"സ്വന്തം വായുടെ ചീത്തത്തം കൊണ്ടാണ് തത്തകളും മൈനകളും കൂട്ടില്‍ പെടുന്നത്. കൊറ്റികളെ ആരും ബന്ധിക്കാറില്ല". -പഞ്ചതന്ത്രം

28 February 2008

കുട്ടികള്‍ രക്ഷപ്പെടുന്നു

അച്ഛനും അമ്മയും മരിച്ചു; കുട്ടികള്‍ രക്ഷപ്പെട്ടു.

അച്ഛനും അമ്മയും മരിച്ചത് കൊണ്ടു കുട്ടികള്‍ രക്ഷപ്പെടുമെന്കില്‍, അങ്ങനെ രക്ഷപ്പെട്ടു ഒറ്റപ്പെട്ട കുട്ടിയായിരുന്നു, അവന്‍.

സ്വാതന്ത്ര്യത്തിന്‍റെ വേദനയും ഒറ്റപ്പെടലിന്‍റെ സുരക്ഷിതത്വവും നിറഞ്ഞു തുളുമ്പിയപ്പോള്‍ നിസ്സഹായതയുടെ കൈപിടിച്ചു അവന്‍ നടക്കാനിറങ്ങി.

വിശന്നപ്പോള്‍ വൃക്കയും കരളും ഹൃദയവും വിറ്റുതിന്നുന്നവരോട് ചേര്‍ന്നു. ഒടുവില്‍, ആന്തരാവയവങ്ങള്‍ക്കൊപ്പം വിശപ്പും അവന്‍ വിറ്റു തിന്നു കളഞ്ഞു.
വില്‍ക്കാന്‍ ഒന്നും ബാക്കിയില്ലെന്നിരിക്കെ അവന്‍ രക്ഷപ്പെടലിന്‍റെ കഥ പറഞ്ഞു. പരന്നു കിടന്ന ലോകത്ത് നിന്നു ഒറ്റയ്ക്കും തറ്റക്കും കേള്‍വിക്കാര്‍ വന്നു.കഥകള്‍ വിറ്റുപോയി. രക്ഷപ്പെടലിന്‍റെ കഥകള്‍ പ്രചാരം നേടി ഇതിഹാസ്സങ്ങളായി.

പ്രചോദനം കിട്ടിയ കഥാകാരന്മാര്‍ മാളങ്ങള്‍ക്ക് പുറത്തേക്കിഴഞ്ഞു. സ്കൂളുകളില്‍ പാഠൃ വിഷയമായപ്പോഴേക്കും കുട്ടികള്‍ രക്ഷപ്പെടലിന്‍റെ കഥകള്‍ കളിയ്ക്കാന്‍ തുടങ്ങിയിരുന്നു.

പിന്നെ, കുട്ടികളും രക്ഷപ്പെടാന്‍ തുടങ്ങി.


(http://www.puzha.com/- 2003 ഒക്ടോബര്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ചത് )(കഥ-2)

No comments: