽ അതിനുള്ള ആശുപത്രികൾ വിരളമാണ്"
മറ്റൊരാൾ പറഞ്ഞു.
"ഓ, ഇതൊക്കെ നമ്മുടെ വിധിയാണ്. നമ്മൾ തന്നെ അനുഭവിക്കുക. കുടുംബത്തിലെ ദോഷങ്ങൾ മറ്റൊരാളോട് പറയുന്നതേ തെറ്റാണു..."
ഒരു സ്ത്രീ പറഞ്ഞു.
പറയാതിരിക്കുന്നതിലെ തെറ്റെന്തെന്നു അവൾ ആ സ്ത്രീയ്ക്ക്  പറഞ്ഞു കൊടുക്കുമ്പോൾ അത് ശരിയാണെന്നു പരംജിതിനു തോന്നി. പറഞ്ഞിരുന്നെകിൽ ഒരുപക്ഷെ അമ്മാവനെ, അയൽവീട്ടിലെ ദീദിയെ ഒക്കെ  രക്ഷിക്കാൻ കഴിയുമായിരുന്നേനെ... എന്തുകൊണ്ടാണ് ഈ വ്യാധി ഒരു നാടിനെ ഒന്നാകെ വിഴുങ്ങുന്നത്? ആലോചിക്കുംതോറും കൂടുതൽ സങ്കീർണ്ണമാവുകയാണ്. കെട്ടുപിണഞ്ഞ ചിന്തകൾക്ക് നടുവിൽ ഏകനായിപ്പോകുന്ന പോലെ ... ഈ രാത്രിയൊന്നു പുലർന്നിരുന്നെങ്കിൽ...
ഇടയ്ക്കിടെ അയാളെ തേടി വരുന്ന നീണ്ട കൺമുനകളാണ് ഏക ആശ്വാസം.
 പക്ഷെ  അവളുടെ കണ്ണുകളിപ്പോൾ  ജാലകത്തിനു വെളിയിൽ, കട്ടപിടിച്ച ഇരുട്ടിനും മേലെ ഒപ്പം സഞ്ചരിക്കുന്ന നക്ഷത്രങ്ങളിലാണ്..
ഇങ്ങനെ നോക്കിയിരിക്കാൻ ഒരു സുഖമുണ്ട്. മനസുകൊണ്ട് അവൾക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ചു  അവനും നക്ഷത്രങ്ങളെ നോക്കിയിരുന്നു.
നക്ഷത്രങ്ങളേ ... നിങ്ങൾ ഈ ട്രെയിനിലെ സഞ്ചാരികളായ ആത്മാക്കളാണോ... എങ്കിൽ, ഈ ഇരുമ്പു ചുവരുകളെ സാക്ഷിയാക്കി നിങ്ങൾ പങ്കുവച്ചു പോയ സങ്കടങ്ങളെത്ര!  കണ്ട കിനാവുകളെത്ര! ഞാനും പോവുകയാണ്, ബിക്കാനീറിലേയ്ക്ക് . നിങ്ങൾ സഞ്ചരിച്ച അതേ പാതയിലൂടെ.. നിങ്ങളുടെയീ സ്‌മൃതി കുടീരത്തിലെ ഒരു യാത്രക്കാരനായി...



ഉറക്കമില്ലാത്ത ഒരു രാത്രിയുടെ അവസാനം രാജസ്ഥാൻ്റെ വരണ്ട മണ്ണിലേക്ക് രോഗാതുരരായ ഒരു കൂട്ടം മനുഷ്യരെ അവരുടെ വിധിക്കു വിട്ടു ആ പാസഞ്ചർ കട കട ശബ്ദത്തോടെ അടുത്ത സ്റ്റേഷൻ ലക്ഷ്യമാക്കി നീങ്ങി..
ബിക്കാനീർ! പുലരി വെളിച്ചം കടന്നു വരുന്നതോടെ തെരുവോരങ്ങൾ മെല്ലെ ആലസ്യത്തിൽ നിന്ന് ഉണരാൻ തുടങ്ങിയിരിക്കുന്നു. ചില പാതയോര ഭക്ഷണ കേന്ദ്രങ്ങളിൽ അപ്പോഴും തിരക്കുണ്ടായിരുന്നു. യാത്രക്കാരുടെ ഗ്രൂപ്പുകൾ ഭക്ഷണത്തിനും മറ്റുമായി പല ഇടങ്ങളിലേക്ക് പിരിഞ്ഞു.
ആചാര്യ തുളസി റീജിയണൽ കാൻസർ ട്രീറ്റ്‌മെന്റ് ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഇളം പിങ്ക് നിറമുള്ള കെട്ടിടത്തിലേക്ക് പരംജിത് നടക്കുമ്പോൾ നേരം നന്നായി പുലർന്നിരുന്നു. ട്രെയിൻ യാത്രക്കാരെ കൂടാതെ ധാരാളം ആൾക്കാർ അവിടേയ്ക്കു വന്നു കൊണ്ടിരിക്കുകയാണ്. ഉള്ളിലേക്ക് കയറിയപ്പോൾ  'മരുന്നുകൾ എല്ലാവർക്കും സൗജന്യം' എന്ന ബോർഡ് കണ്ടു. ഇവിടെ പരിശോധനയും മറ്റും സൗജന്യമാണ് എന്നതാണ് ഏറ്റവും വലിയ ആശ്വാസം എന്ന് അച്ഛൻ പറഞ്ഞത് ഓർത്തു.  അവൻ ലാബ് റിപ്പോർട്ട് ലഭിക്കുന്നത് എവിടെയെന്നു ചോദിച്ചു മനസിലാക്കി അങ്ങോട്ടേക്ക് പോയി.
പരിശോധനാമുറി കടന്നു പോകുമ്പോൾ മുന്നിലെ കാത്തിരിപ്പ് കസേരയിൽ അച്ഛനെ ഇരിക്കാൻ സഹായിക്കുന്ന പരിണീത് കൗറിനെ കണ്ടു. അവൾ അവനെ നോക്കി ആദ്യമായി ചിരിച്ചു.  മനസിൽ ഒരു തേൻമഴ പെയ്തപോലെ അവനും തിരികെ ചിരിച്ചു.ഒരു തൂവെള്ള ദുപ്പട്ടയാണ് അവൾ അപ്പോൾ അണിഞ്ഞിരുന്നത്. പക്ഷേ പഴയ മഞ്ഞ ദുപ്പട്ടയാണ് അവൾക്കു കൂടുതൽ ചേരുകയെന്ന് അവനു തോന്നി.
റിസൾട്ട് ... "  അവൻ റിസൾട്ട് കൗണ്ടറിന്റെ ദിശയിലേക്ക് വിരൽ ചൂണ്ടി.
"ഓൾ ദ  ബെസ്റ്റ് " അവൾ പുഞ്ചിരിയോടെ പറഞ്ഞു.

റിസൾട്ട് കൗണ്ടറിൻ്റെ മുന്നിൽ രാത്രി വണ്ടിക്കു വന്ന ചില പെണ്ണുങ്ങൾ നിലത്തു വിരിച്ച കമ്പളങ്ങളിൽ പാതി ചാഞ്ഞു കിടക്കുകയാണ്. മയക്കം മുട്ടിയ കണ്ണുകളിൽ ഒരു ജന്മത്തിന്റെ മുഴുവൻ വ്യഥയുമുണ്ട്. അവരിൽ ഒരാളിൻ്റെ പക്കലുള്ള കുഞ്ഞു  നിർത്താതെ കരയാൻ തുടങ്ങി.
  ഇനി ഊഴം കാത്തിരിക്കുന്ന സമയമാണ്. റിസൾട്ട് കിട്ടാനും ഡോക്ടർമാരും മാലാഖമാരും പരിശോധനയ്ക്ക് എത്തുന്നവരെയും  ഈയിരുപ്പ് തുടരണം. ഇത് പക്ഷേ, വെറുതെയാണ് ... കൈയിലെ ചെറിയ ചുവന്ന കുത്തുകൾ എങ്ങനെയാണ് എന്നെപ്പോലെ എല്ലുമുറിയെ പണിയെടുക്കുന്ന ഒരാളെ രോഗിയാക്കുന്നത്? പോരാത്തതിന് കൃഷിപ്പണിയല്ല താൻ ചെയ്യുന്നത്. പക്ഷേ എന്തിനും ഏതിനും ഉറപ്പു വേണം. അതിനാണ് ലാബ് റിസൾട്ട്,  അതുമായി അവളടെ അച്ഛൻ്റെ അടുക്കൽ ചെന്നു നിന്ന് ചോദിക്കണം, പരിണീതയെ വിവാഹം ചെയ്തോട്ടെയെന്ന്. അവൾ സമ്മതിച്ചേക്കും. അവളടെ അച്ഛൻ്റെ അസുഖമൊന്നും തനിക്ക് പ്രശ്നമല്ല.
ഇനി റിസൾട്ട് മറിച്ചായാലോ?.. ദൈവമേ ...ഒരു ഉൾക്കിടിലത്തോടെയാണ് ആ ചിന്ത പോലും കടന്നുവരുന്നത്...
എങ്കിൽ ...എങ്കിൽ  ഈ ചിന്തകൾക്ക് ഒന്നും ഒരർത്ഥവുമില്ല...

കാത്തിരിപ്പിനൊടുവിൽ റിസൾട്ട് കിട്ടി. അതു കാണിച്ചപ്പോൾ തെല്ലു വിഷമത്തോടെ ഡോക്ടർ പറഞ്ഞു:
"സംശയിച്ചത് ശരിയാണല്ലോ പരംജിത്.. നിങ്ങളുടെ രക്ത ഞരമ്പുകൾ നിങ്ങളെ രോഗിയാക്കിയിരിക്കുന്നു..."

ആ വാക്കുകൾ ആദ്യം ഒരു മരവിപ്പാണ് സമ്മാനിച്ചത്. അതു കൊണ്ട് തന്നെ പിന്നീട് പറഞ്ഞ വാക്കുകൾ ഒന്നും മനസിലായില്ല. പിന്നെ  തലച്ചോറിലേക്ക് യാഥാർഥ്യം മെല്ലെ കടന്നു വന്നു. മനസ് ഉച്ചത്തിൽ കരഞ്ഞു.. ഇല്ലാ .... ഒരു ബാബയും സഹായിച്ചില്ലല്ലോ, അച്ഛാ.. പ്രാർത്ഥനകൾ വൃഥാവിലായി.. കണ്ട സ്വപ്‌നങ്ങളെല്ലാം കരിഞ്ഞു കാറ്റിൽ പറന്നു പോയി...
അവൻ റിസൾട്ടിലേക്കു വീണ്ടും നോക്കി. കാണാൻ പറ്റുന്നില്ല. കരയരുത് എന്ന് കരുതമ്പോൾ തന്നെ കണ്ണുകൾ തടയണ തകർത്ത് കവിഞ്ഞൊഴുകുന്നു....
വൃദ്ധനായ പിതാവിന് ഇത് താങ്ങാനാവില്ല.. ഏക മകനിൽ പ്രതീക്ഷയർപ്പിച്ച അമ്മേ ... മാപ്പ് .. നിങ്ങടെ സ്വപ്നങ്ങൾക്ക് നിറം കൊടുക്കാൻ പറ്റാതെ പോയ ഹതഭാഗ്യനായ മകനാണ് ഞാൻ...  എന്നോടു പൊറുക്കൂ...
പെട്ടെന്ന് തീരുമാനം എടുക്കേണ്ട സമയമാണിത്.  മകൻ മടങ്ങിയെത്താതിരുന്നാൽ നിങ്ങളുടെ പ്രതീക്ഷകൾ മരിക്കാതിരുന്നേക്കാം... വേദനിക്കാൻ എനിക്ക് പേടിയാണ് ... വേദനിക്കുന്നത് കാണാനും ...
എങ്കിൽ, ഇനി എന്താണ് ചെയ്യേണ്ടത്? അവൻ മുറിക്കു പുറത്തു വന്നു  വ്യഗ്രതയോടെ ചുറ്റും നോക്കി. അപ്പോൾ മുകളിലേക്ക് പോകുന്ന പടവുകൾ കണ്ടു.

