വെയിൽ മരങ്ങൾ
ജ്യോതിഷ്‌കുമാർ. സി.എസ്
ബൽബീർ സിങ്ങും മകൻ പരംജീതും ബട്ടിൻഡ റെയിൽവേ സ്റ്റെഷനു മുന്നിൽ ബസിറങ്ങുമ്പോൾ ഇന്ത്യൻ സമയം രാത്രി 8 മണി കഴിഞ്ഞിരുന്നു. ബിക്കാനീറിനു പോകേണ്ട അബോഹാർ -ജോധ്പൂർ പാസഞ്ചർ പ്ലാട്ഫോമിൽ എത്തിച്ചേരുന്നതു 8.55 നു ആണ്. അതിനു ഇനിയും സമയമുണ്ട്. ടിക്കറ്റെടുത്തു വന്നപ്പോഴേക്കും കവാടത്തിനു മുന്നിൽ നല്ല തിരക്ക് അനുഭവപ്പെട്ടു. ബൽബീർ സിങ്ങിനു നടക്കാൻ പ്രയാസമുള്ളതിനാൽ പരംജീത് പിതാവിനെ പ്ലാറ്റുഫോമിലേക്കുള്ള ചെറിയ സിമന്റു പടവുകൾ കയറാൻ സഹായിച്ചു. അതിൽ 67 കാരനായ ബൽബീർ സിങ്ങ് കുണ്ഠിതപ്പെടുകയും ചെയ്തു.
" നിന്നെ സഹായിക്കാനാണല്ലോ മോനെ ഞാൻ കൂടെ വന്നത്..പക്ഷെ.."
"സാരമില്ല അച്ഛാ.... അതിനെനിക്ക് വയ്യായ്ക ഒന്നുമില്ലല്ലൊ.."
പടവുകൾ കയറി പ്ലാറ്റ്ഫോമിലൂടെ അവർ അല്പദൂരം നടന്നു. മറ്റൊരാൾ അനുതാപപൂർവ്വം നീങ്ങി നൽകിയ സിമൻറ് ബെഞ്ചിൻ്റെ എളിയ ആർഭാടത്തിലേക്കു പിതാവിനെ ഇരിക്കാൻ വിട്ട്, പരംജീത് ബാഗ് നിലത്തു വച്ച് നടു നിവർത്തി. നിലത്താകെ ഗുൽമോഹർ പൂവുകൾ ചതഞ്ഞു ചിതറിക്കിടപ്പുണ്ട്. സ്റ്റേഷനിലെ സോഡിയം വേപ്പർ ലാമ്പുകളുടെ മഞ്ഞവെളിച്ചത്തിൽ പൂക്കളുടെ ചുവപ്പിനു പ്രസക്തി നഷ്ടപ്പെട്ടു പോയെന്നു പരംജീതിനു തോന്നി. മൊട്ടു വിരിഞ്ഞു പൂവാകും വരെയുള്ള ഹ്രസ്വമായ ജീവിത പന്ഥാവ്. ഞെട്ടറ്റു പോയാൽ പിന്നെ ആരുടെയോ കാൽപ്പാടുകൾക്കു താഴെ...മണ്ണോടു ചേർന്ന് ..
ട്രാക്ടറിൽ വന്നിറങ്ങിയ ഒരു സംഘം ഗ്രാമീണർ ടിക്കറ്റ് കൌണ്ടറിനു മുന്നിലേക്ക് ചെന്ന് നിന്ന് കലപില സംസാരിക്കാൻ തുടങ്ങി. അവരിൽ ചിലർ കൈയിലുള്ള ചോളപ്പൊരികൾ ചവച്ചുകൊണ്ടു കൂട്ടത്തിലെ കണ്ണീർ തുടയ്ക്കുന്ന സ്ത്രീകളോട് ശാസനാ സ്വരത്തിൽ സംസാരിക്കുന്നതും കാണാമായിരുന്നു. ഇവരിൽ ആരൊക്കെയോ ബിക്കാനീറിൻ്റെ സന്തതികൾ ആവാൻ പോവുകയാണ്... ഒരു പക്ഷെ തന്നെപ്പോലെ പരീക്ഷണ വിജയമോ പരാജയമോ തേടി, ഭാഗ്യ നിര്ഭാഗ്യങ്ങളുടെ ഒരു ഉത്തരക്കടലാസിന് വേണ്ടി പോവുകയായിരിക്കാം.
"നീയ് ഇരിക്ക് മോനെ.."
ബൽബീർ സിങ്ങിനു ഇരിപ്പുറച്ചിട്ടില്ല..അയാൾ സ്വയം ഞെരുങ്ങി മകന് ഇരിക്കാൻ സ്ഥലമുണ്ടാക്കുമ്പോൾ പരംജീത് തടഞ്ഞു.
"വേണ്ട അച്ഛാ.. അച്ഛന്റെ മട്ടും ഭാവവും കണ്ടാൽ ഞാനെന്തോ വലിയ രോഗി ആണെന്ന് തോന്നുമല്ലോ.."
അയാളുടെ ചിരിയും പ്രസന്നതയും ബൽബീർ സിംഗിനെ കൂടുതൽ തളർത്തുകയാണ് ചെയ്തത്..
" ഇല്ല. മോനെ..നീ രോഗിയല്ല. ബാബയുടെ കാരുണ്യത്താൽ നിനക്ക് അസുഖം ഒന്നും വരില്ല. റിസൾട്ട് കിട്ടട്ടെ, എല്ലാ പ്രയാസങ്ങളും മാറും... നമ്മുടെ കുടുംബത്തെ ചൂഴ്‌ന്നു നില്ക്കുന്ന ദുരിതമൊക്കെ അവസാനിച്ചു മോനെ...എല്ലാം ശരിയാവും."
അയാൾ അല്പസമയം മിണ്ടാതിരുന്നു.
"നമുക്ക് പോയി റൊട്ടിയും ദാൽ മഖാനിയും കഴിച്ചാലോ? നിനക്ക് വിശക്കുന്നുണ്ടാവും..." പരംജീത് അച്ഛനെ തടഞ്ഞു.
"നമ്മൾ ബസ് കയറുന്നതിനു അരമണിക്കൂർ മുമ്പല്ലേ കഴിച്ചത്? അച്ഛനെന്താ മറന്നു പോയോ"
എന്ന് അയാൾ അത്ഭുതപ്പെടുകയും ചെയ്തു.
"ശരിയാ..ഞാൻ മറന്നു."
ബൽബീർ സിങ്ങ് തലയാട്ടിക്കൊണ്ട് ഒരു ദീർഘനിശ്വാസത്തോടെ മകന്റെ മുഖത്തുനിന്നും കണ്ണുകൾ പിൻവലിച്ചു.
മകൻ മെലിഞ്ഞു പോയിരിക്കുന്നു. അവൻ്റെ ഭംഗിയുള്ള ചെമ്പൻ കണ്ണുകൾ വെളിച്ചം കെട്ടു കുണ്ടിലാണ്ട് പോയി.. കഴിഞ്ഞ കുറെ നാളുകളായുള്ള ചിന്താഭാരം അവനെ നന്നായി ഉലച്ചിട്ടുണ്ട്. ഇളം പ്രായമാണ്, ജീവിത വ്യായാമത്തിലെ പ്രാഥമിക പാഠങ്ങൾ പഠിക്കുന്നതേയുള്ളൂ. ആശുപത്രിയിലെ പരിശോധനയും കഴിഞ്ഞു മടങ്ങി വന്നാലുടൻ ആ ബർബീത് സിംഗിൻ്റെ മകളുടെ ആലോചന അങ്ങ് ഉറപ്പിക്കണം. ഭഗവാൻ, അവിടുന്ന് ഞങ്ങളെ പരീക്ഷിക്കരുതേ...അവനു ഒരു കുഴപ്പവും വരുത്തരുതെ..
ജ്യോതിഷ്‌കുമാർ. സി.എസ്
ബൽബീർ സിങ്ങും മകൻ പരംജീതും ബട്ടിൻഡ റെയിൽവേ സ്റ്റെഷനു മുന്നിൽ ബസിറങ്ങുമ്പോൾ ഇന്ത്യൻ സമയം രാത്രി 8 മണി കഴിഞ്ഞിരുന്നു. ബിക്കാനീറിനു പോകേണ്ട അബോഹാർ -ജോധ്പൂർ പാസഞ്ചർ പ്ലാട്ഫോമിൽ എത്തിച്ചേരുന്നതു 8.55 നു ആണ്. അതിനു ഇനിയും സമയമുണ്ട്. ടിക്കറ്റെടുത്തു വന്നപ്പോഴേക്കും കവാടത്തിനു മുന്നിൽ നല്ല തിരക്ക് അനുഭവപ്പെട്ടു. ബൽബീർ സിങ്ങിനു നടക്കാൻ പ്രയാസമുള്ളതിനാൽ പരംജീത് പിതാവിനെ പ്ലാറ്റുഫോമിലേക്കുള്ള ചെറിയ സിമന്റു പടവുകൾ കയറാൻ സഹായിച്ചു. അതിൽ 67 കാരനായ ബൽബീർ സിങ്ങ് കുണ്ഠിതപ്പെടുകയും ചെയ്തു.
" നിന്നെ സഹായിക്കാനാണല്ലോ മോനെ ഞാൻ കൂടെ വന്നത്..പക്ഷെ.."
"സാരമില്ല അച്ഛാ.... അതിനെനിക്ക് വയ്യായ്ക ഒന്നുമില്ലല്ലൊ.."
പടവുകൾ കയറി പ്ലാറ്റ്ഫോമിലൂടെ അവർ അല്പദൂരം നടന്നു. മറ്റൊരാൾ അനുതാപപൂർവ്വം നീങ്ങി നൽകിയ സിമൻറ് ബെഞ്ചിൻ്റെ എളിയ ആർഭാടത്തിലേക്കു പിതാവിനെ ഇരിക്കാൻ വിട്ട്, പരംജീത് ബാഗ് നിലത്തു വച്ച് നടു നിവർത്തി. നിലത്താകെ ഗുൽമോഹർ പൂവുകൾ ചതഞ്ഞു ചിതറിക്കിടപ്പുണ്ട്. സ്റ്റേഷനിലെ സോഡിയം വേപ്പർ ലാമ്പുകളുടെ മഞ്ഞവെളിച്ചത്തിൽ പൂക്കളുടെ ചുവപ്പിനു പ്രസക്തി നഷ്ടപ്പെട്ടു പോയെന്നു പരംജീതിനു തോന്നി. മൊട്ടു വിരിഞ്ഞു പൂവാകും വരെയുള്ള ഹ്രസ്വമായ ജീവിത പന്ഥാവ്. ഞെട്ടറ്റു പോയാൽ പിന്നെ ആരുടെയോ കാൽപ്പാടുകൾക്കു താഴെ...മണ്ണോടു ചേർന്ന് ..
ട്രാക്ടറിൽ വന്നിറങ്ങിയ ഒരു സംഘം ഗ്രാമീണർ ടിക്കറ്റ് കൌണ്ടറിനു മുന്നിലേക്ക് ചെന്ന് നിന്ന് കലപില സംസാരിക്കാൻ തുടങ്ങി. അവരിൽ ചിലർ കൈയിലുള്ള ചോളപ്പൊരികൾ ചവച്ചുകൊണ്ടു കൂട്ടത്തിലെ കണ്ണീർ തുടയ്ക്കുന്ന സ്ത്രീകളോട് ശാസനാ സ്വരത്തിൽ സംസാരിക്കുന്നതും കാണാമായിരുന്നു. ഇവരിൽ ആരൊക്കെയോ ബിക്കാനീറിൻ്റെ സന്തതികൾ ആവാൻ പോവുകയാണ്... ഒരു പക്ഷെ തന്നെപ്പോലെ പരീക്ഷണ വിജയമോ പരാജയമോ തേടി, ഭാഗ്യ നിര്ഭാഗ്യങ്ങളുടെ ഒരു ഉത്തരക്കടലാസിന് വേണ്ടി പോവുകയായിരിക്കാം.
"നീയ് ഇരിക്ക് മോനെ.."
ബൽബീർ സിങ്ങിനു ഇരിപ്പുറച്ചിട്ടില്ല..അയാൾ സ്വയം ഞെരുങ്ങി മകന് ഇരിക്കാൻ സ്ഥലമുണ്ടാക്കുമ്പോൾ പരംജീത് തടഞ്ഞു.
"വേണ്ട അച്ഛാ.. അച്ഛന്റെ മട്ടും ഭാവവും കണ്ടാൽ ഞാനെന്തോ വലിയ രോഗി ആണെന്ന് തോന്നുമല്ലോ.."
അയാളുടെ ചിരിയും പ്രസന്നതയും ബൽബീർ സിംഗിനെ കൂടുതൽ തളർത്തുകയാണ് ചെയ്തത്..
" ഇല്ല. മോനെ..നീ രോഗിയല്ല. ബാബയുടെ കാരുണ്യത്താൽ നിനക്ക് അസുഖം ഒന്നും വരില്ല. റിസൾട്ട് കിട്ടട്ടെ, എല്ലാ പ്രയാസങ്ങളും മാറും... നമ്മുടെ കുടുംബത്തെ ചൂഴ്‌ന്നു നില്ക്കുന്ന ദുരിതമൊക്കെ അവസാനിച്ചു മോനെ...എല്ലാം ശരിയാവും."
അയാൾ അല്പസമയം മിണ്ടാതിരുന്നു.
"നമുക്ക് പോയി റൊട്ടിയും ദാൽ മഖാനിയും കഴിച്ചാലോ? നിനക്ക് വിശക്കുന്നുണ്ടാവും..." പരംജീത് അച്ഛനെ തടഞ്ഞു.
"നമ്മൾ ബസ് കയറുന്നതിനു അരമണിക്കൂർ മുമ്പല്ലേ കഴിച്ചത്? അച്ഛനെന്താ മറന്നു പോയോ"
എന്ന് അയാൾ അത്ഭുതപ്പെടുകയും ചെയ്തു.
"ശരിയാ..ഞാൻ മറന്നു."
ബൽബീർ സിങ്ങ് തലയാട്ടിക്കൊണ്ട് ഒരു ദീർഘനിശ്വാസത്തോടെ മകന്റെ മുഖത്തുനിന്നും കണ്ണുകൾ പിൻവലിച്ചു.
മകൻ മെലിഞ്ഞു പോയിരിക്കുന്നു. അവൻ്റെ ഭംഗിയുള്ള ചെമ്പൻ കണ്ണുകൾ വെളിച്ചം കെട്ടു കുണ്ടിലാണ്ട് പോയി.. കഴിഞ്ഞ കുറെ നാളുകളായുള്ള ചിന്താഭാരം അവനെ നന്നായി ഉലച്ചിട്ടുണ്ട്. ഇളം പ്രായമാണ്, ജീവിത വ്യായാമത്തിലെ പ്രാഥമിക പാഠങ്ങൾ പഠിക്കുന്നതേയുള്ളൂ. ആശുപത്രിയിലെ പരിശോധനയും കഴിഞ്ഞു മടങ്ങി വന്നാലുടൻ ആ ബർബീത് സിംഗിൻ്റെ മകളുടെ ആലോചന അങ്ങ് ഉറപ്പിക്കണം. ഭഗവാൻ, അവിടുന്ന് ഞങ്ങളെ പരീക്ഷിക്കരുതേ...അവനു ഒരു കുഴപ്പവും വരുത്തരുതെ..
അതെ ചിന്തകളിലൂടെ ആണ് അപ്പോൾ പരംജീതും കടന്നു പൊയ്ക്കൊണ്ടിരുന്നത്. ഈയിടെയായി സംസാരം മുറിയുമ്പോഴെല്ലാം അയാൾ ചിന്തകളിലേക്ക് വഴുതിപ്പോകും. വാസ്തവത്തിൽ 'ദൂജി' യെ ഭയന്നു തന്നെയാണ് അച്ഛൻ ചെയ്തിരുന്ന പരുത്തി കൃഷി വിട്ടു കുറച്ചു ദൂരെയുള്ള ഇഷ്ടികക്കളത്തിലെ ജോലി സ്വീകരിച്ചത്. രണ്ടു മാസങ്ങൾക്ക് മുൻപ് ദേശത്ത് സർവേയ്ക്കു വന്ന ഒരു മെഡിക്കൽ സംഘത്തിലെ ഡോക്ടർക്ക് തോന്നിയ ഒരു സംശയം. ശരീരത്തിലെ ചുവന്ന പാടുകൾ ഒരുപക്ഷെ വിനാശകാരിയായ ആ രോഗത്തിൻ്റെ ലക്ഷണങ്ങൾ ആയേക്കാമെന്ന മുന്നറിയിപ്പ്. ഭയപ്പെടനാണെങ്കിൽ നാല് വര്ഷങ്ങള്ക്ക് മുൻപ് നഷ്ടമായ അമ്മാവന്റെ കഥ തന്നെ ധാരാളമാണല്ലോ. സർവെക്കാരുടെ വാക്കുകൾ പിതാവിനെയും മാതാവിനെയും ഉലച്ചു. ഏക മകൻ. കുടുംബത്തിന്റെ ഏക പ്രതീക്ഷയും. അങ്ങനെ അച്ഛന്റെ പിടിവാശിക്ക് കീഴടങ്ങിയാണ് കഴിഞ്ഞ മാസം ബിക്കാനീറിലെ ആചാര്യ തുളസി റീജിയണൽ കാൻസർ സെന്ററിൽ വന്നു സാമ്പിൾ നല്കി മടങ്ങിയത്. ആ സംശയത്തിന്റെ നിവാരണമാണ്, അതിന്റെ സാക്ഷ്യപത്രം നേടാനാണ് ഈ യാത്ര. ഭയപ്പെടനൊന്നും ഉണ്ടാവില്ലെന്ന് ഉള്ള് പറഞ്ഞെങ്കിലും വളർന്നു കൊണ്ടിരിക്കുന്ന അകാരണമായൊരു ആധി തീച്ചൂളയിലെ മൺകട്ടകളെ പോലെ മനസിനെ വേവിച്ചു കൊണ്ടേയിരിക്കുന്നു.
അവൻ്റെ ചിന്തകളിൽ എവിടെയോ ഇടറിയ കുഞ്ഞു മണിനാദം മുഴക്കികൊണ്ട് രണ്ടു വെളുത്ത പാദങ്ങൾ മുന്നിലൂടെ കടന്നു പോയി. തിളക്കമുള്ള പാദസരങ്ങൾ. അവൻ നിലത്തു നിന്ന് കണ്ണുകളെ പിന്‍വലിച്ച് ആ പാദസരങ്ങളുടെ ഉടമയെ നോക്കി. ഓറഞ്ചിൽ മഞ്ഞപൂക്കൾ പ്രിൻറ് ചെയ്ത സൽവാർ കമ്മീസിൽ, പഴുത്ത ഗോതമ്പ് കതിർ പോലെ മെലിഞ്ഞ ഒരു പെണ്‍കുട്ടി. അവളുടെ തലമൂടിയ മഞ്ഞ ദുപ്പട്ട, മുഖം മുക്കാലും മറച്ചു. എന്നിട്ടും, ഇലകൾക്കിടയിൽ പെട്ടുപോയ സൂര്യകാന്തിപ്പൂവിനെപ്പോലെ അവളുടെ മുഖകാന്തി ഒരു കൊച്ചു കാറ്റിനാൽ നിഴലിൽ നിന്ന് വെളിപ്പെട്ടു. അവൾ എതിരെയുള്ള ബഞ്ചിൽ ചെന്നിരുന്നു കൈയിലുള്ള പൊതിയഴിച്ചു റൊട്ടി പുറത്തെടുത്തു. അപ്പോഴാണ് പരംജീത് അവൾക്കടുത്തായി ബഞ്ചിലിരിക്കുന്ന മധ്യവയസ്കനെ ശ്രദ്ധിച്ചത്. അവളുടെ പിതാവായിരിക്കും. രോഗിയായ അയാളെ അനുഗമിക്കുകയായിരിക്കും, ഈ പെൺകുട്ടി. അവൾ റൊട്ടി കറിയിൽ ഒന്നമർത്തി വായിൽ വച്ചുകൊടുക്കാൻ ശ്രമിക്കുമ്പോൾ ആ മനുഷ്യൻ സ്നേഹപൂർവ്വം നിരസിച്ചു റൊട്ടി മുഴുവനായും കൈയിൽ വാങ്ങി. അവൾ പരിഭവത്തോടെ തല തിരിക്കുമ്പോൾ കാണുന്നത് തന്നെ ഉറ്റുനോക്കിയിരിക്കുന്ന പരംജീതിനെയാണ്. ആദ്യം ദൃഷ്ടി മാറ്റിയെങ്കിലും, പെട്ടെന്ന് വീണ്ടും തിരിഞ്ഞു നോക്കി. കണ്ണുകളിൽ ഒരു ചോദ്യഭാവം. അവൻ സങ്കോചത്തോടെ വേഗം തൻ്റെ കണ്ണുകളെ പിൻവലിച്ച്, ട്രെയിൻ വരേണ്ട ദിശയിൽ സ്ഥാപിച്ചു. ദൂരെ ഒരു ചുവന്ന പൊട്ടു വെളിച്ചം കാണുന്നുണ്ടോ?
കാൻസർ ട്രെയിൻ എന്ന് കുപ്രസിദ്ധി നേടിയ അബോഹർ പാസഞ്ചർ കൃത്യസമയത്തു തന്നെ പ്ലാറ്റ്ഫോമിൽ എത്തിച്ചേർന്നു. കാത്തിരിന്നു അക്ഷമരായ യാത്രക്കാർ തിക്കിത്തിരക്കി ഉള്ളിലേക്ക് കയറി. ട്രെയിനിലേക്ക് കയറാൻ പരംജീതിനു ബൽബീർ സിംഗിൻ്റെ ഗാഢാശ്ലേഷം നിർബന്ധപൂർവം വിടുവിക്കേണ്ടി വന്നു. അച്ഛനോട് സമാധാനമായി മടങ്ങിക്കൊള്ളാൻ പറഞ്ഞു അവൻ തീവണ്ടിയിലെ തിരക്കിലേക്ക് നൂണ്ട് കയറി. ഭാഗ്യം അയാൾക്ക് ഒരു ഒഴിഞ്ഞ ഇരിപ്പിടം ബാക്കി വച്ചിരുന്നു.
മേലെ ബാഗ് വച്ച് തിരിയുമ്പോഴാണ് എതിർവശത്തു സീറ്റിൽ ആ, മഞ്ഞ ദുപ്പട്ടകാരിയെയും അവളുടെ അച്ഛനെയും കണ്ടത്. അവർ നേരത്തെ തന്നെ സീറ്റു തരപ്പെടുത്തിയിരിക്കുന്നു...അവൻ അവളെ നോക്കി ചിരിച്ചു. അവളുടെ കണ്ണിലെ സൂചിമുന വീണ്ടും അവൻ്റെ കണ്ണുകളെ പിൻവലിയാൻ പ്രേരിപ്പിച്ചു. പക്ഷെ പിന്നെയും നോക്കാൻ തോന്നും വിധം എന്തോ കാന്തികശക്തിയുണ്ട് ആ കണ്ണുകൾക്ക്...തീർച്ച. പിന്നീടും പല തവണ അവൻ്റെ കണ്ണുകൾക്ക് തോറ്റു മടങ്ങേണ്ടി വന്നു. പക്ഷേ ആ തോൽവികൾ അവനറിയാതെ അവൾ ആസ്വദിക്കുന്നുണ്ടായിരുന്നു.
സീറ്റുകളിൽ എല്ലാം യാത്രക്കാർ ഇടം പിടിച്ചു കഴിഞ്ഞു. ചിലർ നിലത്തു തുണി വിരിച്ചു അതിൽ ചാഞ്ഞു കിടക്കുകയോ ഇരിക്കുകയേ ചെയ്തു. പകുതിയിലേറെയും രോഗികളാണ്. ബാക്കി തുണയായി പോകുന്നവരും. ജനറൽ കമ്പാർട്ടുമെൻ്റിലെ യാത്രക്കാരുടെ ആധിക്യം പലപ്പോഴും രോഗത്തെക്കാൾ ദുഷ്കരമായ ഒരു യാത്രാനുഭവം ആയിരിക്കും നൽകുക.
ചൂളം വിളി മുഴങ്ങി. ട്രെയിനിന്റെ ഉരുക്കുചക്രങ്ങൾ പാളത്തിലൂടെ മെല്ലെ ഉരസിനീങ്ങാൻ തുടങ്ങി.
പെട്ടെന്ന് അച്ഛൻ ജാലകത്തിനടുത്തേക്കു വന്നു ഒപ്പം നടന്നു. ആ കണ്ണുകളിൽ നനവിന്റെ പ്രതിഫലനം. പിതാവിനെ ആശ്വസിപ്പിക്കാൻ അവൻ കൈ വീശി, തൻ്റെ പതിവ് ചിരി ചിരിച്ചു, ആ ചിരിക്കു പക്ഷെ ആത്മവിശ്വാസം നഷ്ടമായിരുന്നു. ട്രെയിൻ മെല്ലെ വേഗം കൈവരിച്ചു...അച്ഛൻ അകന്നു പോയി. പരുത്തിപ്പാടങ്ങളും ഇരുണ്ട മാമരങ്ങളും പിന്നോട്ടോടി മറഞ്ഞു... രാത്രി കരിമ്പടം വിരിച്ച കൃഷി ഭൂമിയുടെ മാറിൽ, നെടുകെ വരഞ്ഞ കൃപാണിൻ്റെ തിളക്കം പോലെ പ്രതീക്ഷയുടെ രാത്രി വിളക്കുകളുമായി ആ കാൻസർ ട്രെയിൻ വയലുകൾക്കു നടുവിലൂടെ രാജസ്ഥാൻ്റെ മണൽ തിട്ടകൾ ലക്ഷ്യമാക്കി പാഞ്ഞു.
"നിങ്ങൾ ജയ് സിംഗ്‌വാല വില്ലേജിൽ നിന്നാണോ?"
അടുത്തിരുന്ന ചുവന്ന തലപ്പാവുധാരിയായ മധ്യവയസ്കനെ അപ്പോഴാണ് ശ്രദ്ധിച്ചത്. അയാളുടെ ഒരു കണ്ണ് നഷ്ടപ്പെട്ടിരുന്നു.
"അല്ല. മിയാൻ. പക്ഷെ അല്പം കിഴക്കാണ്."
പരംജിത് മെല്ലെ പറഞ്ഞു.
"ബിക്കാനീറിലേക്കാ?"
"അതെ."
"നിങ്ങൾ ആദ്യമായിട്ടാണോ?"
" അല്ല. റിസൾട്ടിനു വേണ്ടിയാണ് ... "
" ഓ ... അതിലൊന്നും കാര്യമില്ല ... വീട്ടിൽ ആർക്കൊക്കെ അസുഖം ഉണ്ട്? "
അവൻ ഒന്നും മിണ്ടാതെ മറുവശത്തേക്കു തല തിരിച്ചു.
മറുപടി കിട്ടാതെ വന്നപ്പോൾ അയാൾ എതിർ വശത്തിരിക്കുന്നവരുമായി സംഭാഷണം ആരംഭിച്ചു. അയാളുടെ ചോദ്യങ്ങൾക്കു പെൺകുട്ടി ശാന്തതയോടെ മറുപടി പറഞ്ഞു. ചിലപ്പോൾ അവളുടെ അച്ഛനും.
പരംജിത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ അച്ഛനും മകളും ജൂംബ വില്ലേജിൽ നിന്നുള്ളവരാണ്. അവളുടെ പേര് പരിണീത് കൗർ. അവരും ബിക്കാനീറിലേക്കു തന്നെ. അവളുടെ കൂസലില്ലായ്മ അവനെ ആകർഷിച്ചു. യൗവനത്തിന്റെ ആദ്യ നാളുകളിലേയ്ക്ക് കാലൂന്നിയിട്ടേ ഉണ്ടാവൂ. അവൾ, വിവാഹിതയല്ല എന്നു പറയുമ്പോൾ ആ മിഴികളാൽ തന്നെ ഒന്ന് കടാക്ഷിച്ചില്ലേ? പരംജിതിന് ചെറിയൊരു കുളിരനുഭവപ്പെട്ടു
"ഞാൻ എല്ലാ ആഴ്ചയും പോകുന്നുണ്ട്, എന്റെ ജീവിതം ഇപ്പൊ ഈ ട്രെയിൻ ആണ്"
പരംജിതിന് അടുത്തിരുന്ന ഒറ്റക്കണ്ണനായ മനുഷ്യൻ പറഞ്ഞു.
"വീട്ടിൽ എല്ലാർക്കും രോഗം ഉണ്ട്, ഇളയ മകൻ്റെ 6 വയസ്സുള്ള കുട്ടിക്കുവരെ. എന്തോ ശാപം കിട്ടിയ കുടുംബമാണ് എൻ്റെത്"
"ശാപം" പുച്ഛത്തോടെ ആ പെൺകുട്ടിയുടെ അച്ഛൻ ചിറി കോട്ടി.
"നമ്മൾ വരുത്തി വച്ച വിന. അതല്ലേ സത്യം? നിങ്ങൾ വാർത്തകൾ ഒന്നും കേൾക്കുന്നില്ലേ? കാർഷിക ഉൽപാദനത്തിൽ ഒന്നാം സ്ഥാനം നമ്മുടെ പഞ്ചാബിനായിരുന്നു; ഇപ്പൊ ദൂജിയുടെ കാര്യത്തിലും ഒന്നാം സ്ഥാനം നമുക്ക് തന്നെ. എന്തുകൊണ്ടാ?"
കാഴ്ചയിൽ അവശനായ ആ മനുഷ്യനിൽ ഇത്ര ആർജ്ജവം ആരും പ്രതീക്ഷിച്ചിരുന്നില്ല.
" അതിനു കാരണം ഇവിടത്തെ കൃഷിയിലെ കടുത്ത കീടനാശിനി പ്രയോഗവും രാസവളങ്ങളും അല്ലെ?" മറുപടി പറഞ്ഞത് അവർക്കടുത്തു സീറ്റിനരികിൽ ചാരി നിൽക്കുന്ന ഒരു ചെറുപ്പക്കാരനായിരുന്നു. അയാൾ പഞ്ചാബി ചുവയില്ലാത്ത ഹിന്ദിയിൽ ആണ് സംസാരിച്ചത്.
" ഭാജി, ഞാനും എല്ലാം ന്യൂസിൽ നിന്നും കേട്ടതാണ്. പിന്നെ ഇന്റർനെറ്റിൽ നിന്ന് കുറച്ചു ചരിത്രം വായിക്കുകയും ചെയ്തു..."
ഒറ്റക്കണ്ണനായ മനുഷ്യന് അത് ഇഷ്ടപ്പെട്ടില്ല.
" ആരും ഒന്നും പഠിപ്പിച്ചു തന്നിട്ടല്ല ഞങ്ങൾ കർഷകർ ഇവിടെ കൃഷി ചെയ്യുന്നത്. ഏറ്റവും മികച്ച വിളവ് കൊയ്യുന്നവനാണ് കർഷകൻ"
"അത് ശരിയായിരിക്കാം .. ഞാനൊരു കർഷകനൊന്നുമല്ല... കൃഷി രീതികളെ പറ്റി പഠിച്ചിട്ടുമില്ല. പക്ഷേ, ഈ അറിവില്ലായ്മ ആയിരിക്കണം നമ്മുടെ അന്തകൻ"
പെൺകുട്ടിയുടെ അച്ഛൻ ആ ചെറുപ്പക്കാരനെ നോക്കി.
"നിങ്ങൾ തെക്കു നിന്നാണോ?... "
"അതെ. കേരളം. ഇവിടെ തെർമൽ പ്ലാന്റിൽ കഴിഞ്ഞ 6 വർഷമായി ജോലി ചെയ്യുന്നു. ഇവിടത്തെ കാര്യങ്ങൾ കുറച്ചൊക്കെ എനിക്കും അറിയാം."
ആ ചെറുപ്പക്കാരൻ പറഞ്ഞു.
"അപ്പുറത്തെ സീറ്റിലിരിക്കുന്നഎന്റെ കൂട്ടുകാരനും അസുഖമുണ്ട് . ബന്ധുക്കൾ ആരുമില്ലാത്ത അവനു തുണ പോകുന്നത് ഞാനാണ്."
" കൃഷിയിലൂടെയാണ് ഈ രോഗം വന്നതു എന്നാണോ പറയുന്നത്? അങ്ങനെയെങ്കിൽ രാജ്യത്തിൽ എല്ലായിടത്തും കൃഷിയില്ലെ? അവിടെയൊക്കെ ഇതാണോ അവസ്ഥ?"
പരംജിത്തിനടുത്തിരിക്കുന്ന ചുവന്ന തലപ്പാവുകാരൻ വഴങ്ങുന്ന മട്ടില്ല.
"മാമാജി, കൃഷി അല്ല, മാറി വന്ന കൃഷി രീതികളാണ്."
ആ പെൺകുട്ടിയാണ് മറുപടി പറഞ്ഞത്. അവൾ മലയാളിയായ ചെറുപ്പക്കാരന് നേരെ തിരിഞ്ഞു,
"നിങ്ങളുടെ നാട്ടിലും ഇതുപോലെ കൃഷിയിടങ്ങളുണ്ട്. അവിടൊക്കെ രാസവളങ്ങളും മാരക ശേഷിയുള്ള കീടനാശിനികളും അടുത്ത കാലത്തായി അമിതമായി ഉപയോഗിക്കുന്നുമുണ്ട്. പക്ഷെ അതിൻ്റെ പരിണിത ഫലം കണ്ടുതുടങ്ങിയിട്ടേയുള്ളൂ...ഞങ്ങൾ നടന്ന അതെ വഴികൾ. മലിനമായ പുഴകളും ജലാശയങ്ങളും...കിണറുകളിൽ വിഷജലം. ഭക്ഷിക്കുന്നതോ, വിഷത്തിൽ മുക്കി കേടുവരാതെ സൂക്ഷിച്ച പഴവർഗ്ഗങ്ങൾ, ധാന്യങ്ങൾ, പച്ചക്കറികൾ. വൈകിയാണെങ്കിലും ചില ഭാഗത്തു ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള ബോധവൽക്കരണവും നടക്കുന്നുണ്ട്. പക്ഷെ അവിടെയും പുഴുക്കുത്തേറ്റ ചിലർ ഈ വിഷത്തെ ജൈവ ഉൽപന്നം എന്ന രീതിയിൽ വിറ്റഴിച്ച് പണം നേടുന്നുണ്ട്. ശരിയല്ലേ? ഇക്കാര്യങ്ങൾ നിങ്ങളെക്കാൾ വേഗത്തിൽ ഞങ്ങൾക്ക് മനസിലാവും."
അവൾ എത്ര നന്നായി കാര്യങ്ങൾ പറയുന്നു! പരംജിത് ചുറ്റും നോക്കി. എല്ലാവരും ശ്രദ്ധിച്ചിരിക്കുകയാണ്.
"ശരിയാണ് ബഹൻജി ...അവസ്ഥകൾ ഏറെക്കുറെ സമാനമാവുകയാണ്...കാൻസർ രോഗികളുടെ എണ്ണം വര്ഷം തോറും കൂടിവരുന്നു." ആ ചെറുപ്പക്കാരന്റെ വാക്കുകളിൽ നിരാശ.
"പണ്ടീ ട്രെയിനിന്റെ പേര് ടി.ബി ട്രെയിൻ എന്നായിരുന്നു.' പിന്നിൽ ആരോ ഒരാളുടെ ശബ്ദം.
ക്ഷയരോഗികൾ കുറഞ്ഞപ്പോ കാൻസർ രോഗികൾ കൂടി... ട്രെയിൻ അതുതന്നെ, പേരുമാറിയെന്നു മാത്രം."
"നിങ്ങളുടെ നാട്ടിൽ കുറഞ്ഞ ചിലവിൽ നല്ല ചികിത്സ കിട്ടുമായിരിക്കാം. ഇവിടെ പഞ്ചാബിൽ അതിനുള്ള ആശുപത്രികൾ വിരളമാണ്"
മറ്റൊരാൾ പറഞ്ഞു.
"ഓ, ഇതൊക്കെ നമ്മുടെ വിധിയാണ്. നമ്മൾ തന്നെ അനുഭവിക്കുക. കുടുംബത്തിലെ ദോഷങ്ങൾ മറ്റൊരാളോട് പറയുന്നതേ തെറ്റാണു..."
ഒരു സ്ത്രീ പറഞ്ഞു.
പറയാതിരിക്കുന്നതിലെ തെറ്റെന്തെന്നു അവൾ ആ സ്ത്രീയ്ക്ക് പറഞ്ഞു കൊടുക്കുമ്പോൾ അത് ശരിയാണെന്നു പരംജിതിനു തോന്നി. പറഞ്ഞിരുന്നെകിൽ ഒരുപക്ഷെ അമ്മാവനെ, അയൽവീട്ടിലെ ദീദിയെ ഒക്കെ രക്ഷിക്കാൻ കഴിയുമായിരുന്നേനെ... എന്തുകൊണ്ടാണ് ഈ വ്യാധി ഒരു നാടിനെ ഒന്നാകെ വിഴുങ്ങുന്നത്? ആലോചിക്കുംതോറും കൂടുതൽ സങ്കീർണ്ണമാവുകയാണ്. കെട്ടുപിണഞ്ഞ ചിന്തകൾക്ക് നടുവിൽ ഏകനായിപ്പോകുന്ന പോലെ ... ഈ രാത്രിയൊന്നു പുലർന്നിരുന്നെങ്കിൽ...
ഇടയ്ക്കിടെ അയാളെ തേടി വരുന്ന നീണ്ട കൺമുനകളാണ് ഏക ആശ്വാസം.
പക്ഷെ അവളുടെ കണ്ണുകളിപ്പോൾ ജാലകത്തിനു വെളിയിൽ, കട്ടപിടിച്ച ഇരുട്ടിനും മേലെ ഒപ്പം സഞ്ചരിക്കുന്ന നക്ഷത്രങ്ങളിലാണ്..
ഇങ്ങനെ നോക്കിയിരിക്കാൻ ഒരു സുഖമുണ്ട്. മനസുകൊണ്ട് അവൾക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ചു അവനും നക്ഷത്രങ്ങളെ നോക്കിയിരുന്നു.
നക്ഷത്രങ്ങളേ ... നിങ്ങൾ ഈ ട്രെയിനിലെ സഞ്ചാരികളായ ആത്മാക്കളാണോ... എങ്കിൽ, ഈ ഇരുമ്പു ചുവരുകളെ സാക്ഷിയാക്കി നിങ്ങൾ പങ്കുവച്ചു പോയ സങ്കടങ്ങളെത്ര! കണ്ട കിനാവുകളെത്ര! ഞാനും പോവുകയാണ്, ബിക്കാനീറിലേയ്ക്ക് . നിങ്ങൾ സഞ്ചരിച്ച അതേ പാതയിലൂടെ.. നിങ്ങളുടെയീ സ്‌മൃതി കുടീരത്തിലെ ഒരു യാത്രക്കാരനായി...
ഉറക്കമില്ലാത്ത ഒരു രാത്രിയുടെ അവസാനം രാജസ്ഥാൻ്റെ വരണ്ട മണ്ണിലേക്ക് രോഗാതുരരായ ഒരു കൂട്ടം മനുഷ്യരെ അവരുടെ വിധിക്കു വിട്ടു ആ പാസഞ്ചർ കട കട ശബ്ദത്തോടെ അടുത്ത സ്റ്റേഷൻ ലക്ഷ്യമാക്കി നീങ്ങി..
ബിക്കാനീർ! പുലരി വെളിച്ചം കടന്നു വരുന്നതോടെ തെരുവോരങ്ങൾ മെല്ലെ ആലസ്യത്തിൽ നിന്ന് ഉണരാൻ തുടങ്ങിയിരിക്കുന്നു. ചില പാതയോര ഭക്ഷണ കേന്ദ്രങ്ങളിൽ അപ്പോഴും തിരക്കുണ്ടായിരുന്നു. യാത്രക്കാരുടെ ഗ്രൂപ്പുകൾ ഭക്ഷണത്തിനും മറ്റുമായി പല ഇടങ്ങളിലേക്ക് പിരിഞ്ഞു.
ആചാര്യ തുളസി റീജിയണൽ കാൻസർ ട്രീറ്റ്‌മെന്റ് ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഇളം പിങ്ക് നിറമുള്ള കെട്ടിടത്തിലേക്ക് പരംജിത് നടക്കുമ്പോൾ നേരം നന്നായി പുലർന്നിരുന്നു. ട്രെയിൻ യാത്രക്കാരെ കൂടാതെ ധാരാളം ആൾക്കാർ അവിടേയ്ക്കു വന്നു കൊണ്ടിരിക്കുകയാണ്. ഉള്ളിലേക്ക് കയറിയപ്പോൾ 'മരുന്നുകൾ എല്ലാവർക്കും സൗജന്യം' എന്ന ബോർഡ് കണ്ടു. ഇവിടെ പരിശോധനയും മറ്റും സൗജന്യമാണ് എന്നതാണ് ഏറ്റവും വലിയ ആശ്വാസം എന്ന് അച്ഛൻ പറഞ്ഞത് ഓർത്തു. അവൻ ലാബ് റിപ്പോർട്ട് ലഭിക്കുന്നത് എവിടെയെന്നു ചോദിച്ചു മനസിലാക്കി അങ്ങോട്ടേക്ക് പോയി.
പരിശോധനാമുറി കടന്നു പോകുമ്പോൾ മുന്നിലെ കാത്തിരിപ്പ് കസേരയിൽ അച്ഛനെ ഇരിക്കാൻ സഹായിക്കുന്ന പരിണീത് കൗറിനെ കണ്ടു. അവൾ അവനെ നോക്കി ആദ്യമായി ചിരിച്ചു. മനസിൽ ഒരു തേൻമഴ പെയ്തപോലെ അവനും തിരികെ ചിരിച്ചു.ഒരു തൂവെള്ള ദുപ്പട്ടയാണ് അവൾ അപ്പോൾ അണിഞ്ഞിരുന്നത്. പക്ഷേ പഴയ മഞ്ഞ ദുപ്പട്ടയാണ് അവൾക്കു കൂടുതൽ ചേരുകയെന്ന് അവനു തോന്നി.
റിസൾട്ട് ... " അവൻ റിസൾട്ട് കൗണ്ടറിന്റെ ദിശയിലേക്ക് വിരൽ ചൂണ്ടി.
"ഓൾ ദ ബെസ്റ്റ് " അവൾ പുഞ്ചിരിയോടെ പറഞ്ഞു.
റിസൾട്ട് കൗണ്ടറിൻ്റെ മുന്നിൽ രാത്രി വണ്ടിക്കു വന്ന ചില പെണ്ണുങ്ങൾ നിലത്തു വിരിച്ച കമ്പളങ്ങളിൽ പാതി ചാഞ്ഞു കിടക്കുകയാണ്. മയക്കം മുട്ടിയ കണ്ണുകളിൽ ഒരു ജന്മത്തിന്റെ മുഴുവൻ വ്യഥയുമുണ്ട്. അവരിൽ ഒരാളിൻ്റെ പക്കലുള്ള കുഞ്ഞു നിർത്താതെ കരയാൻ തുടങ്ങി.
ഇനി ഊഴം കാത്തിരിക്കുന്ന സമയമാണ്. റിസൾട്ട് കിട്ടാനും ഡോക്ടർമാരും മാലാഖമാരും പരിശോധനയ്ക്ക് എത്തുന്നവരെയും ഈയിരുപ്പ് തുടരണം. ഇത് പക്ഷേ, വെറുതെയാണ് ... കൈയിലെ ചെറിയ ചുവന്ന കുത്തുകൾ എങ്ങനെയാണ് എന്നെപ്പോലെ എല്ലുമുറിയെ പണിയെടുക്കുന്ന ഒരാളെ രോഗിയാക്കുന്നത്? പോരാത്തതിന് കൃഷിപ്പണിയല്ല താൻ ചെയ്യുന്നത്. പക്ഷേ എന്തിനും ഏതിനും ഉറപ്പു വേണം. അതിനാണ് ലാബ് റിസൾട്ട്, അതുമായി അവളടെ അച്ഛൻ്റെ അടുക്കൽ ചെന്നു നിന്ന് ചോദിക്കണം, പരിണീതയെ വിവാഹം ചെയ്തോട്ടെയെന്ന്. അവൾ സമ്മതിച്ചേക്കും. അവളടെ അച്ഛൻ്റെ അസുഖമൊന്നും തനിക്ക് പ്രശ്നമല്ല.
ഇനി റിസൾട്ട് മറിച്ചായാലോ?.. ദൈവമേ ...ഒരു ഉൾക്കിടിലത്തോടെയാണ് ആ ചിന്ത പോലും കടന്നുവരുന്നത്...
എങ്കിൽ ...എങ്കിൽ ഈ ചിന്തകൾക്ക് ഒന്നും ഒരർത്ഥവുമില്ല...
കാത്തിരിപ്പിനൊടുവിൽ റിസൾട്ട് കിട്ടി. അതു കാണിച്ചപ്പോൾ തെല്ലു വിഷമത്തോടെ ഡോക്ടർ പറഞ്ഞു:
"സംശയിച്ചത് ശരിയാണല്ലോ പരംജിത്.. നിങ്ങളുടെ രക്ത ഞരമ്പുകൾ നിങ്ങളെ രോഗിയാക്കിയിരിക്കുന്നു..."
ആ വാക്കുകൾ ആദ്യം ഒരു മരവിപ്പാണ് സമ്മാനിച്ചത്. അതു കൊണ്ട് തന്നെ പിന്നീട് പറഞ്ഞ വാക്കുകൾ ഒന്നും മനസിലായില്ല. പിന്നെ തലച്ചോറിലേക്ക് യാഥാർഥ്യം മെല്ലെ കടന്നു വന്നു. മനസ് ഉച്ചത്തിൽ കരഞ്ഞു.. ഇല്ലാ .... ഒരു ബാബയും സഹായിച്ചില്ലല്ലോ, അച്ഛാ.. പ്രാർത്ഥനകൾ വൃഥാവിലായി.. കണ്ട സ്വപ്‌നങ്ങളെല്ലാം കരിഞ്ഞു കാറ്റിൽ പറന്നു പോയി...
അവൻ റിസൾട്ടിലേക്കു വീണ്ടും നോക്കി. കാണാൻ പറ്റുന്നില്ല. കരയരുത് എന്ന് കരുതമ്പോൾ തന്നെ കണ്ണുകൾ തടയണ തകർത്ത് കവിഞ്ഞൊഴുകുന്നു....
വൃദ്ധനായ പിതാവിന് ഇത് താങ്ങാനാവില്ല.. ഏക മകനിൽ പ്രതീക്ഷയർപ്പിച്ച അമ്മേ ... മാപ്പ് .. നിങ്ങടെ സ്വപ്നങ്ങൾക്ക് നിറം കൊടുക്കാൻ പറ്റാതെ പോയ ഹതഭാഗ്യനായ മകനാണ് ഞാൻ... എന്നോടു പൊറുക്കൂ...
പെട്ടെന്ന് തീരുമാനം എടുക്കേണ്ട സമയമാണിത്. മകൻ മടങ്ങിയെത്താതിരുന്നാൽ നിങ്ങളുടെ പ്രതീക്ഷകൾ മരിക്കാതിരുന്നേക്കാം... വേദനിക്കാൻ എനിക്ക് പേടിയാണ് ... വേദനിക്കുന്നത് കാണാനും ...
എങ്കിൽ, ഇനി എന്താണ് ചെയ്യേണ്ടത്? അവൻ മുറിക്കു പുറത്തു വന്നു വ്യഗ്രതയോടെ ചുറ്റും നോക്കി. അപ്പോൾ മുകളിലേക്ക് പോകുന്ന പടവുകൾ കണ്ടു.
ഫാർമസിയിലേക്കു പോവുകയായിരുന്ന പരിണീത കൗർ, മുകൾ നിലയിലേക്കുള്ള ഗോവണി വേഗത്തിൽ കയറുന്ന പരംജിതിനെ കണ്ടു. അതിലവൾക്ക് ഒരല്പം അസ്വാഭാവികത തോന്നി. മറുഭാഗത്ത് എന്തോ വീഴുന്ന ഒച്ച കേൾക്കുകയും ചിലർ കെട്ടിട മുറ്റത്തേക്ക് ഓടിപ്പോകുന്നതും കണ്ടപ്പോൾ അവൾ മറിച്ചൊന്നും ആലോചിച്ചില്ല. അച്ഛനോട് അവിടെതന്നെയിരിക്കാൻ ആവശ്യപ്പെട്ടു ധൃതിയിൽ മേലേക്കുള്ള പടവുകൾ കയറാൻ തുടങ്ങി. എന്തിനാണ് താനിത് ചെയ്യുന്നത് എന്നൊന്നും നിശ്ചയം ഉണ്ടായിരുന്നില്ല. അവൾ മൂന്നാം നിലയിലെ അധികം ആൾസഞ്ചാരമില്ലാത്ത കോറിഡോറിൽ എത്തിയപ്പോഴേക്കും തളർന്നു പോയിരുന്നു.
എന്താണ് അത്? കോറിഡോറിൻ്റെ കൈവരിക്കുമേലെ ഒരു നിഴൽ... അല്ല ഒരു മനുഷ്യൻ ഇരു കൈകളും വിരിച്ചു പിടിച്ചു നിൽക്കുകയാണ്....അവൾ പാഞ്ഞു ചെന്ന് അയാളുടെ കൈയിൽ പിടിച്ചു വലിച്ചു താഴേക്കിട്ടു... നിലത്തു വീണുകിടന്ന പരംജിത് ആദ്യം ഞെട്ടലിൽ നിന്ന് മുക്തനായില്ല. താൻ താഴെ വീണു മരിച്ചെന്നും, മരണശേഷമുള്ള ജീവിതത്തിലെ ദൃശ്യങ്ങളാണ് മുന്നിലെന്നും അയാൾ കരുതി... അവൾ താഴേയ്ക്ക് നോക്കി.യാത്രക്കാരാരോ വന്ന കാർ ഒരു ചെടിച്ചട്ടി തകർത്ത ബഹളമാണ് അവിടെ. അവൾ പിന്തിരിഞ്ഞു.
"എന്താ, ചാടാൻ ഒരു മടി? മരിക്കാൻ പേടിയുണ്ടോ?"
അവളുടെ പരിഹാസ ചുവയുള്ള വാക്കുകൾ അവനെ പഴയ ലോകത്തേയ്ക്ക് മടക്കിക്കൊണ്ടു വന്നു.
"മരിക്കാൻ എനിക്ക് പേടിയില്ല."
അവൻ നിലത്തു നിന്ന് എണീറ്റു അവൾക്കു മുന്നിൽ നിന്നു.
"ജീവിക്കാനോ?... അതിനു പേടിയുണ്ടോ?"
അവൾ അവന്റെ കണ്ണുകളിലേക്കു തറപ്പിച്ചു നോക്കി നിൽക്കുകയാണ്.
" ഞാൻ എന്തെങ്കിലും ചെയ്യട്ടെ ... നിങ്ങൾ ഇപ്പൊ എന്തിനാണ് ഇങ്ങോട്ടു വന്നത്?"
അവൻ വീണ്ടും കൈവരിക്കു മുകളിലൂടെ താഴേക്കു നോക്കി. അവൾ അവനെ ബലമായി പിടിച്ചു തനിക്കു നേരെ നിർത്തി. പിന്നെ നിലത്തു കിടന്ന ലാബ് റിപ്പോർട്ട് കനിഞ്ഞെടുത്ത് അതിലൂടെ കണ്ണോടിച്ചു.
"മരണത്തെ സ്നേഹിക്കുന്ന നിങ്ങൾ പിന്നെ എന്തിനെയാണ് പേടിക്കുന്നത്?.. ഈ നിസ്സാര രോഗത്തെയോ? ഈ രോഗം സമ്മാനിക്കുന്നത് മരണമാണെങ്കിൽ അതിനെ സ്നേഹിക്കയല്ലേ വേണ്ടത്?"
അവൻ ഒന്നും മിണ്ടാതെ വീണ്ടും താഴേക്കു നോക്കി. അവന്റെ കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവൻ വീണ്ടും പറഞ്ഞു, " ദാ കണ്ടില്ലേ ... ആ റിസൾട്ടിലുണ്ട് എല്ലാം... എന്റെ ജീവിതം ഇവിടെ തീർന്നു. ഇനി ശൂന്യമായ കുറച്ചു ദിവസങ്ങൾ; വേദനയുടേതും..."
" ശരിയാണ് ... വേദനിക്കും. ആരെങ്കിലുമൊക്കെ വേദനിക്കാതെ വാസ്തവത്തിൽ ഈ ഭൂമുഖത്ത് ജനനമോ മരണമോ ഇല്ല. ചില നഷ്ടങ്ങളും നമ്മളെ വല്ലാതെ വേദനിപ്പിക്കും. ഞാൻ എൻ്റെ ചില നഷ്ടങ്ങളെ കുറിച്ച് പറയട്ടെ?. ചിലപ്പോൾ നിങ്ങൾക്കത് ആശ്വാസമായേക്കും."
അവൾ അവൻ്റെ മുഖം ബലമായി പിടിച്ചു തനിക്കു നേരെ നിർത്തി. ഒന്നും മനസിലാവാതെ പരംജിത് അവളുടെ കണ്ണുകളിലേക്കു നോക്കി. വല്ലാത്ത ഒരു സ്ഥൈര്യം ആ കണ്ണുകൾക്ക് ഉണ്ടായിരുന്നു.
പെട്ടെന്ന് അവൾ അവന്റെ കൈയെടുത്തു തൻ്റെ വലത്തേ മാറിൽ വച്ചമർത്തി. തീപൊള്ളലേറ്റപോലെ പരംജിത് കൈവലിച്ചു, പിന്നോക്കം മാറി. എന്നിട്ടു അവളെ നോക്കി. ആ മാറിടം ശൂന്യമായിരുന്നു!. അവൻ അവളുടെ പെട്ടെന്നുള്ള ഈ പ്രവൃത്തിയിൽ സ്തബ്ധനായി നിന്നു. അവൾ ചിരിച്ചുകൊണ്ട് ദുപ്പട്ട വലിച്ചിട്ടു.
"നഷ്ടങ്ങൾ! ഒരു അവിവാഹിതയായ സ്ത്രീക്ക് ഇതൊരു തീരാനഷ്ടം തന്നെയല്ലേ?...നിങ്ങള്ക്ക് എന്ത് തോന്നുന്നു?"
അവൾ കോറിഡോറിന്റെ അപ്പുറത്തെ ഭിത്തിലേക്കു ചാരി നിന്നു. സ്വന്തം രോഗത്തെ ഇത്രത്തോളം ലാഘവത്തോടെ ഇവൾ എങ്ങനെ കാണുന്നു എന്നവന് ആശ്ചര്യം തോന്നി. ആ നഷ്ടത്തെക്കുറിച്ചോർത്തപ്പോൾ വല്ലാത്ത ഭീതിയും.
"ചിലപ്പോ മറ്റുള്ളവരുടെ വേദനകളോ കഷ്ടതകളോ കാണുമ്പോ നമ്മുടേത് നിസ്സാരമായി തോന്നാറില്ലേ... അതാണ് നമ്മളെ ജീവിപ്പിക്കുന്ന ഇന്ധനം. അപ്പോ ആരെയെങ്കിലുമൊക്കെ സഹായിക്കണം, നമുക്ക് എന്തൊക്കെയോ ചെയ്തു തീർക്കാനുണ്ട് എന്നൊക്കെ തോന്നും.. ആ ചിന്തകളെ വിടാതെ പിടിച്ചോണം. പ്രതീക്ഷ കെട്ടു പോകുന്നിടം ഇരുട്ടാണ്. മരണത്തേക്കാൾ കഷ്ടമായ ആ ഇരുട്ടാണ് നമ്മൾ വിളിക്കുന്ന നരകം."
അവളുടെ തലയ്ക്ക് ചുറ്റും ഒരു ദിവ്യപ്രകാശം ഉണ്ടെന്ന് അവൻ വൃഥാ സങ്കൽപിച്ചു. അവൾ ഒരു ദേവതയായിരിക്കട്ടെ... മരിച്ചവരെ ഉയിർത്തെഴുന്നേൽപ്പിക്കാൻ കഴിവുള്ളവൾ...അരികിൽ വലിയ സങ്കടങ്ങളെ അണി നിരത്തി നമ്മുടെ സങ്കടങ്ങളുടെ വ്യാപ്തി കുറയ്‌ക്കുന്നവൾ....
ഏയ്, മനുഷ്യാ, ഈ രോഗം പൂർണമായും ഭേദപ്പെടാവുന്ന ഒരു സാധ്യതയെപ്പറ്റി നിങ്ങളെന്താ ആലോചിക്കാത്തത് ? സ്റ്റാർട്ടിങ് സ്റ്റേജിൽ ഉള്ള ഒരാൾക്ക് രക്ഷപ്പെടാവുന്നത്ര പ്രശ്നങ്ങളെ ഉള്ളൂ .. നിങ്ങൾ പോരാടാൻ തീരുമാനിക്കുകയാണെങ്കിൽ ഞാനും കൂടാം.. ഞാൻ വിഷമില്ലാത്ത കിണറുകളും രോഗബാധയേൽക്കാത്ത അടുത്ത തലമുറയെയും സ്വപ്നം കാണുന്നുണ്ട്..."
അവന്റെ ഉള്ളിലെവിടെയോ ഒരു കുളിർ കാറ്റടിച്ചു.
"ഉം, നടന്നോളൂ... നിങ്ങൾ എടുക്കാതെ പോന്ന ഡോക്ടറുടെ കുറിപ്പടിയും ഫോളോ അപ്പ് കാർഡും വാങ്ങി വരൂ.. ഞാൻ ഫാർമസിയിൽ ഉണ്ടാവും."
അവൾ മുൻപേ നടന്നു. പരംജിത് താഴേക്കു ഒന്നുകൂടി നോക്കി, പിന്നെ അവളെ പിന്തുടർന്നു.
*ദൂജി = അർബുദത്തിന്റെ നാടൻ വിളിപ്പേര്.
No comments:
Post a Comment