വാതില്‍ക്കല്‍ കാല്പെരുമാറ്റം കേട്ടു ചെന്നു നോക്കി.
ആരുമില്ല.
തിരിച്ചു കേറുമ്പോള്‍ ഒരു നിഴല്‍ ആദ്യം അകത്തു കടന്നു. ആരാത്?
മറുപടിയില്ല.
ദേഷ്യം വന്നു. ആരാണെന്നല്ലേ ചോദിച്ചത്?
പിന്നെയും മറുപടിയില്ല. എങ്ങനെയാ ദേഷ്യപ്പെടാതിരിക്കുക! മുന്നില്‍ നന്നായി കാണാം, കറുത്തു കുറുകിയ ഒരു നിഴല്‍ പതുങ്ങുന്നു!
കൈകള്‍ പിണച്ചുവച്ചു ചരിഞ്ഞൊരു നോട്ടം നോക്കി മിണ്ടാതെയങ്ങനെ നില്ക്കുകയാണ്.
ഹ... ഇവന്‍റെ മുഖം കണ്ടിട്ട് തന്നെ കാര്യം.
വെളിച്ചമെടുക്കാന്‍ പൂര്‍വികരുടെ അസ്ഥിമാടം വരെ പോകേണ്ടിവന്നു.അവിടെ മാത്രമെ സന്ധ്യകഴിഞ്ഞാല്‍ വിളക്കുവൈക്കാറുള്ളൂ.
വെളിച്ചംകൊണ്ടു വന്നപ്പോള്‍ കക്ഷിയില്ല. എവിടെയോ ഒളിച്ചുകളഞ്ഞു.
എങ്കില്‍ രണ്ടിലൊന്നു അറിഞ്ഞിട്ടുതന്നെ ബാക്കികാര്യം. മുറികളായമുറികള്‍ മുഴുവന്‍ തിരഞ്ഞു.
ഇടനാഴിയും അടുക്കളയും പത്തായപുരയും ഒന്നും ഒഴിവാക്കിയില്ല.
ങ്ഹേ! പൊടിപോലുമില്ല.. രക്ഷപെട്ടുകളഞ്ഞു.
തിരികെ വിളക്കുകൊണ്ടുവെച്ചു മുറിക്കകത്തേക്ക് കാലുവെച്ചില്ല, ദാ, തൂണിനുചുവട്ടില്‍ കുത്തിയിരിക്കുന്നു, ആ നിഴല്‍...
ദേഷ്യം കൊണ്ടു വായില്തോന്നിയതൊക്കെ വിളിച്ചുപറഞ്ഞു.
ഓടിപ്പോയി വിളക്കെടുത്തു വന്നു. കടന്നു കേററക്കാരന്‍ ചാടിപ്പോകാതിരിക്കാന്‍ വാതില്‍ പുറത്തുനിന്നടച്ചിട്ടാണ് പോയത്.
ഉള്ളില്‍കേറി വീണ്ടും വാതിലടച്ചു തഴുതിട്ടു.ശ്രദ്ധാപൂര്‍വം തിരച്ചില്‍ ആരംഭിച്ചു. ഇത്തവണ കയ്യില്‍ കിട്ടണം.
എല്ലായിടത്തും തിരഞ്ഞു ഒടുവിലാണ് തട്ടിന്‍പുറം കണ്ണില്‍ പെട്ടത്. ഒരിടവും വിട്ടുപോകരുത്. വിളക്കുമായി വലിഞ്ഞുകയറി.
പെട്ടെന്നൊരുകരച്ചില്‍ ചിതറി. അമ്പരന്നു ചുറ്റുപാടും നോക്കുമ്പോള്‍, വാരിക്കൂട്ടിയിട്ടിരുന്ന സാധനങ്ങള്‍ക്ക് പിന്നില്‍ അതാ കറുത്തു കുറുകിയ നിഴല്‍! അതവന്‍തന്നെ.
വേറെയും നിഴലുകള്‍ പിന്നിലുണ്ടെന്നു തോന്നി. ഒന്നിനെയും രക്ഷപ്പെടാന്‍ അനുവദിക്കരുത്! പെട്ടന്ന് ആ കുള്ളന്‍ നിഴല്‍ കരഞ്ഞുകൊണ്ട് ചോദിക്കുന്നു...
"മോനേ ആത്മാക്കളെയും നീ വെറുതെവിടില്ലേ?"
ശബ്ദം തിരിച്ചറിഞ്ഞു! അച്ഛന്‍!
വിളക്ക് ഊതിയണക്കുകയെന്ന ദയയാണ് ആദ്യം ചെയ്തത്. പിന്നെ ശബ്ദമുണ്ടാക്കാതെ പടിയിറങ്ങിപോരുമ്പോഴേക്കും കുറെ നിഴലുകള്‍ കൂടി ആ ഇരുട്ടിലേക്ക് കേറിപോയി.
* * * * * * * *
അതില്പിന്നീടാണ് അസ്ഥിമാടത്തിലും വിളക്കുവെക്കതായത്.
3 comments:
നന്നായിട്ടുണ്ട്...
ഇനിയും പ്രതീക്ഷിക്കുന്നു....................
jyo ..
താങ്കള്‍ പറഞ്ഞത് ശരിയാണു് ഇരുട്ടിലെ ആത്മാവിനെന്തിനു വെളിച്ചം...
തുടക്കം നന്നായിരിക്കുന്നു.
നന്ദി സുഹൃത്തുക്കളെ....
Post a Comment