ഫാർമസിയിലേക്കു  പോവുകയായിരുന്ന പരിണീത കൗർ, മുകൾ നിലയിലേക്കുള്ള ഗോവണി വേഗത്തിൽ  കയറുന്ന പരംജിതിനെ കണ്ടു. അതിലവൾക്ക്  ഒരല്പം അസ്വാഭാവികത  തോന്നി. മറുഭാഗത്ത് എന്തോ വീഴുന്ന ഒച്ച കേൾക്കുകയും ചിലർ കെട്ടിട മുറ്റത്തേക്ക് ഓടിപ്പോകുന്നതും കണ്ടപ്പോൾ അവൾ മറിച്ചൊന്നും ആലോചിച്ചില്ല. അച്ഛനോട് അവിടെതന്നെയിരിക്കാൻ ആവശ്യപ്പെട്ടു ധൃതിയിൽ മേലേക്കുള്ള പടവുകൾ കയറാൻ തുടങ്ങി. എന്തിനാണ് താനിത് ചെയ്യുന്നത് എന്നൊന്നും നിശ്ചയം ഉണ്ടായിരുന്നില്ല. അവൾ മൂന്നാം നിലയിലെ അധികം ആൾസഞ്ചാരമില്ലാത്ത കോറിഡോറിൽ എത്തിയപ്പോഴേക്കും തളർന്നു പോയിരുന്നു.
എന്താണ് അത്? കോറിഡോറിൻ്റെ കൈവരിക്കുമേലെ ഒരു നിഴൽ... അല്ല ഒരു മനുഷ്യൻ ഇരു കൈകളും വിരിച്ചു പിടിച്ചു നിൽക്കുകയാണ്....അവൾ പാഞ്ഞു ചെന്ന് അയാളുടെ കൈയിൽ പിടിച്ചു വലിച്ചു താഴേക്കിട്ടു... നിലത്തു വീണുകിടന്ന പരംജിത് ആദ്യം ഞെട്ടലിൽ നിന്ന് മുക്തനായില്ല. താൻ താഴെ വീണു മരിച്ചെന്നും, മരണശേഷമുള്ള ജീവിതത്തിലെ ദൃശ്യങ്ങളാണ് മുന്നിലെന്നും അയാൾ കരുതി... അവൾ താഴേയ്ക്ക് നോക്കി.യാത്രക്കാരാരോ വന്ന കാർ ഒരു ചെടിച്ചട്ടി തകർത്ത ബഹളമാണ് അവിടെ. അവൾ പിന്തിരിഞ്ഞു.
"എന്താ, ചാടാൻ ഒരു മടി? മരിക്കാൻ പേടിയുണ്ടോ?"
അവളുടെ പരിഹാസ ചുവയുള്ള വാക്കുകൾ അവനെ പഴയ ലോകത്തേയ്ക്ക് മടക്കിക്കൊണ്ടു വന്നു.
"മരിക്കാൻ എനിക്ക് പേടിയില്ല."
അവൻ നിലത്തു നിന്ന് എണീറ്റു അവൾക്കു മുന്നിൽ നിന്നു.
"ജീവിക്കാനോ?... അതിനു പേടിയുണ്ടോ?"
അവൾ അവന്റെ കണ്ണുകളിലേക്കു തറപ്പിച്ചു നോക്കി നിൽക്കുകയാണ്.
" ഞാൻ എന്തെങ്കിലും ചെയ്യട്ടെ ... നിങ്ങൾ ഇപ്പൊ എന്തിനാണ് ഇങ്ങോട്ടു വന്നത്?"
അവൻ വീണ്ടും കൈവരിക്കു മുകളിലൂടെ താഴേക്കു നോക്കി. അവൾ അവനെ ബലമായി പിടിച്ചു തനിക്കു നേരെ നിർത്തി.  പിന്നെ നിലത്തു കിടന്ന ലാബ് റിപ്പോർട്ട് കനിഞ്ഞെടുത്ത് അതിലൂടെ കണ്ണോടിച്ചു.
"മരണത്തെ സ്നേഹിക്കുന്ന നിങ്ങൾ പിന്നെ എന്തിനെയാണ് പേടിക്കുന്നത്?.. ഈ നിസ്സാര രോഗത്തെയോ? ഈ രോഗം സമ്മാനിക്കുന്നത് മരണമാണെങ്കിൽ അതിനെ സ്നേഹിക്കയല്ലേ വേണ്ടത്?"
അവൻ ഒന്നും മിണ്ടാതെ വീണ്ടും താഴേക്കു നോക്കി. അവന്റെ കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവൻ വീണ്ടും പറഞ്ഞു, " ദാ കണ്ടില്ലേ ... ആ റിസൾട്ടിലുണ്ട്  എല്ലാം... എന്റെ ജീവിതം ഇവിടെ തീർന്നു. ഇനി ശൂന്യമായ കുറച്ചു ദിവസങ്ങൾ; വേദനയുടേതും..."

" ശരിയാണ് ... വേദനിക്കും. ആരെങ്കിലുമൊക്കെ വേദനിക്കാതെ വാസ്തവത്തിൽ ഈ ഭൂമുഖത്ത് ജനനമോ മരണമോ ഇല്ല. ചില നഷ്ടങ്ങളും നമ്മളെ വല്ലാതെ വേദനിപ്പിക്കും.  ഞാൻ എൻ്റെ ചില നഷ്ടങ്ങളെ കുറിച്ച് പറയട്ടെ?. ചിലപ്പോൾ നിങ്ങൾക്കത് ആശ്വാസമായേക്കും."
അവൾ അവൻ്റെ മുഖം ബലമായി പിടിച്ചു തനിക്കു നേരെ നിർത്തി. ഒന്നും മനസിലാവാതെ പരംജിത് അവളുടെ കണ്ണുകളിലേക്കു നോക്കി. വല്ലാത്ത ഒരു സ്ഥൈര്യം ആ കണ്ണുകൾക്ക് ഉണ്ടായിരുന്നു.
പെട്ടെന്ന് അവൾ അവന്റെ കൈയെടുത്തു തൻ്റെ വലത്തേ മാറിൽ വച്ചമർത്തി. തീപൊള്ളലേറ്റപോലെ പരംജിത് കൈവലിച്ചു, പിന്നോക്കം മാറി. എന്നിട്ടു അവളെ നോക്കി. ആ മാറിടം ശൂന്യമായിരുന്നു!. അവൻ അവളുടെ പെട്ടെന്നുള്ള ഈ പ്രവൃത്തിയിൽ സ്തബ്ധനായി നിന്നു. അവൾ ചിരിച്ചുകൊണ്ട് ദുപ്പട്ട വലിച്ചിട്ടു.
"നഷ്ടങ്ങൾ! ഒരു അവിവാഹിതയായ സ്ത്രീക്ക് ഇതൊരു തീരാനഷ്ടം തന്നെയല്ലേ?...നിങ്ങള്ക്ക് എന്ത് തോന്നുന്നു?"
അവൾ കോറിഡോറിന്റെ അപ്പുറത്തെ ഭിത്തിലേക്കു ചാരി നിന്നു. സ്വന്തം രോഗത്തെ  ഇത്രത്തോളം ലാഘവത്തോടെ ഇവൾ എങ്ങനെ കാണുന്നു എന്നവന് ആശ്ചര്യം തോന്നി. ആ നഷ്ടത്തെക്കുറിച്ചോർത്തപ്പോൾ വല്ലാത്ത ഭീതിയും.

"ചിലപ്പോ മറ്റുള്ളവരുടെ വേദനകളോ കഷ്ടതകളോ കാണുമ്പോ നമ്മുടേത് നിസ്സാരമായി തോന്നാറില്ലേ... അതാണ് നമ്മളെ ജീവിപ്പിക്കുന്ന  ഇന്ധനം. അപ്പോ ആരെയെങ്കിലുമൊക്കെ സഹായിക്കണം, നമുക്ക് എന്തൊക്കെയോ ചെയ്തു തീർക്കാനുണ്ട് എന്നൊക്കെ തോന്നും.. ആ ചിന്തകളെ വിടാതെ പിടിച്ചോണം. പ്രതീക്ഷ കെട്ടു പോകുന്നിടം ഇരുട്ടാണ്. മരണത്തേക്കാൾ  കഷ്ടമായ ആ ഇരുട്ടാണ് നമ്മൾ വിളിക്കുന്ന നരകം."

അവളുടെ തലയ്ക്ക് ചുറ്റും ഒരു ദിവ്യപ്രകാശം ഉണ്ടെന്ന് അവൻ വൃഥാ സങ്കൽപിച്ചു. അവൾ ഒരു ദേവതയായിരിക്കട്ടെ... മരിച്ചവരെ ഉയിർത്തെഴുന്നേൽപ്പിക്കാൻ കഴിവുള്ളവൾ...അരികിൽ വലിയ സങ്കടങ്ങളെ അണി നിരത്തി നമ്മുടെ സങ്കടങ്ങളുടെ വ്യാപ്തി കുറയ്‌ക്കുന്നവൾ....

ഏയ്, മനുഷ്യാ, ഈ രോഗം പൂർണമായും ഭേദപ്പെടാവുന്ന ഒരു സാധ്യതയെപ്പറ്റി നിങ്ങളെന്താ ആലോചിക്കാത്തത് ? സ്റ്റാർട്ടിങ് സ്റ്റേജിൽ  ഉള്ള ഒരാൾക്ക് രക്ഷപ്പെടാവുന്നത്ര പ്രശ്നങ്ങളെ ഉള്ളൂ .. നിങ്ങൾ പോരാടാൻ തീരുമാനിക്കുകയാണെങ്കിൽ ഞാനും കൂടാം.. ഞാൻ വിഷമില്ലാത്ത കിണറുകളും രോഗബാധയേൽക്കാത്ത അടുത്ത തലമുറയെയും സ്വപ്നം കാണുന്നുണ്ട്..."
 അവന്റെ ഉള്ളിലെവിടെയോ ഒരു കുളിർ കാറ്റടിച്ചു.
"ഉം, നടന്നോളൂ... നിങ്ങൾ എടുക്കാതെ പോന്ന ഡോക്ടറുടെ കുറിപ്പടിയും ഫോളോ അപ്പ് കാർഡും വാങ്ങി വരൂ.. ഞാൻ ഫാർമസിയിൽ ഉണ്ടാവും."
അവൾ മുൻപേ നടന്നു. പരംജിത് താഴേക്കു ഒന്നുകൂടി നോക്കി, പിന്നെ അവളെ പിന്തുടർന്നു.


*ദൂജി = അർബുദത്തിന്റെ നാടൻ വിളിപ്പേര്.  

09 October 2015

ഒ. പി.

ഒ. പി.
..................................................................


നീണ്ടുമെലിഞ്ഞൊരു പട്ടിണി ഹൃദയം
വേച്ചു വന്നു ഇടനാഴിയിൽ നിന്ന് പതിവു കൈ നീട്ടി.
നീളൻ ബഞ്ചിൽ അടിഞ്ഞു കൂടി തടിച്ചു കുറുകിയ
 മറ്റൊരു ഹൃദയം പതിയെ തിരികെ ചോദിച്ചു....
"കൊളസ്ട്രോളുമുണ്ട്... കൊഴുപ്പടച്ചിട്ട രണ്ടു വാൽവും മിച്ചമുണ്ട്, മതിയോ..."

