"സ്വന്തം വായുടെ ചീത്തത്തം കൊണ്ടാണ് തത്തകളും മൈനകളും കൂട്ടില്‍ പെടുന്നത്. കൊറ്റികളെ ആരും ബന്ധിക്കാറില്ല". -പഞ്ചതന്ത്രം

27 September 2023

കഥ - അളിയന്മാർ

അളിയന്മാർ 

സുനിക്കുട്ടൻ്റെ തൂങ്ങിമരണം ആദ്യം കണ്ടത് റബർ വെട്ടുകാരൻ വറീതാണെങ്കിലും അതിൻ്റെ മുഴുവൻ ക്രെഡിറ്റും ആയാൾക്കുള്ളതല്ല. ഉറഞ്ഞു തൂങ്ങിയ റബർ പാലുപോലെ ഒരു ജട്ടിരൂപി, താൻ പതിവായി വെട്ടുന്ന റബറിൻ്റെ താഴ്ന്ന കൊമ്പിൽ  ഉടുമുണ്ടിൽ കെട്ടി ഞാന്നു കിടക്കുന്നതു ഹെഡ്‍ലൈറ്റിൻ്റെ  വെളിച്ചത്തിൽ കണ്ടു വറീത് വിറങ്ങലിക്കുമ്പോൾ കിഴക്കു വെള്ള കീറാൻ തുടങ്ങുകയും കറവക്കാരൻ വാസു പശുക്കളുള്ള വീടുകളുടെ പിന്നാമ്പുറങ്ങളിലൂടെ തൻ്റെ കാലിൻ്റെ പരിമിതികളെ കീഴ്‌പ്പെടുത്തി ജൈത്രയാത്ര ചെയ്യുകയുമായിരുന്നു. ഒരു കയ്യാല കയറി മറിയുമ്പോഴാണ് സ്പോട്ട് ലൈറ്റിൽ, പ്രാണൻ പോയി അന്തരീക്ഷത്തിൽ തങ്ങുന്ന രൂപവും പ്രാണൻ പോകാറായി നിൽക്കുന്ന വറീതിനെയും അയാൾ കാണുന്നത്. മിനിറ്റുകളുടെ വ്യത്യാസത്തിൽ അവരിരുവരും ആ കാഴ്ചയ്ക്ക് സാക്ഷിയായതോടെ ആ ഭൂഭാഗത്തെ അന്നത്തെ കറവ പരിപാടികൾ മുടങ്ങി. പാൽ ചുരത്താതെ റബറുമരങ്ങളും ഗോമാതാക്കളും വിമ്മിഷ്ടത്തോടെ ആ പുലരി തള്ളിനീക്കുമ്പോൾ വാസുവിൽ  നിന്നും വറീതിൽ നിന്നും വാർത്തയറിഞ്ഞു ജനക്കൂട്ടം റബർ തോട്ടത്തിനു നടുവിലെ വീട്ടിലേക്കു ഒഴുകിയെത്തിക്കൊണ്ടിരുന്നു...

സുനിക്കുട്ടൻ്റെ മാമൻ്റെ മോൻ മഹേഷ് കക്കൂസിലിരിക്കുമ്പോഴാണ് ഫോൺ ശബ്ദിച്ചത്. ഫോണുമായി കക്കൂസിൽ പോകുന്ന ശീലമുണ്ടായതു കൊണ്ട് ഒറ്റ റിങ്ങിനു തന്നെ അറ്റൻഡ് ചെയ്തു കാതിൽ ചേർത്തു. മറ്റേതലയ്ക്കൽ അളിയൻ സന്തോഷ് ആയിരുന്നു.
'നമ്മുടെ സുനിക്കുട്ടൻ പോയെടാ' എന്നത് ഒരാന്തലോടെയാണ് അയാൾ ശ്രവിച്ചത്.
അവൻ ഇപ്രാവശ്യംപണി പറ്റിച്ചു... സന്തോഷിൻ്റെ ശബ്ദത്തിൽ നിരാശ.
എങ്ങനെ?
റബറിൻ്റെ കൊമ്പില്... 
ആണോ...കഴിഞ്ഞ തവണ റബറിൻ്റെ ആസിഡ് എടുത്തു മോന്തി ചാവാറായി കിടന്നോനെ രക്ഷിക്കാൻ നമ്മളെങ്കിലും ഒണ്ടാരുന്ന്... ഇത് ഇങ്ങനെയെ  ആവോള്ളൂന്നു എനിക്കറിയാരുന്നു...
ഉം... എന്തരായാലും, അവൻ പോയി. നീ രതീഷിനേം കൂട്ടി വേഗംങ്ങു വാ... ഞാനും ദാ ഇവിടന്നു എറങ്ങേണ്‌. കാര്യങ്ങൾക്കൊക്കെ നമ്മളല്ലേ ഉള്ളൂ...
സന്തോഷ് ഫോൺ വച്ചു.

