ദാഹം... സര്‍വത്ര...
പുഴകള്‍ വറ്റിക്കഴിഞ്ഞിരുന്നു.
നദികള്‍, ആറുകള്‍ തുടങ്ങിയ പര്യായങ്ങളും, തോടുകള്‍ ചാലുകള്‍ തുടങ്ങിയ കൈവഴികളും, കുളങ്ങള്‍ കിണറുകള്‍ എന്നീ കണ്ണീരുറവകളും വറ്റിപ്പോയിരുന്നു.
" എനിക്ക് ഒരു ഗ്ലാസ് വെള്ളം വേണം". മന്ത്രി ആവശ്യപ്പെട്ടു. ഭൂമിക്കടിയില്‍ നിന്നു വെള്ളം വലിച്ചെടുക്കുന്ന പതിന്നാലാമത്തെ കൂറ്റന്‍ യന്ത്രം ഉത്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മന്ത്രി.
മള്‍ടി നാഷണല്‍ കമ്പനി ഈയിടെ ഇറക്കുമതി ചെയ്ത ഈ പടുകൂറ്റന്‍ യന്ത്രം, മറ്റുള്ളവയെക്കാള്‍ മികച്ചതാണെന്ന പ്രയോക്താക്കളുടെ വാക്കുകള്‍, മന്ത്രി അതേപടി ഉദ്ധരിച്ചിട്ട് ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞിരുന്നു.
"ഒരു ഗ്ലാസ് വെള്ളം തരൂ.." മന്ത്രി അഭ്യര്‍ഥിച്ചു. പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങായതിനാല്‍ തിക്കും തിരക്കും സ്വാഭാവികം. തിരക്കില്‍ ക്യാമറകളും ലൈറ്റുകളും മൈക്കുകളും മെയ്യുരുമ്മി, കണ്ണുതുറന്നു നടന്നു.
"വെള്ളം..പ്ലീസ്... " മന്ത്രി കെഞ്ചുന്ന നിലയിലായപ്പോള്‍ അടുത്തുനിന്ന PA, അദ്ദേഹത്തിന്റെ ചെവിയില്‍ എന്തോ മന്ത്രിച്ചു. പെട്ടന്ന് ദാഹം ശമിച്ചത് കൊണ്ടാവാം, മന്ത്രി പിന്നൊന്നും മിണ്ടിയില്ല.
കരാര്‍ ഒപ്പിട്ടപ്പോള്‍ മന്ത്രിയുടെ മേശപ്പുറത്തിരുന്ന ഒരു ഗ്ലാസ് വെള്ളം കമ്പനി റെപ്രസെന്റെറ്റിവ് എടുത്തുകൊണ്ടു പോയത് വാര്‍ത്തയായിരുന്നു. അന്ന് ഒരു ഗ്ലാസ് വെള്ളത്തിന് ലക്ഷങ്ങളുടെ ഉല്‍പ്പാദന ചെലവു പറഞ്ഞത് കേട്ടു മന്ത്രി പോലും ഞെട്ടിയത്രേ.
ഉദ്ഘാടനം കഴിഞ്ഞു മടങ്ങവേ മൂത്രശങ്ക തോന്നിയ മന്ത്രി, കാര്‍ നിര്‍ത്തിച്ചു വഴിയരികില്‍ പോയി കുന്തിച്ചിരുന്നു.
ഒരു തുള്ളി പോലും വീഴുന്നില്ലല്ലോ... മന്ത്രി പരിഭ്രമിച്ചു. ശങ്ക തോന്നിയത് നേരാണ്. പുതുമണ്ണില്‍ പതഞ്ഞൊഴുകുന്ന ഒരു ചെറുപുഴ സങ്കല്പ്പിച്ചതുമാണ്. പക്ഷെ ഇതെന്തു പറ്റി?
...................
പുഴകള്‍ വറ്റിക്കഴിഞ്ഞിരുന്നു; പര്യായങ്ങളും.
No comments:
Post a Comment