വെയിലേറ്റു ക്യൂവിൽ കൊക്കിക്കുരച്ചും
തൊണ്ട പൊട്ടിച്ചും ഒരു ശ്വാസകോശം
സ്പോഞ്ച് പിഴിയുന്ന ടിവി പരസ്യം നാല്പത്തി രണ്ടാമതും കണ്ടു...

ഒൻപതാം വാർഡിന്റെ വാതിൽക്കലപ്പോൾ
മദ്യം വിയർത്തു ഛർദ്ദിച്ചൊരു കരൾ പിടച്ചു. കൂടെ,
കരളിന്റെ കരളും പിടഞ്ഞു...

ഓർമക്കേടിനു വഴിതെറ്റിയ ഓ.പി. ക്ക് മുന്നിൽ
പാരസെറ്റമോൾ മണമുള്ള നാവുകൾ നിലത്തിഴഞ്ഞു നിലവിളിച്ചു...
അടിതെറ്റി പ്ലാസ്റ്ററിട്ട രാഷ്ട്രീയ കാലുകൾ
ഒഴിവുള്ള ബഞ്ചിലിടം തേടി.

കൊണ്ട് വന്ന പൊതിച്ചോറിനൊപ്പം, ഉള്ളു വേവുന്ന മണം,
നീറ്റലിൽ പുറ്റുപിടിക്കുന്ന പുറം ചിന്തകൾ...
ചിതൽ മൂടിയ ഗർഭപാത്രത്തിലിന്നു മറ്റൊരു മുനി,
കൊടും തപം നോറ്റിരിക്കയാവണം...നീക്കണം.

തിയറ്റെറിന്റെ വാതിൽ പടിയിൽ കൂട്ട തേങ്ങൽ വഴി മാറി.
ചുവപ്പ് പൂക്കും വിരിപ്പിന്നടിയിൽ,
ബീഫു കഴിച്ചൊരു കുടൽമാല യാത്ര ചോദിച്ചു...

ശ് ..ശ് ..ശ് ...
രണ്ടു പയർ മണികൾ പരസ്പരം മന്ത്രിക്കുന്നു...
നാളെ മുതൽ അനിശ്ചിത കാല പണിമുടക്കാണ് ..

തൊഴിലെടുക്കാതെ വേതനം കിട്ടണം..
പണിമുടക്കാതെ  നിവൃത്തിയില്ലെടോ ...

.........................

കവിത
ജ്യോതിഷ് കുമാർ

Jyothish Kumar. C.S
RM Education Solutions India. Pvt. Ltd

23 July 2015

ഭയം

വിളക്കിലെ തീനാളം തൊട്ടു നോക്കി പൊള്ളിപ്പോയ കൈവിരൽത്തുമ്പ് കൊണ്ടാണ് ഭയം  ഒരു എഴുത്താണിയുടെയും ഔദാര്യമില്ലാതെ ആദ്യാക്ഷരം എഴുതിയത്.
ഓടരുത് ..ചാടരുത് , വീണു പോകും എന്ന് അച്ഛനും മാമുണ്ടില്ലെങ്കിൽ പറമ്പിൻ വരമ്പിലൊളിച്ചിരിക്കുന്ന ഉംബാക്കിക്ക് പിടിച്ചു നല്കും എന്ന് അമ്മയും മാനത്തെ ജിന്നിനെയും നിണം കുടിക്കും നീലിയെയും കുപ്പിയിൽ പുകയും ഭൂതത്തെയും ചെവികളിലെത്തിച്ച് അമ്മൂമ്മയും ഒപ്പം വന്നു കൂരിരുട്ടിന്റെ കെണിയിൽ പെടുത്തി ഓടിമറയുന്ന ചേട്ടനും നുള്ളിന്റെ ചൂട് തന്നു ചേച്ചിയും അകാരണമായി കരയുന്ന അനിയത്തിക്ക് വേണ്ടി ഏറ്റു വാങ്ങിയ ചുട്ട അടിയും ബാലനായ ഭയത്തെ എഴുത്ത് പള്ളിക്കൂടത്തിലേക്ക് നയിച്ചു.
ദുർബല വികാരങ്ങൾക്ക് അതിജീവന മാർഗം പഠിപ്പിച്ച അദ്ധ്യാപകൻ സഹഅധ്യാപികയുമായുള്ള വേഴ്ചക്കേസിൽ വിദ്യാർത്ഥികൾക്ക് മുന്നില് അതീവ ദുർബലനായി ഏത്തമിടുന്ന കാഴ്ചയിൽ ഭയം ഹൈസ്ക്കൂൾ കടന്നു.
കോളേജു കാലം  മുതൽ പൊതു വാഹനത്തിൽ സഞ്ചരിക്കുമ്പോഴോ പള്ളിയിൽ, അമ്പലത്തിൽ, സ്കൂളിൽ, ആശുപത്രിയിൽ, ബസ് സ്റ്റോപ്പിൽ  എന്നിങ്ങനെ ജനം കൂടുന്ന ഇടങ്ങളിൽ പോകേണ്ടി വരുമ്പോഴോ സമീപത്തു നില്ക്കുന്നത് ഇതര ലിന്ഗത്തിൽ പെട്ട വ്യക്തി ആണെങ്കിൽ ഭയം കൂടുവിട്ടു പുറത്തിറങ്ങും. ഭയത്തിന്റെ മുട്ടുകാൽ വിറയ്ക്കും. ഏതു നിമിഷവും ശിരസ്സിനു നേരെ ചൂണ്ടപ്പെടാവുന്ന ഒരു വിരൽ ! ഭയം എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനത്തെക്ക് പായും.
സഹപ്രവർത്തകരെ ഒരേ കണ്ണാൽ കാണാതിരിക്കാൻ ജോലി നേടിയ അന്നുതന്നെ തൊഴിലാളി യൂണിയൻ ഭയത്തിനു പുതിയ കുപ്പായം കൊടുത്തു. ആദ്യ വിവാഹ നിശ്ചയം മുടങ്ങിയതോടെ വിവാഹ മോഹം വെടിഞ്ഞെങ്കിലും അച്ഛനമ്മവന്മാരുടെ ഉഗ്രശാസനം ഭയത്തെ കതിർ മണ്ഡപത്തിൽ എത്തിച്ചു. താലിയോടായിരുന്നു ഏറെയും അടുപ്പം. എന്നാൽ താലി നാവിലാണ് കെട്ടേണ്ടതെന്നു ഭയം രഹസ്യമായി തന്നോട് തന്നെ പറഞ്ഞു. രാത്രിയിൽ നാണത്തിന്റെ ഉറനീക്കി പുറത്തു വന്ന ഭയത്തിന്റെ മുന്നിൽ പുതിയ ക്ലാസ്സ്മുറിയും കിടിലം കൊള്ളിക്കുന്ന പാഠങ്ങളും കാത്തിരുന്നു. വിവാഹത്തോടെ സ്വന്തമായ അധിക ബാധ്യതകൾ പെട്ടിയും കിടക്കയുമായി തേടിയെത്തിയതോടെ സ്വകാര്യതയ്ക്ക് ഭംഗം വന്ന ഭയം വീണ്ടും ജോലിക്ക് പോകാൻ തുടങ്ങി, ഒപ്പം ജോലി നഷ്ടപ്പെടാതിരിക്കാൻ സെക്രട്ടറിയേറ്റ് മാർച്ചിനും.
പോലീസിന്റെ ലാത്തിചാർജു നടക്കുമ്പോ, ഭയം അടുത്തുള്ള ചായക്കടയിൽ മറഞ്ഞു നിന്ന് കട്ടൻകാപ്പി കുടിചു. പിന്നെ പലേടത്തും വച്ചും ഭയത്തെ കണ്ടു. പ്രസവമുറി വരാന്തയിൽ..കുട്ടികള്ക്ക് പോളിയോ കൊടുക്കുന്നിടത്ത്, തുലാഭാരത്തിനുള്ള ക്യൂവിൽ, പഠിച്ച അതെ സ്കൂളിന്റെ അഡ്മിഷൻ കൌണ്ടറിൽ. ഹൌസിംഗ് ലോണ്‍ കൊടുക്കുന്ന ബാങ്ക് റെപ്പിന്റെ മുന്നിൽ, എന്ജിനീയറിംഗ് കോളേജ് പ്രിൻസിപ്പലിന്റെ വീട്ടുപടിക്കൽ, പണയ ഉരുപ്പടികൾ സ്വീകരിക്കുന്നിടത്ത് ഒക്കെ. അച്ഛൻ മരിച്ചപ്പോ ചേട്ടനോടൊപ്പം രണ്ടു തവണ കോടതി വരാന്തയിലും കണ്ടു.
ഭയം ജോലിയുപേക്ഷിച്ചു പഠിക്കാൻ പോകുന്ന മകൾക്ക് കൂട്ടുപോകാൻ തുടങ്ങിയതോടെ നാട്ടുകാര് കളിയാക്കി. മനസിൽ കണ്ടത് മാനത്ത് കണ്ട മകൾ സഹപാഠിയോടൊപ്പം ലിവിംഗ് റ്റുഗെതെർ ആയപ്പോ ഭയത്തിനു നെഞ്ചു വേദന തുടങ്ങി. ആശയ വൈരുദ്ധ്യത്തിന്റെ പേരില് അകന്നു പോയ മൂത്ത മകന്റെ വിദേശ ജോലിയും കനത്ത ശമ്പളവും ഭയത്തിനു ഒരു ആശ്വാസവും കൊടുത്തില്ല. വേദന കൂടി വന്നു. വിവാഹ ശേഷം മകന്റെയും മരുമകളുടെയും ജീവിതം കരുപിടിപ്പിക്കാൻ ഭാര്യ പോയതോടെ, ഒരു ഹോം നഴ്സിന്റെ കൈയിൽ വേദനയും ഭയവും അവസാനിക്കുകയാണ് എന്ന് തിരിച്ചറിഞ്ഞു. തുടക്കത്തിലും ഒടുക്കത്തിലും ഭയമറിയാതെ കിടന്ന കൈകൾ...
അറിയിച്ചതനുസരിച്ചു മകൻ വന്നപ്പോൾ ആദ്യം നഴ്സിനോട് ചോദിച്ചത് ഒരു പൈതൃക ചോദ്യം ആണ്.
'ഭയപ്പെടേണ്ടല്ലോ... അച്ഛൻ മരിച്ചല്ലോ, അല്ലെ?'

- ജ്യോതിഷ് വെമ്പായം 

09 August 2014

ഇരുട്ടിന്റെ ഇടനാഴികൾ




ഞാൻ
--------------
പഞ്ചാബി ധാബായിലെ  ഞങ്ങളുടെ സ്ഥിരം തീന്മേശയിൽ അന്നയുടെ പ്രശ്നം വീണ്ടും ചർച്ചക്കെടുത്തപ്പോൾ ആരിഫാണ്  എല്ലാവരോടുമായി  ഒരു പോംവഴി കണ്ടുപിടിക്കാൻ ആവശ്യപ്പെട്ടത്‌. ആ പ്രശ്നത്തിനൊരു അന്തിമ പോംവഴി അനിവാര്യമായിരുന്നു. ഞങ്ങളുടെ ഓഫീസിൽ അപ്രൈസൽ കാലയളവായതിനാൽ എന്റെ ചിന്തകളിൽ മുഴുവൻ കിട്ടാൻ സാധ്യതയുള്ള പെർഫോമൻസ് റേറ്റിങ്ങും ദിവാസ്വപ്നങ്ങളിൽ കിട്ടാത്ത മുന്തിരി പോലെ ചുമ്മാ ചുറ്റിത്തിരിയുന്ന പ്രൊമോഷനും  മാത്രമായിരുന്നു. ദീപകിന്റെയും ചിന്തകൾ  മറിച്ചാവാൻ തരമില്ല. ചെറുപ്പം നഷ്ടമാകുന്നതിനു മുൻപേ എത്തിച്ചേരേണ്ട പദവികളേക്കുറിച്ചാണ് ഞങ്ങൾ പുതു യുഗത്തിന്റെ സോഫ്റ്റ്‌വെയർ ശക്തികൾ ആലോചിക്കുന്നത്. എന്നിട്ടും അന്നയ്ക്കു വേണ്ടിയായതിനാൽ ഞാനും ദീപകും അവയെല്ലാം തൽക്കാലത്തെക്ക് മാറ്റിവച്ച്, അരയും തലയും മുറുക്കി പുതിയ പോംവഴികൾ തിരയാൻ തുടങ്ങി. തീർച്ചയായും അന്നയെ സഹായിക്കേണ്ടതുണ്ട്. അത് ആത്മാർത്ഥ സുഹൃത്തുക്കളെന്ന നിലയിൽ ഞങ്ങളുടെ കടമയും ഉത്തരവാദിത്തവുമാണ്. അന്നയാകട്ടെ  പ്രശ്നത്തിന്റെ ആഴത്തിൽ മുങ്ങിപൊങ്ങി വല്ലാതെ വീർപ്പ് മുട്ടുകയാണ്.  സുന്ദരമായ മുഖം കരച്ചിലിന്റെ വക്കോളമെത്തി നില്ക്കുന്നു. വിരലുകൾ പ്ലേറ്റിൽ വെറുതെ പരതി നടന്നതല്ലാതെ റൊട്ടിയുടെ ഒരു കഷണം പോലും അവൾ കഴിച്ചില്ല. അവളെ ഈ പ്രശ്നം എത്രമാത്രം നോവിക്കുന്നു എന്ന്  അന്നാണ് ഞങ്ങൾക്ക്  മനസിലായത്.
'അന്ന പേടിക്കാതിരിക്ക്‌. നമുക്ക് പോംവഴിയുണ്ടാക്കാം.' ആരിഫ് കുറ്റിത്താടിയിലൂടെ വിരലോടിക്കവേ പറഞ്ഞു. അവനെപ്പോഴും ഒരു തീരുമാനത്തിലെത്തുമ്പോഴാണ്  താടിയുഴിയുക. ഭംഗിയിൽ കത്രിച്ചു നിർത്തിയ താടിയാണു ആരിഫിന്റെ മാർക്ക്‌. അവന്റെ ചതുര താടിയെല്ലും ഉരുക്കുപോലുള്ള വ്യക്തിത്വവും കാത്തുസൂക്ഷിക്കുന്നത് ആ താടിയാണ്. ആരിഫ് വെറും വാക്ക് പറയാറില്ല. അതുകൊണ്ട് തന്നെ, ഇക്കാര്യത്തിന് ഒരു തീരുമാനമായി എന്നുവേണം കരുതാൻ. ശരിക്ക് പറഞ്ഞാൽ ഞങ്ങൾ നാൽവർ സംഘത്തിന്റെ അവസാന വാക്ക് എപ്പോഴും  അവനാണ്.
അന്നയുടെ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കം കണ്ടു.
ശരി, പറയ്‌. എന്താ പോംവഴി? ദീപക് തന്തൂരി ചിക്കൻ കഷണങ്ങളിൽ നിന്നും കണ്ണുകൾ പിൻവലിച്ചു.. പ്രശ്നത്തിനു ഗൌരവസ്വഭാവം  ഏറി വരുന്നതിനോപ്പം അവന്റെയും എന്റെയും പ്ലേറ്റുകൾ ഏതാണ്ട് കാലിയായിക്കൊണ്ടിരുന്നു. ചിലപ്പോ ഏത് പ്രശ്നത്തിനും മീതെ നില്ക്കും വിശപ്പ്‌ എന്ന ആത്യന്തിക പ്രശ്നം.

'ആദ്യം നിങ്ങളുടെ കണ്ടെത്തലുകൾ കേൾക്കട്ടെ. എന്നിട്ടാവാം നമുക്കൊരു തീരുമാനത്തിലെത്തുന്നത്.'
ആരിഫ്  ഞങ്ങളെ നോക്കി. അവനിതുവരെയും ഭക്ഷണം കഴിക്കാൻ തുടങ്ങിയിട്ടില്ല.
'ഇതൊരു തോന്നൽ മാത്രമായിരിക്കാനാണ് സാധ്യത.' സംഭവത്തെ ലഘൂകരിക്കാനും അത് വഴി അന്നയെ ധൈര്യപ്പെടുത്താനും ഞാൻ അവസാനഘട്ട ശ്രമം നടത്തി. 'ഫോളോ ചെയ്തു എന്ന് പറയുന്ന മനുഷ്യനെ അന്ന ഒരിക്കൽ പോലും കണ്ടിട്ടില്ല. വിശ്വസിക്കത്തക്ക തെളിവുകളോ മറ്റു അസ്വാഭാവിക അടയാളങ്ങളോ ഒന്നും തന്നെ അന്നയ്ക്കു മുന്നിലില്ല. ആ നിലയ്ക്ക് ഇത് തോന്നൽ മാത്രമാവും എന്നാണ് എന്റെ നിഗമനം. ആരോ പിന്തുടരുന്നു എന്ന ഭയം ഇരുട്ടിൽ സഞ്ചരിക്കുന്ന ആർക്കും ഉണ്ടാകാവുന്നതാണ്. പ്രത്യേകിച്ച് രാത്രിയോട്‌  പേടിയുള്ള പെണ്‍കുട്ടികൾക്ക്.'

'അതെ. എനിക്കും അങ്ങനെയാണ് തോന്നുന്നത്.' ദീപക് എന്റെ സഹായത്തിനെത്തി. 'ഇനി അങ്ങനെ ആണെങ്കിൽത്തന്നെ നീ രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിക്കാതിരുന്നാൽ പോരെ? എല്ലാ പ്രശ്നവും അതോടെ തീരും. വേറൊരു വഴി നമ്മുടെ ഓഫീസ്  ക്യാബ്  വൈകുന്നേരങ്ങളിൽ നിന്റെ ലേഡീസ് ഹോസ്റ്റൽ വഴി പോകണമെന്ന് ആവശ്യപ്പെടുന്നതാണ്. പോംവഴിയെന്ന നിലയിൽ അതും പരിഗണിച്ചു കൂടെ?' ദീപക് ഈ  വാക്കുകൾ  ഇതിനു മുമ്പും ആവർത്തിച്ചതാണെന്നു എനിക്ക് തോന്നി. അന്നയുടെ മാത്രമല്ല, ഞങ്ങൾ ആരുടേയും ജോലിസമയം സ്വന്തം നിയന്ത്രണസീമകൾക്കുള്ളിൽ അല്ലെന്നു അറിഞ്ഞു കൊണ്ടുള്ള ഒരു അനാവശ്യ സംസാരം. ഒരു വാഹനത്തിനും അവളുടെ കൃത്യതയില്ലാത്ത ഓഫീസ് സമയത്തിനൊപ്പം കാത്തുനില്ക്കാനാവില്ല. രണ്ടാഴ്ച മുൻപ് വരെ അന്നയ്ക്ക്  ഹോസ്റ്റലിലേക്ക് പോകാൻ ഒരു സഹയാത്രികയുണ്ടായിരുന്നു. അവൾ കൊച്ചിയിലെ TCS ലേക്ക്  പോയതോടെ അന്ന ഒറ്റക്കായി. ആരിഫ് ഒന്നുരണ്ടു തവണ ഹോസ്റ്റലിനു മുന്നിൽ കൊണ്ട് വിട്ടു. പക്ഷെ അവന്റെ ക്ലൈന്റ്, ഡിസ്കഷൻ സമയക്രമം തെറ്റിയതിനു തെറി വിളിച്ചതോടെ, അവൻ പിന്മാറി. ഞങ്ങളുടെ അവസ്ഥയും മറിച്ചായിരുന്നില്ല. അന്ന ഞങ്ങൾക്ക് എത്ര പ്രിയപ്പെട്ടവളാണെങ്കിലും ഇക്കാര്യത്തിൽ അവളെ സഹായിക്കാൻ കഴിയുകയില്ല. അതവൾക്കറിയുകയും ചെയ്യാം. അത്തരമൊരു സഹായത്തിലുപരി ഒരു അന്തിമ പരിഹാരം, അതാണവൾ പ്രതീക്ഷിക്കുന്നത്.

 'തോന്നലാണെന്ന് പറഞ്ഞു നിങ്ങൾക്ക് തള്ളിക്കളയാൻ എളുപ്പമാണ്.' അന്നയുടെ കണ്ണുകളിൽ നീരസം. 'ഇത് പോലെ പിന്തുടരുന്ന നിഴലുകളെപ്പറ്റി നമ്മുടെ ടെക്നോപാർക്കിൽ തന്നെയുള്ള  ഒന്ന് രണ്ടു പെണ്‍കുട്ടികൾ എന്നോട് പറഞ്ഞിട്ടുണ്ട്.'