മഹേഷ് വേഗം ഫ്ലഷ് ചെയ്തു.

ഭാര്യയും പിള്ളാരും  അവളുടെ വീട്ടിൽ ആയിരുന്നതിനാൽ വിളിച്ചു വിവരം പറഞ്ഞു. മറുപടിക്കു കാത്തില്ല, പോണ പോക്കിൽ കുടുംബ വീട്ടിൽ  നിന്ന് അനിയൻ രതീഷിനെയും കൂട്ടി, അവൻ്റെ കാറിലായി തുടർ യാത്ര.. അച്ഛനും അമ്മയും സഹോദരിയുടെ കൂടെ വന്നോളാമെന്നു പറഞ്ഞത് ആശ്വാസമായി. അളിയന്മാർ എന്ന നിലയിൽ നേരത്തെ തന്നെ അവിടെ എത്തേണ്ട കടമയുണ്ടല്ലോ...
കാറിൽ സാധനം ഉണ്ടായിരുന്നതിനാൽ പോകുന്ന പോക്കിൽ വഴിയോരത്തു നിർത്തി രണ്ടാളും ഓരോന്ന് വീശി, ഒരു ധൈര്യത്തിന്‌.
മരണവീട്ടിൽ ചെല്ലുമ്പോളേക്കും പോലീസുകാർ എത്തിയിരുന്നു. മഹേഷിനെ കണ്ടപാടെ 'അളിയാ, അവൻ'... എന്നുപറഞ്ഞു സന്തോഷ് വികാര ഭരിതനായി. അവനും രാവിലെ ചെറുതൊരെണ്ണംവിട്ടിട്ടുണ്ട്.  പോലീസ് നടപടികൾ കഴിയാനായി മൂവരും മാറിനിന്നത്‌ ഭാവനസമ്പന്നരും ഉല്പതിഷ്ണുക്കളുമായ ഒരു കൂട്ടം തദ്ദേശവാസികളുടെ നടുവിലേക്കാണ്. സന്തോഷിനെ ചിലർക്ക് പരിചയം ഉള്ളതുകൊണ്ട് 'അയ്യോ പാവം. എത്ര നല്ല ചെറുപ്പക്കാരൻ,..ഗതി ഇങ്ങനെയായല്ലോ..' എന്നൊക്കെ ഒന്ന് രണ്ടു സഹതാപ മെഡലുകൾ തലപൊക്കിയെങ്കിലും മുഴുക്കുടിയൻ, ഊരുതെണ്ടി, തള്ളയെ തല്ലി, വായിനോക്കി, ഭൂലോക വേസ്റ്റ്, തല്ലുകൊള്ളി എന്നിങ്ങനെ സുനിക്കുട്ടന് ലഭ്യമായ വ്യത്യസ്തവും വിശിഷ്ടവുമായ ജനകീയ അവാർഡുകൾക്കിടയിൽ അവ നിറം മങ്ങിപ്പോയി.
മദ്യം മാത്രം ഭക്ഷിച്ചു ശുഷ്കിച്ച ആ ശരീരം ഇൻക്വസ്റ്റ് കഴിഞ്ഞു പോസ്റ്റുമോർട്ടത്തിന് ആംബുലൻസിൽ കയറ്റുമ്പോൾ കൂടെ പോവാൻ ബന്ധുക്കൾ ചിലർ മുന്നോട്ടുവന്നെങ്കിലും അളിയന്മാർ മൂവരും എല്ലാരേയും തടഞ്ഞു ആ ഉത്തരവാദിത്തം സ്വമേധയാ ഏറ്റെടുത്തു. സന്തോഷും മഹേഷും ആംബുലൻസിലും, അനിയൻ രതീഷ് സ്വന്തം കാറിലും മൃതദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ്  മോർച്ചറിയിലേക്ക് അനുഗമിച്ചു. 

ഇനിയെന്താണ്  പ്ലാൻ?
സമയം ഉച്ചയോടടുക്കുന്നു. മോർച്ചറിക്കു പുറത്തു കാത്ത് നില്ക്കാൻ തുടങ്ങിയിട്ടു ഏറെ നേരമായി. പുറത്തെ ലാബിലേക്ക് സാംപിളുമായി പോയി മടങ്ങിയെത്തിയപ്പോ മുതലുള്ള നിൽപ്പാണ്.
നമുക്കൊരോ ബോഞ്ചു വെള്ളം കാച്ചിയാലോ?
മൂവരും പരസ്പരം നോക്കി. 

സുനിക്കുട്ടൻ്റെ ആത്മാവിൻ്റെ നിത്യ ശാന്തിക്ക്...
അല്പം അകലെയുള്ള ബാറിൻ്റെ സുഖ ശീതളിമയിൽ അലിഞ്ഞിരുന്ന് നിശ്ശബ്ദമായി ഗ്ലാസ്സുകൾ മുട്ടിച്ചു, ഒരു പെഗ്ഗിലേക്കു ഊളിയിട്ടു മഹേഷ് പറഞ്ഞു.
ഒരിക്ക ആത്മഹത്യക്ക് ശ്രമിച്ചു പരാജയപ്പെട്ടാ, പിന്നെ ചെയ്യൂല എന്നല്ലേയണ്ണാ പൊതുവെ  പറയണത്? പിന്നെ ഈ സുനിയണ്ണൻ എങ്ങനെ ഇത്രോം പ്രാവശ്യം?
അനിയൻ രതീഷിൻ്റെ ചോദ്യം മഹേഷിനു രസിച്ചില്ല. 
എടാ, നീയവന സ്വബോധത്തോടെ എത്രപ്രാവശ്യോം കണ്ടിറ്റൊണ്ട്?  വെള്ളമടിച്ചാ അവൻ വേറെ ആളാ. അപ്പൊ തോന്നുന്നത് ചെയ്യും. ഒടുവിലെന്താ, സക്‌സസ് ആയി. അളിയൻ്റെ ടൈം എത്തീന്നു കരുത്യാ മതി.

കുടിച്ചു കുടിച്ചു കൂമ്പു വാടി ചാവുമെന്നാ ഞാൻ വിചാരിച്ചിരുന്നത്... സന്തോഷ് ഒരു സിപ് കൂടി എടുത്തു. സിഗരറ്റ് ഉണ്ടോടെ?

മറ്റവളെ ഓർത്തു നടന്നിട്ടല്ലേ...
മഹേഷ് സിഗററ്റിനൊപ്പം ചരിത്രത്തിൻ്റെ തുമ്പു കൂടി കൂടിനു പുറത്തേക്കിട്ടു..
പഴയ കഥ, പറഞ്ഞോണ്ടു വല്യ കാര്യോന്നുല്ല. എല്ലാർക്കും പടിക്കണ കാലത്തു പറ്റണ പോലെ ഇവനും പറ്റി, പക്ഷെ റിക്കവർ ആവാൻ പറ്റീല..
കറക്റ്റ്. ഞാനും കണ്ടതാണളിയാ. 
സന്തോഷ് പറഞ്ഞു. 
ഒരു സൂപ്പറ്  സാധനം...ചിരിക്കുമ്പോ നുണക്കുഴിയൊക്കെ വിടരും, ഹൌ.... അതൊക്കെ കണ്ടാ, അളിയന്റെ  തലയിൽ പാഠഭാഗങ്ങൾ നിൽക്കുമോ. പരീക്ഷയെഴുതാതെ അളിയൻ ഡിഗ്രി പൊട്ടുന്നു, അവള് വേറെ കോളേജിലേക്കും പോകുന്നു. പിന്നീട് ഒരു AC മെക്കാനിക്കായി ജീവിതംമെല്ലെ പൊക്കിയെടുത്തു വരുമ്പളാണ് അവള് എവനിട്ടു പണി കൊടുക്കുന്നത്...

അണ്ണാ, ഞാനും കേട്ടിട്ടൊണ്ട്. കപ്പല് വേറൊരു വൻകരയിലേക്കു അടുത്ത് അല്ലെ. പഴയ ഊ---പ്പോയ കഥ തന്നെ.
തന്നെടെ. പക്ഷെ, ഇത്രയും കാലം...ആയുസ്സിൻ്റെ ബാക്കി പകതീം കൂടി ഈ മൈ--ൻ  എന്തിനു നെഞ്ച് നീറ്റി? 
 മഹേഷിനു അരിശം വന്നു.
അത് കള്ളു നീറ്റിയതാടെ... സന്തോഷിൻ്റെ നാവു കുഴയുന്നുണ്ട്.
അവൻ്റെ ശരീരം മുഴുവൻ ആൽക്കഹോളാണ്  ..ചിത കണ്ടാമതി പുല്ല് കത്തിപ്പോവാൻ!
...എന്നാ നമ്മളും കത്തും അണ്ണാ...
മഹേഷ് അനിയനെ നോക്കി.
പോടാ..ഇതിൻ്റെടേലു ഒരുമാതിരി മറ്റേ വർത്താനം പറയരുത്.  അവൻ പെടുക്കുന്നത് വരെ കള്ളാണെടാ. കാര്യം ഞാനാണ് അവനെ കുടിക്കാൻ പഠിപ്പിച്ചതെങ്കിലും ഒടുക്കം അവൻ എൻ്റെ കുരുവായി മാറിയതറിയതും  നിനക്കറിയാമല്ല്...
"ആ.. എനിക്കറിയാം. അണ്ണനല്ലേ എന്നേം പഠിപ്പിച്ചത്! രാശിയുള്ള കൈയാണ്, ഇതു വര മൊടക്കോന്നുമുണ്ടായില്ലേയ്! 
രതീഷ് ചിരിച്ചു..
"ഉം... പക്ഷെ, ആ പെണ്ണിനെ ഓർത്ത് ഭ്രാന്തനായി ജീവിതം തൊലയണ്ടാന്നു കരുതിയാ കുടി തുടങ്ങിച്ചത്‌. എന്നാൽ രണ്ടെണ്ണം അടിക്കുമ്പോ സ്വന്തോം ബന്ധോമൊക്കെ മറന്നു പോകുമെന്നു വച്ചാല്... ആ തെണ്ടി, ഒരൂസം എന്നെ തല്ലാൻ കോളറില് പിടിച്ചത് നീ മറന്നു പോയാ...
ഹ ..അത് അണ്ണൻ ഒരു വിസ സംഘടിപ്പിച്ചു കൊടുക്കാം എന്ന് പറഞ്ഞു പറ്റിച്ചിട്ടല്ലേ..
പോടാർക്കാ, കാര്യങ്ങള് അറിയാതെ ചുമ്മാ നീയുങ്കൂടെ  അപകീർത്തിപ്പെടുത്തല്ലേ... ഇരുപത്തിനാലു മണിക്കൂറും കള്ളും കുടിച്ചു നാട്ടാരുടെ തല്ലും കൊണ്ട് നടക്കുന്നോനൊക്കെ എങ്ങനാടാ...

അത് പറഞ്ഞപ്പഴാ, ഇനി അവനെങ്ങാനും ആരുടെയെങ്കിലും നെഞ്ചത്ത് ചെന്ന് കേറി കാണുമോ?
പെട്ടെന്ന് സന്തോഷ് ചോദിച്ചു.
ഏയ്.. അതൊക്കെ പോലീസ് നോക്കും. അല്ലങ്കി  പോസ്റ്റ് മാർട്ടം റിപ്പോർട്ടില് വരുമല്ലോ...
പറഞ്ഞയുടൻ മൂവരുടെയും ചിന്തകൾ പാഞ്ഞത് മോർച്ചറിയിലേക്കാണ്....
സമയമെന്തായി?
രണ്ടര കഴിഞ്ഞല്ലോ...
നമ്മളോട് എപ്പോഴാ ചെല്ലാൻ പറഞ്ഞത്?
ആരും ഒന്നും പറഞ്ഞില്ലല്ലോ?
വേഗം പോയി നോക്കാം, എല്ലാം കഴിഞ്ഞു കാണും. ഈശ്വരാ, നമ്മുടെ സുനിക്കുട്ടൻ...
മോർച്ചറിയുടെ മുന്നിലെത്തുമ്പോൾ ആകാശം മേഘാവൃതമായി കാണുകയും മോർച്ചറിയുടെ പിന്നിലൂടെ ഒരു ദിവ്യപ്രഭ ഉയർന്ന് മേഘപാളിയിൽ ലയിക്കുന്നതായും മഹേഷിനു തോന്നി. അതിനു സുനിക്കുട്ടൻ്റെ രൂപമായിരുന്നു. 
നീയത് കണ്ടാ?..... അവൻ വെപ്രാളത്തിൽ അനിയനെ തോണ്ടി.
ഓ ... കണ്ടു. ദാണ്ടെ, ബോഡീല്  വണ്ടി കേറ്റണ്...
ങേ....?
വണ്ടീല് ബോഡി കേറ്റണ്ന്ന്‌...
ഞങ്ങള് വരണത് വരെ ഒരു രണ്ടു മിനിട്ടു വെയിറ്റ് ചെയ്താ ആകാശം ഇടിഞ്ഞു വീഴുമോന്നു അവിടെ കണ്ട ഒന്ന് രണ്ടു പേരോട് സന്തോഷ് ചോദിച്ചെങ്കിലും ഉത്തരം കിട്ടാത്തതിനാൽ മഹേഷിനെയും കൂട്ടി നേരെപോയി ആംബുലൻസിൻ്റെ പിന്നിൽ  കയറിയിരുന്നു. തുന്നിക്കെട്ടി വെള്ള പുതപ്പിച്ചു  കിടത്തിയ മൃതശരീരത്തിൻ്റെ തലക്കൽ രണ്ടുപേർ നേരത്തെ സ്ഥാനം പിടിച്ചിട്ടുണ്ടായിരുന്നു. അവരിൽ ഒരാൾ, ഇടയ്ക്കിടെ കണ്ണീർ തുടയ്ക്കുന്നതു കണ്ടു മഹേഷിനും കരച്ചിൽ വന്നു. അവൻ സന്തോഷിൻ്റെ തോളിൽ മുഖമമർത്തി വിതുമ്മി. എന്തൊക്കെ പറഞ്ഞാലും ഇവൻ നമ്മുടെ ചോരയല്ലേടാ...
ആംബുലൻസ് മറ്റൊരു റോഡിലേക്ക് തിരിയുന്നത് ശ്രദ്ധിച്ചത് രതീഷാണ്. പിന്നാലെ കാറിൽ വന്നുകൊണ്ടിരുന്ന  അവൻ ഉച്ചത്തിൽ ഹോൺ മുഴക്കിയെങ്കിലും, തഴക്കം  വന്ന ഒരു ആംബുലൻസ് ഡ്രൈവറും അത്ര പെട്ടെന്ന് സൈഡ് കൊടുക്കുകയോ നിർത്തുകയോ ചെയ്യില്ലെന്നറിയാമായിരുന്നതു കൊണ്ട് അതിനെ മെല്ലെ പിന്തുടരാനെ അവനു നിവൃത്തിയുണ്ടായിരുന്നുള്ളൂ.... മൃതദേഹത്തോട് ഉരുമ്മിയിരുന്നു സങ്കടപ്പെട്ടുകൊണ്ടിരുന്ന അളിയന്മാരിലേക്കു ബാഹ്യമായ പ്രശ്നങ്ങൾ എത്തിയതുമില്ല.
വീടെത്തി, ആംബുലൻസിൽ നിന്ന് മൃതദേഹം പുറത്തിറക്കുന്നതിൽ ബദ്ധശ്രദ്ധരായ ചേട്ടന്മാരെ പിന്നിലൂടെവന്നു തോണ്ടി വിളിച്ചു രതീഷ് കാര്യം പറഞ്ഞു. അനുഗമിച്ചതും തൊട്ടു തലോടിയതും മറ്റേതോ ശവത്തെയാണ്.  ജാള്യതയാൽ വിളറിയ മുഖവുമായി ജനക്കൂട്ടത്തിൽ നിന്നൂർന്നു ഒരു വിധം റോഡെത്തി, ശ്വാസം കഴിച്ചു.
ശ്ശേ.നാണക്കേടായി...
ഇനിയെന്തരു ചെയ്യും? വീണ്ടും മോർച്ചറിയിലേക്കു പോണാ?
സന്തോഷ് ചോദിച്ചു.
ഇപ്പ സമയം അഞ്ചാവണ്... മെഡിക്കൽകോളേജിലേക്കു പോയാ  വീണ്ടും ഒന്നൊന്നര മണിക്കൂറ് പോവും. നേരെ വീട്ടിപ്പോണെങ്കി ഒരു മണിക്കൂറില് എത്തും.
രതീഷ് പറഞ്ഞു. നമ്മുടെ അശ്രദ്ധേണ്, വിനയായത്...
അപ്പഴ് ബോഡി ആര് കൊണ്ട് വരും?
ഒരു മിനിറ്റെ ...
സന്തോഷ് മാറി നിന്ന് ആരെയോ വിളിക്കുകയാണ്.
 ബുദ്ധി വേണമെടെ , ബുദ്ധി.
സന്തോഷ് തിരിഞ്ഞു മഹേഷിനോടും അനിയനോടുമായി പറഞ്ഞു. ഓജസ്സ് ബാറിലെ പയ്യനേണ്  വിളിച്ചത്. അവന് നാട്ടിലെ എല്ലാ കുടിയന്മാരുമായിട്ടു നല്ല ആത്മബന്ധമൊള്ളോണ്ട് വിശ്വസിച്ചു വിളിക്കാം...പേടിക്കാനൊന്നുമില്ല, ബോഡി കൊണ്ട് വന്നു, ദഹിപ്പിക്കാൻ എടുത്തപ്പഴാ അവൻ മടങ്ങിയതത്രെ. ഒറ്റ മണിക്കൂറേ ആയിട്ടൊള്ളൂ . ഇനി കൊണ്ട് പോയത് ആര് എന്ന് മാത്രം അറിഞ്ഞാൽ മതി.

വാ വണ്ടിയെടുക്ക്...

മരണവീടിനോടു അടുക്കുമ്പോഴേ ചിതയിൽ നിന്നുയരുന്ന പുക കാണാമായിരുന്നു. വീട്ടിലേക്കുള്ള വഴിയിൽ ചിലർ സ്വകാര്യം പറഞ്ഞു നിൽപ്പുണ്ട്. ട്യൂബുലൈറ്റ് മിന്നിച്ചു പരിശോധിച്ച് നിന്ന പരിചയക്കാരൻ പയ്യൻ സന്തോഷിനെ കണ്ടു ചിരിച്ചു. അണ്ണാ, നിങ്ങള് ഇപ്പഴാണ വരണത്?
 സന്തോഷ് അവനെ അവഗണിച്ചു മുറ്റത്തേക്ക് നടന്നു. രതീഷും മഹേഷും നേരത്തെ അവിടുണ്ടായിരുന്നവരെപ്പോലെ തിടുക്കമില്ലാതെ അവനെ പിന്തുടർന്നു... മുറ്റത്തിൻ്റെ അതിരുകളിൽ വലിച്ചു കെട്ടിയ നീല ടാർപ്പോളിൻ്റെ കീഴിലെ ഇരുട്ട് പന്തലിട്ടയിടങ്ങളിൽ, ഗൂഢ ചർച്ചകളിൽ മുഴുകി ഒരു കൂട്ടം കസേരകൾ തോളിൽ കൈയിട്ടിരിപ്പുണ്ട്. കൂട്ടം തെറ്റിയ ചില കസേരകൾ എപ്പോഴെങ്കിലും വന്നെത്തിയേക്കാവുന്ന കട്ടൻ ചായയിൽ അമിത പ്രതീക്ഷ പുലർത്തി ചടഞ്ഞിരിക്കുന്നു... 
അളിയന്മാർ ചിത കത്തുന്നയിടത്തേക്കു നടക്കുമ്പോൾ പരസ്പരം ചോദിച്ചു, ആരായിരിക്കും ബോഡി കൊണ്ട് വന്നത് ? 

ചിതയ്ക്കരികിൽ ദഹന മേൽനോട്ടക്കാരായ രണ്ടു പേരെകൂടാതെ രണ്ടുമൂന്നു നരച്ച തലകളും കൂടി ഉണ്ടായിരുന്നു. ഒരു നരച്ച തല സന്തോഷിൻ്റെ നേരെ തിരിഞ്ഞ് 'നിന്നെ ഇവിടെയെങ്ങും കണ്ടില്ലല്ലോ' എന്ന് വീശിയചോദ്യത്തിനെ, 'ഞാൻ വല്യച്ഛൻ്റെ പിറകിൽ ഉണ്ടായിരുന്നു, ഞാൻ കണ്ടല്ലോ' എന്ന് ഗുലാൻ കൊണ്ടു വെട്ടി സന്തോഷും മറ്റു അളിയന്മാരും എരിയുന്ന തീയുടെ മറു വശത്തു പോയി നിന്നു. കുറ്റബോധമോ ചമ്മലോ എന്ന് തിരിച്ചറിയാത്ത എന്തോ ഒന്ന് നെറുയിൽ  കയറിയിരുന്ന ഭാരമൊഴിച്ചാൽ വേറെ ശാരീരിക ലക്ഷണക്കേടൊന്നും മൂവരിലും കാണാനുണ്ടായിരുന്നില്ല.
പൊട്ടണ ഒച്ച കേട്ട? ഇടുപ്പാണ്... തടിച്ച ശരീരമുള്ള ഒരാൾ അവരുടെ പിന്നിൽ നിന്നും അഗ്നിചൂടിനരികിലേക്ക് വന്നു. ഒരു ചുവന്ന കീറപ്പട്ട് മുണ്ടിനു മീതെ കെട്ടിയിട്ടുണ്ട്. .അയാൾ കൈയിലിരുന്ന ശൂലാകൃതിയുള്ള ഇരുമ്പു ദണ്ഡിനെ  ചിതയുടെ മദ്ധ്യത്തിലായി കുത്തി. 
കണ്ടാ...ഇപ്പഴാണ് കെട്ട് പൊട്ടിയത്... 
ദഹിച്ചൊടുങ്ങുന്ന ശരീരഭാഗങ്ങളിലേക്കു തുറിച്ച അയാളുടെ  കണ്ണുകളിൽ തീ നാളങ്ങൾ.

മദ്യപാനികള ശരീരം വേഗം കത്തിപ്പോവുംന്ന് ചില മണ്ടൻ ധാരണകളൊണ്ട്.
അയാൾ കറപറ്റിയ പല്ലുകൾ കാട്ടി ചിരിച്ചു...അളിയന്മാർ പരസ്പരം നോക്കി.

