മുറുമുറുപ്പ് സഹിക്കാന്‍ വയ്യാതായപ്പോള്‍ ഞാനെന്‍റെ ചെറുകുടലിനെ മൂന്നായി മുറിച്ചു വിശപ്പിനു തിന്നാന്‍ കൊടുത്തു.
ഇനീം വേണം, താ എന്ന് വിശപ്പ് അമറി.
ബാക്കി രണ്ടു കഷ്ണങ്ങളും തിന്നിട്ടും അവന്‍ അടങ്ങാതെ വന്നപ്പോള്‍ ഞാനെന്‍റെ ആമാശയം കൊടുത്തു. പിന്നെ മൂന്നായി മുറിച്ച എന്‍റെ അന്നനാളവും കൊടുത്തു.
മൂന്നു കഷ്ണങ്ങളും തിന്നു ഒടുവിലവന്‍ എന്‍റെ നാവും വിഴുങ്ങി,വായിലൂടെ പുറത്തു വന്നു.
പക്ഷേ, മുന്നിലിരിക്കുന്നയാള്‍ കടിച്ചിട്ട എല്ലിന്‍ തരികളില്‍ വിശപ്പ് നക്കാന്‍ തുടങ്ങിയപ്പോള്‍ ഞാനവന്‍റെ ചങ്ങലകളില്‍ പിടിച്ചു വലിച്ചു.
അവന്‍ മുരണ്ടു തിരിഞ്ഞു എന്നെ കടിച്ചു;കടിച്ചു കുടഞ്ഞു.
ചങ്ങലയും എന്നോടൊപ്പം മൃതിയടഞ്ഞപ്പോള്‍ അവന്‍ സ്വാതന്ത്ര്യത്തില്‍ ഒറ്റപ്പെട്ടു പോയത്രേ!
(.പുഴ.കോം-മില്‍ 2003 ഒക്ടോബര്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ചത് )(കഥ-1)
No comments:
Post a Comment