'അന്നയുടേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇങ്ങനെ പലതും പലരും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. നമ്മുടെ നാടും ഇത്തരം കുറ്റകൃത്യങ്ങളിൽ ഒട്ടും പിറകിലല്ല. ഓഫീസിൽ നിന്നും ജോലി കഴിഞ്ഞു കഷ്ടിച്ച് ഒരു കിലോമീറ്റർ പോലുമില്ലാത്ത ഹോസ്റ്റലിലേക്ക്  നിർഭയയായി, സുരക്ഷിതയായി നടന്നു പോകാൻ . ഇന്നത്തെ സാഹചര്യത്തിൽ ഒരു പെണ്‍കുട്ടിക്ക് കഴിയുന്നില്ലെങ്കിൽ, നമ്മുടെ വ്യവസ്ഥിതിയുടെ തകർച്ചയെയാണ് അത് കാണിക്കുന്നത്. 'ആരിഫിന്റെ കണ്ണുകളിൽ പോരാട്ടവീര്യം തിളങ്ങുന്നു.
'ഇത് അരക്ഷിതരുടെ യുഗമാണ്.' ഞാൻ പറഞ്ഞു. 'ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും വളർച്ച മനുഷ്യന്റെ വിജയമാണെന്ന് സമ്മതിക്കാം. പക്ഷെ മനുഷ്യ മനസുകൾ എന്താ, പണ്ടത്തേതിലും പഴകിയ അഴുക്കു ചാലുകൾ അല്ലെ? വികസനം ശരിക്കും വേണ്ടത് അവിടെയാണ്. ദിനംപ്രതി ഏറിവരുന്ന പീഡന വാർത്തകൾ കാണുമ്പോൾ രാജ്യം വൈകാതെ തന്നെ ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്ത് എത്തുമെന്നാണ് തോന്നുന്നത്. ഏറ്റവും വലിയ ആശ്രയമായ പിതാവ് തന്നെ മകളെ മാനം കെടുത്തുന്നു. ദൈവ തുല്യരായ ഗുരുനാഥന്മാർ ശിഷ്യയെ, മകൻ അമ്മയെയോ അമ്മൂമ്മയെയോ പോലും ഇരയാക്കുന്നു... കണ്ടു കണ്ട്  ഇത്തരം വാർത്തകളും കൊലപാതകങ്ങളും  ഇപ്പൊ ചെറിയൊരു ഞെട്ടലിനു പോലും വകയല്ലാതായിരിക്കുന്നു.'
'അത് ശരിയാ, വായിക്കുന്നവനും റിപ്പോർട്ട്‌ ചെയ്യുന്നവനും പഴയ ആവേശമില്ല'. ദീപക്  വെള്ളം കുടിക്കുന്നതിനിടയിൽ പറഞ്ഞു.
'അന്നയുടെ കാര്യത്തിൽ...' ആരിഫു വിഷയം തിരിച്ചു കൊണ്ട് വന്നു. 'ഇവൾക്കു തിരഞ്ഞെടുക്കാൻ ഓപ്ഷൻസു ഒത്തിരിയുണ്ടെന്നു തന്നെ ഇരിക്കട്ടെ. മാനേജരുടെ ഔദാര്യത്തിനു കേണു സൌകര്യപ്രദമായ മറ്റൊരു ഷിഫ്റ്റ് തിരഞ്ഞെടുക്കാം. സ്ഥിരമായി കൂട്ടുകാരികളോടൊത്ത് മാത്രം യാത്ര പരിമിതപ്പെടുത്താം. അല്ലെങ്കിൽ ദീപക് പറഞ്ഞപോലെ ഓഫീസ് ക്യാബിനു റിക്യൊസ്റ്റു ചെയ്യാം. അതുമല്ലെങ്കിൽ സ്വന്തമായി ഒരു വാഹനം ഏർപ്പാടാക്കാം....ഇതെല്ലാം ഒരു തരത്തിൽ പ്രശ്നത്തിൽ നിന്നുള്ള ഒളിച്ചോട്ടമോ ഒഴിഞ്ഞു മാറലോ ആണ്. അതല്ല ഇവിടെ വേണ്ടത്. നാളെ ഇവളെപ്പോലെ മറ്റു പെണ്‍കുട്ടികൾക്കും സുരക്ഷിതരായി പകലും രാത്രിയും സഞ്ചരിക്കാൻ കഴിയണം, അത്യാവശ്യം അവരവരുടെ ജോലി സ്ഥലത്തിന്റെയോ താമസസ്ഥലത്തിന്റെയോ  ചുറ്റളവിലെങ്കിലും'.

'അതിനിപ്പോ എന്ത് ചെയ്യാമെന്നാ?' അൽപ നേരം നിശബ്ദയായിപ്പോയ അന്ന ചോദിച്ചു. 'ഞാൻ കൊച്ചിയിലേക്ക് ട്രൈ ചെയ്താലോ എന്നാലോചിക്കുകയാ. ശമ്പളത്തെക്കാളും മനസ്സമാധാനം കിട്ടും  സ്വന്തം നാട്ടിൽ. '
'അത്  തെറ്റായ ധാരണയാണ്'. തിരുവനന്തപുരത്തുകാരനായ എനിക്ക് സഹിച്ചില്ല, 'നാടല്ലല്ലോ ഇവിടത്തെ പ്രശ്നം, കാടത്തമാണ്. മനുഷ്യമൃഗങ്ങളെയാണ്  നീ ഭയക്കുന്നതെങ്കിൽ അവ എല്ലായിടത്തും ഉണ്ടാവും. എവിടെ പോയാലും അവിടെല്ലാം അന്നയോടൊപ്പം ഈ ഭയവും ഉണ്ടാവും. അതിനെയാണ് നീ അതിജീവിക്കേണ്ടത്.'
'ഞാനെന്താ ചെയ്യേണ്ടത് ?' അന്നയുടെ സ്വരത്തിൽ നിരാശ കലർന്നിരുന്നു.
'വഴിയുണ്ട്, അന്ന.' ആരിഫിന്റെ ശബ്ദത്തിനു അല്പം കടുപ്പമുണ്ടെന്നു തോന്നി. 'ഇന്ന് അന്ന ഓഫീസിൽ നിന്നും നേരത്തെ പോയി മനസ്സമാധാനമായി ഉറങ്ങുക. നാളെ  വൈകിട്ട് നീ ഓഫീസ്  വിട്ടു പോകുമ്പോൾ, ഞങ്ങൾ മൂന്നുപേർ നിന്റെയൊപ്പം ഉണ്ടാവും.'
ഞാനും ദീപകും പരസ്പരം നോക്കി. 'അതിലെന്തോ ഒരു സാധ്യത മണക്കുന്നുണ്ടല്ലോ'. ഞാൻ ചോദിച്ചു.
'ഉണ്ട്. ഒരു ചെറിയ ക്രൈം സ്റ്റോറി ചെയ്യാൻ ഉള്ള സാധ്യത അതിലുണ്ട്. ജ്യോതിഷിനു താല്പര്യക്കുറവൊന്നുമില്ലല്ലൊ?' ആരിഫിന്റെ കണ്ണുകളിൽ ഒരു കുസൃതിത്തരം. 'നീ പറ, നമ്മൾ മൂന്നുപേരിൽ ആർക്കാണ് സ്ത്രീവേഷം നന്നായി ഇണങ്ങുക?'
എനിക്ക് പെട്ടെന്ന് സംഗതി പിടികിട്ടി. ആരിഫ് വളരെ വേഗത്തിൽ കാര്യങ്ങൾ പ്ലാൻ ചെയ്തിരിക്കുന്നു. ദീപക് മിഴിച്ചിരിക്കുന്നതെയുള്ളൂ. ഞാൻ പെട്ടെന്ന് അവനെ ചൂണ്ടി. ഇക്കാര്യത്തിന് ദീപക്കല്ലാതെ വേറെ ഓപ്ഷനില്ല, ആരിഫ്.
ആരും സമ്മതിക്കും, ദീപകിന്റെ ശരീരത്തിന്  ഒരാണിന്റെ ഇരുമ്പ് പേശികളുടെ ദൃഢതയോടല്ല;സ്ത്രീയുടെ ഒതുങ്ങിയ മൃദു മേനിയോടാണ്  സാമ്യം കൂടുതലെന്ന് . അവൻ ഞങ്ങളുടെ കമ്പനിയിലെ സർവ്വസമ്മതനായ നടനും നർത്തകനുമാണ്. മെയ് വഴക്കമുള്ളവൻ. സർവോപരി ഒരു നല്ല കളരിയഭ്യാസിയും.

ഞാനോ? 'എന്തിനാ സ്ത്രീവേഷം?' ദീപക്  അന്നയെ നോക്കി. 'നമുക്ക് അന്നയുടെ പിന്നാലെ പോയാൽ  തന്നെ ഇത് കണ്ടു പിടിക്കാവുന്നതേയുള്ളൂ. അത് പോരെ?' ഇപ്പൊ അവനും ഒരേകദേശരൂപം കിട്ടിയിട്ടുണ്ട്.
'അല്ല ദീപക്. ഇത് ചിലപ്പോൾ അന്നയുടെ തോന്നൽ മാത്രമായിരിക്കാം; അല്ലായിരിക്കാം. രണ്ടായാലും അവളുടെ മനസ്സമാധാനത്തിനു നമ്മൾ എന്തെങ്കിലും ചെയ്തേ തീരൂ..ചെയ്യുന്നതു നമ്മളാണെങ്കിൽ എന്തെങ്കിലും ഒരു വ്യത്യസ്തത വേണ്ടേ?' ആരിഫ് ഞങ്ങൾ മൂവരേയും മാറിമാറി നോക്കി.
അന്ന അമ്പരന്നിരിക്കുകയാണ്. 'എന്താ പ്ലാൻ? എനിക്കൊന്നും മനസിലായില്ല.'
 'ശരി. ഇതിൽ ആർക്കൊക്കെയാണ് എന്റെ പ്ലാൻ മനസിലായത്? '
ഞാൻ പറഞ്ഞു: ആരിഫിന്റെ പ്ലാൻ ഞാൻ വിവരിക്കാം. എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്തിയാൽ മതി. കഥ ഇങ്ങനെയാണ്.
നാളെ വൈകിട്ട് അന്ന പതിവുപോലെ ഓഫീസിൽ  നിന്നും വൈകി ഇറങ്ങുന്നു.  ദീപക് എന്ന പെണ്‍ വേഷക്കാരൻ വേണ്ടത്ര തയ്യാറെടുപ്പുകളോടെ ഒപ്പം വരും. അന്നയ്ക്കു പകരം അന്നയുടെ വേഷമിട്ട ദീപക്  ആണ്  ബൈപാസ് റോഡ്‌ മുറിച്ചു കടന്നു ചെറിയ റോഡിലേക്ക് കയറുന്നത്..പിന്നെ ആ റോഡിന്റെ ഓരം പറ്റി കുറച്ചു ദൂരം നടന്നു കനിശ്ശേരി ജങ്ഷനിൽ നിന്ന് വലത്തോട്ട് തിരിയും. ആ സമയം അന്ന ഞങ്ങൾക്കൊപ്പം  കാറിൽ ദീപകിനെ പിന്തുടരുന്നുണ്ടാവും.
ഇനിയുള്ള നിമിഷങ്ങൾ സുപ്രധാനമാണ്‌. കനിശ്ശേരി ജങ്ഷനിൽ നിന്നും ലേഡീസ് ഹോസ്റ്റൽ സ്ഥിതി ചെയ്യുന്ന ലൈനിൽ അന്ന ഭയക്കുന്ന ഭാഗത്ത്‌ ദീപക് എത്തുന്നു.  ഇരുട്ടിന്റെ ഇടനാഴികളുള്ള ആ റോഡിലൂടെ നടക്കുന്ന ദീപക്, ആരെങ്കിലും പിന്തുടരുന്നതായി ഉറപ്പു വന്നാൽ മാത്രം മിസ്ഡ് കോളോ മറ്റെന്തിങ്കിലും അടയാളമോ തരും. ഒരു ചെറിയ ദൂരപരിധിയിൽ  നീങ്ങുന്ന നമ്മൾ വേഗം തയ്യാറായി അവനടുത്തെത്തണം . ദീപകിന്റെ  കൈയിൽ പെടുന്ന മറ്റവനെ ദീപക് തന്നെ കൈകാര്യം ചെയ്തോളും. സംഗതി പാളി മറ്റവൻ രക്ഷപ്പെടാൻ ശ്രമിച്ചാൽ നമ്മൾ പിന്തുടർന്ന് പിടിക്കണം, പൊതിരെ തല്ലണം.. ദീപകിനെ സമീപിക്കുന്നത് ഒന്നിലധികം പേരാണെങ്കിൽ പോലും അവൻ തനിയെ മതി, നേരിട്ട് കൊള്ളും. ആള് കളരിയഭ്യാസിയാണല്ലോ.' അവസാന ഭാഗത്തിലെ തമാശ ദീപക് വേണ്ടത്ര ആസ്വദിച്ചില്ല.
'അതെയതെ.. നേരിട്ട് തന്നെ കൊള്ളുന്ന പരിപാടിയാണെന്നാണ് തോന്നുന്നത്. ആരിഫ്, ശരിക്കും ഇതാണോ നിങ്ങളുടെ പ്ലാൻ?' ദീപക്  അമ്പരപ്പോടെ നോക്കി.
അതെ. വിവരണം കിറുകൃത്യമാണ്. ജ്യോതിഷ്, നിങ്ങൾക്കിത് ഒരു കഥയാക്കാമെന്നു തോന്നുന്നു... ആരിഫ് എന്റെ തോളിൽ തട്ടി.
'രണ്ടു ചെറിയ തിരുത്തൽ കൂടി വേണം. കാറിനു പകരം ബൈക്ക് അല്ലേ നല്ലത്. കാർ പെട്ടെന്ന് ആരുടേയും ശ്രദ്ധയിൽ പെടും. പിന്നെ, അന്ന ഒറ്റയ്ക്ക് തന്നെയായിരിക്കും ഓഫീസിൽ നിന്ന് നടന്നു വന്നു ബൈപാസിലൂടെ ചെറിയ റോഡിലേക്ക് കയറുന്നത്. ആ റോഡിൽ ജനശ്രദ്ധ കുറഞ്ഞ ഒരിടമുണ്ട്‌, അവിടമായിരിക്കും ആൾമാറാട്ടത്തിനു പറ്റിയ സ്ഥലം.'
'അത് ശരിയാ, അന്ന ഒറ്റയ്ക്ക് ഓഫീസിൽ നിന്നും പുറപ്പെടുന്നതാ ബെറ്റർ. ഇനി ആരെങ്കിലും അന്നയെ നിരീക്ഷിക്കാനുണ്ടെങ്കിലോ? ദീപക് ഉഷാറായി. ആദ്യത്തെ അമ്പരപ്പ് മാറി,  ഉള്ളിലെ നടനെ, അല്ല നടിയെ ഉണർത്താൻ അവൻ തയ്യാറായിക്കഴിഞ്ഞു. പക്ഷെ, ചെയ്യാൻ പോകുന്ന കൃത്യത്തിന്റെ ഗൌരവം അന്നയെ വല്ലാതെ ഭയപ്പെടുത്തിക്കളഞ്ഞു എന്ന് തോന്നി.
'അങ്ങനെയൊരു ആൾമാറാട്ടത്തിന്റെ  ആവശ്യമുണ്ടോ? വേറെ പ്രശ്നമൊന്നും വന്നില്ലല്ലോ..ആരോ പിന്തുടരുന്ന പോലെ എനിക്ക് തോന്നി.. ചിലപ്പോ, ജ്യോതിഷ് പറഞ്ഞ പോലെ ഒരു തോന്നൽ മാത്രമാണെങ്കിലോ..ഇതിനു വേണ്ടതിൽ കൂടുതൽ പ്രാധാന്യം നല്കിയോ എന്ന് ഇപ്പൊ തോന്നുന്നു.'
എന്തായാലും ഞങ്ങളുടെ തീരുമാനത്തെ ഇളക്കാൻ പോന്ന ശക്തിയൊന്നും ആ വാക്കുകൾക്കില്ലായിരുന്നു. അന്നത്തെ ചർച്ച ഉച്ചഭക്ഷണത്തോടെ അവസാനിപ്പിച്ചു  ഞങ്ങൾ പിരിഞ്ഞെങ്കിലും അന്നയുടെ പ്രശ്നം ഒരു തോന്നൽ മാത്രമാണെന്ന് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ വേണ്ടത്ര ഗൌരവം എനിക്ക് തോന്നിയതുമില്ല.


ദീപക്
------------
ഇന്നലത്തെ തീന്മേശ ചർച്ചയുടെ ബാക്കിപത്രം പോലെ ഇന്നും രണ്ടുമൂന്നു രഹസ്യ കൂടിക്കാഴ്ചകൾ കൂടി ഞങ്ങൾ നടത്തി, വൈകീട്ടത്തേക്കുള്ള പ്ലാൻ ഒന്നുകൂടി ഊട്ടി ഉറപ്പിച്ചു. ഇന്നലെ അന്ന നേരത്തെ ഓഫീസു വിട്ടു റൂമിലേയ്ക്ക് പോയി. ഇന്ന് വന്നതു എനിക്ക് ഒരു ജോഡി ചുരിദാറുമായിട്ടാണ്. പാകമാക്കിയെടുക്കാൻ ഒത്തിരി കഷ്ടപ്പെടേണ്ടി വന്നില്ല. എന്നെ ആ വേഷത്തിൽ കാണുമ്പോൾ അവൾക്കു അങ്കലാപ്പു ഒന്നുകൂടി വർധിച്ചതേയുള്ളൂ. ഈ ആൾമാറാട്ട പരിപാടി വേണോ എന്ന്  രണ്ടു മൂന്നു വട്ടം ചോദിച്ചു ആരിഫിന്റെ ദേഷ്യത്തിന് പാത്രമായി എന്നതൊഴിച്ചാൽ  മറ്റു വിശേഷങ്ങളൊന്നുമില്ലാതെ പകൽ അവസാനിച്ചു. എന്റെ സ്ത്രീ വേഷം ഗംഭീരമെന്നു ജ്യോതിഷിന്റെയും ആരിഫിന്റെയും അവിശ്വസനീയമായ നോട്ടങ്ങളിൽ നിന്നും മനസിലായി.
ആരിഫിന്റെ ബൈക്ക് നേരത്തെ പോയി സ്പോട്ട് കണ്ടെത്തി വിശദാംശങ്ങൾ അപ്പപ്പോ അറിയിച്ചു കൊണ്ടിരുന്നു. എന്നെ പറഞ്ഞ സമയത്ത് ആരുടേയും ശ്രദ്ധയിൽപ്പെടാതെ സ്പോട്ടിൽ എത്തിക്കുകയായിരുന്നു ജ്യോതിഷിന്റെ ജോലി. അന്നയുടെയും ഞങ്ങളുടെയും  ടൈമിംഗ് കൃത്യമായിരുന്നു. അവിടെ വച്ച് വിദഗ്ധമായി അന്നയുടെ റോൾ ഞാൻ ഏറ്റെടുത്തു. അങ്ങനെ ആദ്യപകുതി ഞങ്ങൾ ഭംഗിയാക്കി. ഇപ്പൊ ഞാൻ മെല്ലെ നടക്കുകയാണ്. അന്ന ആരിഫിന്റെ ബൈക്കിനു പിന്നിലും ജ്യോതിഷ് മറ്റൊരു ബൈക്കിലും എന്നെ കാണാവുന്ന ദൂരത്തിൽ പിന്തുടരുന്നുണ്ടാവും. ഇപ്പൊ നല്ല ഉത്സാഹം തോന്നുന്നു. ചെയ്യുന്നത് ഒരു നല്ല കാര്യം ആണെന്നുള്ളത്‌ മാത്രമല്ല, അതിനു കാരണം. ഇനിയെങ്ങാനും അന്നയുടെ തോന്നൽ സത്യമായാൽ...എന്റെ മുൻപിൽ കൊതിയോടെയെത്തുന്ന ആ 'പിന്തുടരലുകാരന്റെ' മുഖമൊന്നു അടുത്ത് കാണാമല്ലോ.  ആരിഫിനും ജ്യോതിഷിനും ഇതേ ത്രിൽ ഉണ്ടാവും, പക്ഷെ ആരിഫിനു ഇത് സ്വന്തം അന്നയുടെ  കാര്യമായതുകൊണ്ട് ആവേശം കൂടും. ആലോചിച്ചാൽ ഹരം കൊള്ളിക്കുന്ന ഒരു സിനിമാക്കഥ പോലെയല്ലേയിത്?

ഞാൻ വലത്തോട്ടുള്ള റോഡ്‌ തിരിയുമ്പോൾ സമയം രാത്രി 9 ആവുന്നതേയുള്ളൂ. കനിശ്ശേരി ജങ്ഷനിൽ കുറെ ചെറുപ്പക്കാർ വർത്തമാനം പറഞ്ഞു നില്പുണ്ട്. അവന്മാര് ഒന്ന് പാളി നോക്കി. പരസ്പരം എന്തോ പറഞ്ഞു. എനിക്ക് ചിരി വന്നു. അടുത്തുള്ള ടീഷോപ്പ് അടച്ചിട്ടില്ല. അവിടെയും ആരൊക്കെയോ ഉണ്ട്. ഞാൻ പരമാവധി വേഗത കുറച്ചു സ്ത്രൈണത വരുത്തി അന്നയുടെ മാതിരിയുള്ള നടത്തമാണ്. ഒട്ടും അനാകർഷകയായി തോന്നാതിരിക്കാനും യാത്ര പാഴായിപ്പോകാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം അങ്ങ് ദൂരെ കാണുന്ന ബസ്സ്റ്റോപ്പിന്റെ മൂല വരെയും കിട്ടുന്നുണ്ട്‌. അതിനപ്പുറമാണോ അന്ന ഭയക്കുന്ന ഇരുട്ടിന്റെ ഇടനാഴികൾ? ആകാശത്ത് ഒരു മിന്നൽപ്പിണർ പൊലിഞ്ഞു. രണ്ടു മൂന്നു വാഹനങ്ങൾ എന്നെ കടന്നു ലേഡീസ് ഹോസ്റ്റലിന്റെ ഭാഗത്തേക്ക് പോയി. പല ആവർത്തി പകൽ ഇത് വഴി കടന്നു പോയിട്ടുള്ളതാണ്. രാത്രിയിൽ പരിസരങ്ങളൊക്കെ മാറി മറ്റേതോ നിഗൂഢ പ്രദേശത്തിന്റെ പ്രതീതി ഉളവാക്കി.
ഞാനേതാണ്ട് പൊളിഞ്ഞ് വീഴാറായ ബസ് സ്റ്റോപ്പിനരികിൽ എത്തുമ്പോഴേക്കും പിന്നിൽ ദൂരെയെവിടെയോ ഉച്ചത്തിലുള്ള സംസാരം കേട്ടു. നടത്തം നിർത്തി തിരിഞ്ഞു നോക്കി. ആ വായിനോക്കികളായ ചെറുപ്പക്കാർ ആരുടെയോ ചുറ്റും കൂടി നിന്ന് ആക്രോശിക്കുകയാണ്. അല്പസമയം കൂടി ഒച്ച കേട്ടു. ഇനി നടക്കാം. അപകട ഭീഷണിയൊന്നും ഇല്ല. അല്പദൂരം കൂടി നടന്നാൽ അന്നയുടെ ഹോസ്റ്റൽ ആയി. കൂട്ടുകാരുടെ ഫോണിലേക്ക്  ഒന്ന് വിളിച്ചാലോ എന്ന് തോന്നാതിരുന്നില്ല. വേണ്ട. ചിലപ്പോൾ മിസ്ഡ് കോൾ എന്ന് തെറ്റിദ്ധരിച്ചു 'മറ്റവനെ' പിടിക്കാൻ ഓടിയെത്താനും പരിപാടി കുളമാകാനും ചാൻസുണ്ട്. അല്പസമയം കൂടി നോക്കുക തന്നെ. ഞാനിങ്ങനെ ഓരോന്നാലോചിച്ച് നടക്കുമ്പോഴാണ് എന്റെ നിഴലിനു സമാന്തരമായി മറ്റൊരു  നിഴൽ ശ്രദ്ധയിൽ പെട്ടത്.

ആരോ എന്നെ പിന്തുടരുന്നുണ്ട്!
എനിക്ക് മേലാസകലം ഒരു കുളിര് പാഞ്ഞു. ഇതാ ആ നിമിഷം. ഞങ്ങൾ കാത്തിരുന്ന അനർഘ നിമിഷം കൈയെത്തും ദൂരത്ത്.
ഞാൻ തിരിഞ്ഞു നോക്കാൻ ശ്രമിച്ചില്ല. നടന്നു കൊണ്ട്  നിഴലിന്റെ വലിപ്പ വ്യത്യാസം കണക്കാക്കി, ഞങ്ങൾ തമ്മിലുള്ള ദൂരം അളന്നു. ഏറിയാൽ രണ്ടോ മൂന്നോ മിനിട്ടിനുള്ളിൽ 'മറ്റവൻ' എന്നെ സമീപിക്കും. ഇവൻ എവിടെ നിന്നാണ് ഇത്ര വേഗം എന്റെ പിന്നിലെത്തിയതെന്നു എങ്ങനെ ആലോചിച്ചിട്ടും മനസിലാവുന്നില്ല. ചിലപ്പോ ആ  ബസ് സ്റ്റോപ്പിന് പിന്നിലെവിടെനിന്നോ കയറിക്കൂടിയതായിരിക്കും. എന്താണ് ചെയ്യേണ്ടതെന്ന്  ഒരു രൂപകല്പ്പന തയ്യാറാക്കുമ്പോഴേക്കും ആ നിഴൽ അപ്രത്യക്ഷമായി. ഇപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്. പിന്തിരിഞ്ഞു പരിമിതമായ വെളിച്ചത്തിൽ പരിസരം സൂക്ഷ്മമായി വീക്ഷിച്ചു. ഒരു ഉൾക്കിടിലം എന്നെ ബാധിച്ചു, തോളെല്ലുകൾ കഴച്ചു. ഇല്ല. ഈ ചുറ്റുവട്ടത്ത് ഒരു മനുഷ്യജീവി എന്നല്ല, മറ്റൊരു ജീവിയുടെയും സാന്നിധ്യമില്ല. അവൻ എവിടെപ്പോയി മറഞ്ഞു? അന്നയെ ഭയപ്പെടുത്തുന്ന ഒരു തോന്നൽ മാത്രമാണോ ഇത് എന്ന് ഞാനും ഒരുവേള സംശയിച്ചു പോയി.
കുറെ നേരം അവിടെ നിന്നു. ഇല്ല ഒന്നുമില്ല. ഞാൻ നില്ക്കുന്നത് പ്രകാശത്തിന്റെ അതിർത്തിയിലാണ്. ഇനി വീണ്ടും ഇരുട്ടിന്റെ ഇടനാഴി തുടങ്ങുകയായി. അകലത്തായിപ്പോയ സ്ട്രീറ്റ് ലൈറ്റുകൾക്ക്  ഇടയിലുള്ള കറുത്ത ഇടനാഴി. ആകാശത്ത് ചെറിയ മിന്നൽപ്പിണറുകൾ കാണുന്നുണ്ട്. മഴപെയ്തെക്കും. ഇനിയും ഇവിടെ ഞാൻ നില്ക്കുകയാണെങ്കിൽ അത് മറ്റവന് സംശയത്തിനു ഇട കൊടുക്കും. നടക്കാം.  ഒപ്പം  ഫോണ്‍ ചെയ്തു വിവരങ്ങൾ കൈമാറുകയും ആവാം. ഞാൻ ജ്യോതിഷിനു ഡയൽ ചെയ്തു. റിംഗ് ചെയ്യുന്നുണ്ട് പക്ഷെ, ഫോണ്‍ എടുക്കുന്നില്ല. അവർ മിസ്ഡ് കാൾ എന്നു കരുതി പുറപ്പെട്ടിരിക്കുമോ? ഒരു മിനുട്ടിനുള്ളിൽ വളവു തിരിഞ്ഞെത്തുന്ന ബൈക്കിന്റെ ഹെഡ് ലൈറ്റ് ഞാൻ പ്രതീക്ഷിച്ചു. കാണാതെ വന്നപ്പോൾ ആരിഫിനെ ഡയൽ ചെയ്തു. അവന്റെ ഫോണും റിംഗ് ചെയ്യുന്നുണ്ടല്ലോ. ഇവന്മാർ എന്താണ്  അവിടെ ചെയ്യുന്നത്? തിരിച്ചു പോയോ? അതോ പ്ലാനിൽ എന്തെങ്കിലും മാറ്റം വരുത്തിയോ? ഒന്ന് കൂടി ഡയൽ ചെയ്യാൻ നോക്കുമ്പോൾ ജ്യോതിഷിന്റെ കോൾ വന്നു. അറ്റന്റു  ചെയ്തു ഫോണ്‍ ചെവിയിൽ വയ്ക്കുന്ന അതേ നിമിഷത്തിൽ എന്തോ ശക്തമായി തലയുടെ പിന്ഭാഗത്ത്‌ വന്നടിച്ചു. ചെവിയിൽ ഒരായിരം വണ്ടുകളുടെ മുഴക്കം മാത്രം. പിന്തിരിഞ്ഞു നോക്കാൻ പോലുമാവാതെ ഇരുട്ടിന്റെ ഇടനാഴിയിൽ മുഖമടിച്ചു വീണത്‌ മാത്രം ഓർമയുണ്ട്.

ഇരുട്ടിന്റെ കയത്തിലേക്ക് കൂപ്പുകുത്തുകയാണ്.
ചിതറിപ്പോയ വെളിച്ചത്തിന്റെ നൂൽത്തുണ്ടുകളൊക്കെ അതിവേഗം കയത്തിന്റെ കറുത്ത വായിലേയ്ക്കു പാഞ്ഞൊടുങ്ങുകയാണ്. അൽപനേരം അവയ്ക്കൊപ്പം മുകളിൽ  ചുറ്റിത്തിരിഞ്ഞു. പിന്നെ, സർവ്വ വ്യാപിയായ ഇരുട്ട് മാത്രം. ഏറെനേരത്തേക്ക് എന്റെ ചുറ്റുപാടുകൾ നിശ്ചലവും നിശ്ശബ്ദവും ആയിരുന്നിരിക്കണം. ചലിക്കാൻ തുടങ്ങിയ ചില നിഴലുകളാണ് എന്റെ പ്രജ്ജയെ മടക്കിക്കൊണ്ടു വന്നത്. ഞാനപ്പോൾ ഏതോ സിമന്റ് നിലത്തുകൂടി വലിച്ചിഴയ്ക്കപ്പെടുകയായിരുന്നു. ഒരു കരിനിഴൽ, എന്റെ കാലുകളിൽ പിടിച്ചു വലിച്ചു കൊണ്ട് പോയി ഒരു മൂലയ്ക്കിട്ടു. അർധബോധത്തിൽ മങ്ങിയ വെളിച്ചത്തിൽ, പിന്നെയും ചില നിഴലുകളെ ഞാൻ അവിടെ കണ്ടു. ആരൊക്കെയാണവർ? ഇതെവിടെയാണ് സ്ഥലം? തലയുടെ പിൻഭാഗം തൊട്ടുനോക്കാൻ ഞാൻ ഭയന്നു.പൊട്ടിപ്പിളർന്നു പോയി എന്നാണ് തോന്നുന്നത്. അത്രയ്ക്കുണ്ട് വേദന.  ഇല്ല..തളരാൻ പാടില്ല. വേഗം ഇവിടുന്നു രക്ഷപ്പെടണം..
കരിനിഴൽ മുന്നോട്ടു വന്നു.ഞാൻ പാതിക്കണ്ണിലൂടെ അവന്റെ മുഖം കണ്ടു. ആ കരാളരൂപി, കുനിഞ്ഞു എന്റെ ചുരിദാറിനു മേൽ കൈ വച്ചു. ഞാൻ അനങ്ങാതെ കണ്ണടച്ച് കിടന്നു. അവന്റെ അടുത്ത പ്രവൃത്തി എന്തെന്ന് ചിന്തിക്കും മുൻപേ ഒറ്റ ചീന്തിനു ചുരിദാർ രണ്ടു കഷണമായിപ്പോയി. ആരുടെയോ ആഹ്ലാദ ശബ്ദം കേട്ടു. ആർത്തി പിടിച്ച രണ്ടു കൈകൾക്ക് പിന്നിൽ ഒരു പേപിടിച്ച പട്ടിയുടെ മുഖം ഞാൻ സങ്കല്പ്പിച്ചു. ഇതാ സ്ത്രീ വേഷത്തിൽ നിന്നും മുക്തനായി ഞാൻ പൂർവ്വ അവതാരമെടുക്കുകയാണ്. ഇതാണ് പറ്റിയ സമയം. അപ്രതീക്ഷിത കാഴ്ച്ചയുടെ അമ്പരപ്പിൽ അവൻ നിൽക്കുമ്പോൾ തന്നെയാവണം ആദ്യത്തെ ആഘാതം. ഉന്നം തെറ്റിയില്ല. തെറി വിളിച്ചുകൊണ്ടു നിവർന്ന കരിനിഴലിന്റെ മർമ്മസ്ഥാനം തകർത്ത് ആദ്യത്തെ ചവിട്ട് . ഇനി ഒരിക്കലും നീ ഉണരരുത്. അവൻ കാറിക്കരഞ്ഞുകൊണ്ട് മുട്ടുകുത്തി. ഞാൻ സർവ്വ ശക്തിയുമെടുത്ത് അവന്റെ മുഖത്ത് തൊഴിച്ചു. അവൻ പിന്നിലെവിടേയ്ക്കോ തെറിച്ചു വീണു. പിടഞ്ഞെണീറ്റ എന്റെ നേരെ രണ്ടുപേർ ഓടി വന്നു. കൈയിൽ കിട്ടിയതൊക്കെ വച്ച് ഞാൻ അവരെ ആക്രമിച്ചു. തലങ്ങും വിലങ്ങും പൊതിരെ തല്ലി. ആ നേരത്ത് എനിക്കെവിടെ നിന്നാണ് ഊർജ്ജം കിട്ടിയതെന്നറിയില്ല. എന്റെ ശരീരത്തിൽ എവിടെയൊക്കെയോ മുറിവേറ്റിരുന്നു. ഒടുവിൽ ആരും തടയാനില്ലെന്നു കണ്ടപ്പോൾ ഞാൻ ഓടി. കൂരിരുട്ടിൽ ദിക്കുകളറിയാതെയുള്ള പാച്ചിലിൽ എവിടെയൊക്കെയോ തട്ടിവീണു. വീണ്ടും എണീറ്റോടി. അവസാനം കാൽ കുഴഞ്ഞു ഏതോ ശൂന്യതയിലേക്ക് വീഴുന്നതു വരെ ഞാൻ ഓടിക്കൊണ്ടേയിരുന്നു.


ആരിഫ്
------------

ദീപകിന് ഞങ്ങൾ പറഞ്ഞതത്രയും ഇപ്പോഴും വിശ്വാസമായിട്ടില്ല. മുൾമുനയിൽ നിർത്തിയ മൂന്നു ദിവസങ്ങൾക്ക് ശേഷം തിരിച്ചു തന്ന അവന്റെ  ജീവന് ഞങ്ങൾ ഈശ്വരനോട് പല ആവർത്തി നന്ദി പറഞ്ഞു കഴിഞ്ഞിരിക്കുന്നു. അന്നയെപ്പോലെ ജ്യോതിഷും ഞാനും ഈറൻ  കണ്ണുകളോടെയാണ് ഇക്കഴിഞ്ഞ ആശുപത്രി ദിവസങ്ങളത്രയും തള്ളി നീക്കിയത്.
അവനു വന്നു ഭവിച്ച ഈ ദുരവസ്ഥക്ക് ഞങ്ങളല്ലേ കാരണക്കാർ? എടുത്തു പറഞ്ഞാൽ ഞാനാണ് പ്രധാന ഉത്തരവാദി. എന്റെ പ്ലാനിംഗിൽ വന്ന ആദ്യത്തെ പിഴവ്, ദീപകിനെ പിന്തുടരുന്ന നേരത്ത് അന്നയെക്കൂടി കൂട്ടിയതാണ്. അവളെ സുരക്ഷിതമായി മറ്റെവിടെയെങ്കിലും നിർത്തിയിരുന്നെങ്കിൽ ആ റ്റീഷൊപ്പിനു മുന്നിലെ ചെറുപ്പക്കാരുടെ പരിഹാസശരമേല്ക്കേണ്ടി വരുമായിരുന്നില്ല.  അപ്രതീക്ഷിതമായി അവരെ കണ്ടു ബൈക്കുകൾ മാറ്റി നിർത്തിയതാണ് കുഴപ്പമായത്. അസമയത്ത് ഇരുട്ടിൽ പതുങ്ങി നില്ക്കുന്ന രണ്ടു പുരുഷന്മാരെയും ഒരു സ്ത്രീയേയും കണ്ടു അവർ തെറ്റിദ്ധരിച്ചില്ലെങ്കിൽ അതാവും വലിയ അത്ഭുതം. 'ഇരുട്ടുവാക്കിൽ എന്താടെ പരിപാടി'യെന്ന നാടൻ ശൈലിയോട് പ്രതികരിച്ച രീതിയും ശരിയായില്ല. ഒരുപക്ഷെ നിന്റെ കോളുകൾ സ്വീകരിക്കാൻ കഴിയുകയും നിന്നെ ഈ അപകടത്തിൽ നിന്നും രക്ഷിക്കുവാൻ കഴിയുകയും ചെയ്യുമായിരുന്നു, ആ അനാവശ്യ വാക്കുതർക്കത്തിനു പിന്നാലെ പോയി സമയം കളയാതിരുന്നുവെങ്കിൽ..ജ്യോതിഷിന്റെയും അന്നയുടെയും വിലക്കുകൾ വകവച്ചിരുന്നുവെങ്കിൽ.... ക്ഷമിക്കു ദീപക്. ഞങ്ങളോടു ക്ഷമിക്കു. ഞങ്ങൾക്ക് ഇനി നിന്നോളം വലുതല്ല ഒന്നും.. നിന്റെ ത്യാഗം. നീ അന്നയ്ക്കുവേണ്ടി ചെയ്തത് ഒരു നിസ്സാര കാര്യമല്ല. നിനക്കു പകരം അവളോ മറ്റേതെങ്കിലും പെണ്‍കുട്ടിയോ ആയിരുന്നു ആ സ്ഥാനത്തെങ്കിൽ...ഹോ. ചിന്തിക്കാനേ വയ്യ.

'അത്ഭുതം അതല്ല, ഇതെങ്ങനെ ഒത്തുവന്നു? അവന്മാർ ആ ദിവസം തന്നെ പരിപാടിക്ക് തെരഞ്ഞെടുത്തത് അവിശ്വസനീയമായി തോന്നുന്നില്ലേ?' ഇന്ന് കാലത്ത് ജ്യോതിഷ് പത്രവുമായി വന്നപ്പോ ഉന്നയിച്ച ചോദ്യം. ന്യായമായ സംശയം. അതെനിക്കും തോന്നാതിരുന്നില്ല. എന്തായാലും രണ്ടു  ബംഗാളികളുൾപ്പെടെ മൂന്നു പേരെ  പോലീസിന് കിട്ടിയിട്ടുണ്ട്. ഒരുത്തനെ ബോധമില്ലാത്ത നിലയിൽ ഒരു ആളൊഴിഞ്ഞ വീട്ടിൽ നിന്നും മറ്റു രണ്ടു പേരെ കിട്ടിയത് ഏതോ ആശുപത്രിയിൽ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുമ്പോഴാണെന്നും പത്രം പറയുന്നു. ആ രാത്രി അവന്മാർക്ക് ഒരിക്കലും മറക്കാൻ കഴിയുകയില്ല. ഞങ്ങൾക്കും. നാട് മുഴുവൻ അരിച്ചു പെറുക്കി, ഒടുവിൽ ഒരു കുഴിയിൽ അർധപ്രാണനായി ദീപകിനെ കണ്ടെത്തുമ്പോൾ, ഞങ്ങൾക്കൊപ്പം ആ നാട് തന്നെയുണ്ടായിരുന്നു. നാട്ടുകാർക്കൊപ്പം ഞങ്ങളുമായി വഴക്കുണ്ടാക്കിയ ചെറുപ്പക്കാരുമുണ്ടായിരുന്നു.

ദീപക്, നീയിന്നു ഈ നാടിന്റെ ഹീറോ ആണ്. നിന്റെ നന്മയുടെ ഫലം അനുഭവിക്കുക നമ്മുടെ അന്ന മാത്രമല്ല, നമുക്ക് ചുറ്റുമുള്ള എല്ലാ സഹോദരിമാരുമാണ്.
അന്ന ഹോസ്പിറ്റൽ ബില്ലടച്ച്‌ രസീതുമായി വന്നു. അവളുടെ കണ്ണുകളിൽ ഇപ്പൊ നന്ദിയുടെ നനവാണുള്ളതെന്നു തോന്നി. ആശുപത്രിയുടെ വരാന്തയുടെ അറ്റത്തു വച്ച് കാണുമ്പോൾ അവൾ ദീപകിന്റെ ഡിസ്ചാർജിന്റെ കാര്യം പറഞ്ഞു. ഒപ്പം മടിച്ചു മടിച്ചു മറ്റൊരു പ്രശ്നവും.
അവളുടെ കൂട്ടുകാരി കണ്ട നിഴലായിരുന്നു പുതിയ പ്രശ്നം!


29 October 2013

പ്രണയം

പ്രണയത്തിന്റെ ആദ്യനാളുകളിൽ നിന്റെ തിളങ്ങുന്ന കണ്ണുകളിൽ ഞാൻ എന്നെ കണ്ടു. ഞാൻ സുന്ദരനായിരുന്നു.
 പ്രണയം ചുട്ടുപഴുക്കുന്ന ഉച്ചചൂടിൽ ഞാൻ നോക്കുന്നിടെത്തെല്ലാം നീയായിരുന്നു. നാണം മായാത്ത നിന്റെ കണ്മുനകൾ, നനുത്ത ചുണ്ടുകളിലെ പ്രാണൻ പിടപ്പിക്കും പുഞ്ചിരി.  എന്തു കണ്ടാലും അത് നീയെന്നു തോന്നി.
പ്രണയത്തിന്റെ അന്തിയിൽ നിന്റെ സീമന്തരേഖയിൽ തൊട്ട കുങ്കുമത്തിന്  ചുവപ്പ് പോരെന്നു തോന്നി. നിന്റെ തിളക്കം മങ്ങിയ കണ്ണുകളിൽ ഞാനുണ്ടായിരുന്നില്ല.
എന്റെ കാഴ്ചയെപ്പറ്റി തോന്നിയ സംശയം ഡോക്ടർ ബലപ്പിച്ചു. തിമിരത്തിന്റെ തുടക്കമാണല്ലോ മാഷെ!

17 October 2013

ചരിവ്

അവർ കുന്നുകളിടിച്ചു നിരപ്പാക്കി, പുതിയ വൻകരകൾ തീർത്തു കൊണ്ടിരുന്നു.
ഉദരത്തിലേക്കു വീഴുന്ന മണ്ണിൻ തരികൾക്കു മേലെ വിശാലമനസ്കനായ കടൽ നെടുവീർപ്പിടുന്നത് ആരും കേട്ടില്ല.  കുന്നിൻ ചരിവുകൾ നഷ്ടപ്പെട്ട ആട്ടിൻപറ്റങ്ങൾ കൂട്ടമായി അറവുശാലകൾ തേടിപ്പോയി.  സംഗമിക്കാൻ വെമ്പി വന്ന മഴമേഘങ്ങളാകട്ടെ, കെട്ടിടമേലാപ്പുകളെ ശരണം പ്രാപിച്ചു.

ഒടുവിൽ, ചരിവ് നഷ്ടപ്പെട്ട കരയെ കരയാൻ വിടാതെ കടലെടുക്കുമ്പോൾ അവർ പണിനിർത്തി വിശ്രമിക്കുകയായിരുന്നു.

21 September 2010

New

ദാഹം...  സര്‍വത്ര...

പുഴകള്‍ വറ്റിക്കഴിഞ്ഞിരുന്നു.
നദികള്‍, ആറുകള്‍ തുടങ്ങിയ പര്യായങ്ങളും, തോടുകള്‍ ചാലുകള്‍ തുടങ്ങിയ കൈവഴികളും, കുളങ്ങള്‍ കിണറുകള്‍ എന്നീ കണ്ണീരുറവകളും  വറ്റിപ്പോയിരുന്നു.
" എനിക്ക് ഒരു ഗ്ലാസ്‌ വെള്ളം വേണം". മന്ത്രി ആവശ്യപ്പെട്ടു. ഭൂമിക്കടിയില്‍ നിന്നു വെള്ളം വലിച്ചെടുക്കുന്ന പതിന്നാലാമത്തെ കൂറ്റന്‍ യന്ത്രം ഉത്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മന്ത്രി.
മള്‍ടി നാഷണല്‍ കമ്പനി ഈയിടെ ഇറക്കുമതി ചെയ്ത ഈ പടുകൂറ്റന്‍ യന്ത്രം, മറ്റുള്ളവയെക്കാള്‍ മികച്ചതാണെന്ന പ്രയോക്താക്കളുടെ വാക്കുകള്‍,  മന്ത്രി അതേപടി ഉദ്ധരിച്ചിട്ട് ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞിരുന്നു.  
"ഒരു ഗ്ലാസ് വെള്ളം തരൂ.." മന്ത്രി അഭ്യര്‍ഥിച്ചു. പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങായതിനാല്‍ തിക്കും തിരക്കും സ്വാഭാവികം. തിരക്കില്‍ ക്യാമറകളും ലൈറ്റുകളും മൈക്കുകളും മെയ്യുരുമ്മി, കണ്ണുതുറന്നു നടന്നു.
"വെള്ളം..പ്ലീസ്... " മന്ത്രി കെഞ്ചുന്ന നിലയിലായപ്പോള്‍ അടുത്തുനിന്ന PA, അദ്ദേഹത്തിന്റെ ചെവിയില്‍ എന്തോ മന്ത്രിച്ചു. പെട്ടന്ന് ദാഹം ശമിച്ചത് കൊണ്ടാവാം, മന്ത്രി പിന്നൊന്നും മിണ്ടിയില്ല.
കരാര്‍ ഒപ്പിട്ടപ്പോള്‍ മന്ത്രിയുടെ മേശപ്പുറത്തിരുന്ന ഒരു ഗ്ലാസ്‌ വെള്ളം കമ്പനി റെപ്രസെന്റെറ്റിവ്  എടുത്തുകൊണ്ടു പോയത് വാര്‍ത്തയായിരുന്നു. അന്ന് ഒരു ഗ്ലാസ്‌ വെള്ളത്തിന്‌ ലക്ഷങ്ങളുടെ ഉല്‍പ്പാദന ചെലവു പറഞ്ഞത് കേട്ടു മന്ത്രി പോലും ഞെട്ടിയത്രേ.

ഉദ്ഘാടനം കഴിഞ്ഞു മടങ്ങവേ മൂത്രശങ്ക തോന്നിയ മന്ത്രി, കാര്‍ നിര്‍ത്തിച്ചു വഴിയരികില്‍ പോയി കുന്തിച്ചിരുന്നു.
ഒരു തുള്ളി പോലും വീഴുന്നില്ലല്ലോ...  മന്ത്രി പരിഭ്രമിച്ചു. ശങ്ക തോന്നിയത് നേരാണ്. പുതുമണ്ണില്‍ പതഞ്ഞൊഴുകുന്ന ഒരു ചെറുപുഴ സങ്കല്പ്പിച്ചതുമാണ്. പക്ഷെ ഇതെന്തു പറ്റി?
...................
പുഴകള്‍ വറ്റിക്കഴിഞ്ഞിരുന്നു; പര്യായങ്ങളും.