ഇവിടെ ചെലര് പറയണ കേട്ടു ...അതൊക്കെ ചുമ്മാ. പക്ഷെ  ചെല ശരീരങ്ങള് ഒണ്ട്, വേഗത്തില് തീയില് ഉരുവാത്തത്. അങ്ങനത്തെ ഒന്നാണ് ദാ ഈ കെടക്കണത്... 
അളിയന്മാർ അയാള് പറയുന്നത് ശ്രദ്ധിച്ചു നിന്നു. പെട്ടെന്ന് കീഴടങ്ങാത്ത ശരീരം തീയോടു മത്സരിച്ചോണ്ടിരിക്കും. ഈയാളുടെ നെഞ്ചിൻകൂട് നിങ്ങള് ശ്രദ്ധിച്ചാ? കത്താത കെടക്കണ കണ്ടാ?  ഒടുങ്ങാത്ത പക ഒള്ളോർക്കും, ഹൃദയത്തില് ഭയങ്കര സ്‌നേഹം ഒള്ളോർക്കും അങ്ങനെയാണെന്ന് എൻ്റെ ഗുരുനാഥൻ പറഞ്ഞിറ്റൊണ്ട്... ഇയാള് അങ്ങനെ ഒള്ള ആള് തന്നെ? നിങ്ങള ആര്?
ബന്ധുവാണ്.. മഹേഷ് പറഞ്ഞു.
അപ്പ .. ഞാൻ പറഞ്ഞത് നേരു തന്നെ?
അതെ..സ്നേഹോള്ളവനാരുന്നു...
കണ്ട...കറക്ടായില്ലേ...അയാൾ സന്തോഷത്തോടെ എല്ലാവരെയും നോക്കി.
പിള്ളേ, സാധനം വലതും ഇരിപ്പൊണ്ടാ? അയാൾ പെട്ടെന്ന് മഹേഷിന് നേരെ തിരിഞ്ഞു.
മഹേഷ് രതീഷിനെ നോക്കി.
വണ്ടീല് അല്പം കാണും...
മതി. ഇച്ചിരെ ആയാലും മതി. അയാളുടെ ചിരിയിൽ കറയില്ലായിരുന്നു. രതീഷ് കാറിനടുത്തേക്ക് പോയി.
ചെലര് മണ്ണെണ്ണെ, പെട്രോളോ ഒക്കെ പ്രയോഗിച്ചു കളേം. എന്നാ, ഈ വിക്രമൻ ഒരിക്കലും അത് ചെയ്യൂല. നമ്മക്ക് നമ്മളെതായ ചെല നേരുകളും നെറികളും ഒക്ക ഒണ്ട്.
രതീഷ് മുക്കാലും ഒഴിഞ്ഞ കുപ്പിയുമായി വന്നു. അയാൾ അത് വാങ്ങി, മതിയെന്ന് തലകുലുക്കി കുപ്പിയുടെ  അടപ്പു തുറന്നു. ദ്രാവകം ബോഡിയുടെ നെഞ്ചിന് മേലെ കമിഴ്ത്തിയതും തീയാളി പടർന്നു.
ഇന്നിയെ നെഞ്ചു ഉരുവൊള്ളൂ... അയാൾ പറഞ്ഞു.
ലാസ്റ്റ് സിപ്...
പിന്തിരിയുമ്പോൾ സന്തോഷ് പിറുപിറുത്തു.

അളിയന്മാർ ചിതയെ എരിയാൻ അനുവദിച്ച്, ട്യൂബ് വെളിച്ചത്താൽ നഗ്നമാകാത്ത പുരയിടത്തിൻ്റെ മാറിലൂടെ  കാറിനടുത്തേക്ക് പോയി.
പ്രകാശൻ മാമൻ്റെ  മോൻ രാജേഷായിരിക്കും. രതീഷ് പറഞ്ഞു.
എന്ത്?
അല്ല, ബോഡി കൊണ്ട് വന്നതേ... അതിനെ സാധ്യത ഒള്ള്... പക്ഷെ ആ ചെറുക്കനോട് എങ്ങനെ ചോദിക്കും?
നീ അത് വിടടെ... സാധനം വണ്ടിയിലൊണ്ടോ?
 മഹേഷ് ചോദിച്ചു. രതീഷ് ഉണ്ടെന്നു പറഞ്ഞു.
തല പെരുക്കുന്നു... വാ ഓരോന്നടിക്കാം... 
മഹേഷ് ഡോർ തുറന്നു. 
മുറ്റത്തിരുന്ന വറീതും ശശിയണ്ണനും അപ്പോൾ വിളമ്പിയ ചൂടു കട്ടൻ ചായ ഊതി കുടിച്ച്‌ അടുത്ത വർത്തമാനത്തിലേക്കും കടന്നു...


ജ്യോതിഷ് വെമ്പായം 

No comments: