"സ്വന്തം വായുടെ ചീത്തത്തം കൊണ്ടാണ് തത്തകളും മൈനകളും കൂട്ടില്‍ പെടുന്നത്. കൊറ്റികളെ ആരും ബന്ധിക്കാറില്ല". -പഞ്ചതന്ത്രം

09 October 2015

ഒ. പി.

ഒ. പി.
..................................................................


നീണ്ടുമെലിഞ്ഞൊരു പട്ടിണി ഹൃദയം
വേച്ചു വന്നു ഇടനാഴിയിൽ നിന്ന് പതിവു കൈ നീട്ടി.
നീളൻ ബഞ്ചിൽ അടിഞ്ഞു കൂടി തടിച്ചു കുറുകിയ
 മറ്റൊരു ഹൃദയം പതിയെ തിരികെ ചോദിച്ചു....
"കൊളസ്ട്രോളുമുണ്ട്... കൊഴുപ്പടച്ചിട്ട രണ്ടു വാൽവും മിച്ചമുണ്ട്, മതിയോ..."

വെയിലേറ്റു ക്യൂവിൽ കൊക്കിക്കുരച്ചും
തൊണ്ട പൊട്ടിച്ചും ഒരു ശ്വാസകോശം
സ്പോഞ്ച് പിഴിയുന്ന ടിവി പരസ്യം നാല്പത്തി രണ്ടാമതും കണ്ടു...

ഒൻപതാം വാർഡിന്റെ വാതിൽക്കലപ്പോൾ
മദ്യം വിയർത്തു ഛർദ്ദിച്ചൊരു കരൾ പിടച്ചു. കൂടെ,
കരളിന്റെ കരളും പിടഞ്ഞു...

ഓർമക്കേടിനു വഴിതെറ്റിയ ഓ.പി. ക്ക് മുന്നിൽ
പാരസെറ്റമോൾ മണമുള്ള നാവുകൾ നിലത്തിഴഞ്ഞു നിലവിളിച്ചു...
അടിതെറ്റി പ്ലാസ്റ്ററിട്ട രാഷ്ട്രീയ കാലുകൾ
ഒഴിവുള്ള ബഞ്ചിലിടം തേടി.

കൊണ്ട് വന്ന പൊതിച്ചോറിനൊപ്പം, ഉള്ളു വേവുന്ന മണം,
നീറ്റലിൽ പുറ്റുപിടിക്കുന്ന പുറം ചിന്തകൾ...
ചിതൽ മൂടിയ ഗർഭപാത്രത്തിലിന്നു മറ്റൊരു മുനി,
കൊടും തപം നോറ്റിരിക്കയാവണം...നീക്കണം.

തിയറ്റെറിന്റെ വാതിൽ പടിയിൽ കൂട്ട തേങ്ങൽ വഴി മാറി.
ചുവപ്പ് പൂക്കും വിരിപ്പിന്നടിയിൽ,
ബീഫു കഴിച്ചൊരു കുടൽമാല യാത്ര ചോദിച്ചു...

ശ് ..ശ് ..ശ് ...
രണ്ടു പയർ മണികൾ പരസ്പരം മന്ത്രിക്കുന്നു...
നാളെ മുതൽ അനിശ്ചിത കാല പണിമുടക്കാണ് ..

തൊഴിലെടുക്കാതെ വേതനം കിട്ടണം..
പണിമുടക്കാതെ  നിവൃത്തിയില്ലെടോ ...

.........................

കവിത
ജ്യോതിഷ് കുമാർ

Jyothish Kumar. C.S
RM Education Solutions India. Pvt. Ltd

23 July 2015

ഭയം

വിളക്കിലെ തീനാളം തൊട്ടു നോക്കി പൊള്ളിപ്പോയ കൈവിരൽത്തുമ്പ് കൊണ്ടാണ് ഭയം  ഒരു എഴുത്താണിയുടെയും ഔദാര്യമില്ലാതെ ആദ്യാക്ഷരം എഴുതിയത്.
ഓടരുത് ..ചാടരുത് , വീണു പോകും എന്ന് അച്ഛനും മാമുണ്ടില്ലെങ്കിൽ പറമ്പിൻ വരമ്പിലൊളിച്ചിരിക്കുന്ന ഉംബാക്കിക്ക് പിടിച്ചു നല്കും എന്ന് അമ്മയും മാനത്തെ ജിന്നിനെയും നിണം കുടിക്കും നീലിയെയും കുപ്പിയിൽ പുകയും ഭൂതത്തെയും ചെവികളിലെത്തിച്ച് അമ്മൂമ്മയും ഒപ്പം വന്നു കൂരിരുട്ടിന്റെ കെണിയിൽ പെടുത്തി ഓടിമറയുന്ന ചേട്ടനും നുള്ളിന്റെ ചൂട് തന്നു ചേച്ചിയും അകാരണമായി കരയുന്ന അനിയത്തിക്ക് വേണ്ടി ഏറ്റു വാങ്ങിയ ചുട്ട അടിയും ബാലനായ ഭയത്തെ എഴുത്ത് പള്ളിക്കൂടത്തിലേക്ക് നയിച്ചു.
ദുർബല വികാരങ്ങൾക്ക് അതിജീവന മാർഗം പഠിപ്പിച്ച അദ്ധ്യാപകൻ സഹഅധ്യാപികയുമായുള്ള വേഴ്ചക്കേസിൽ വിദ്യാർത്ഥികൾക്ക് മുന്നില് അതീവ ദുർബലനായി ഏത്തമിടുന്ന കാഴ്ചയിൽ ഭയം ഹൈസ്ക്കൂൾ കടന്നു.
കോളേജു കാലം  മുതൽ പൊതു വാഹനത്തിൽ സഞ്ചരിക്കുമ്പോഴോ പള്ളിയിൽ, അമ്പലത്തിൽ, സ്കൂളിൽ, ആശുപത്രിയിൽ, ബസ് സ്റ്റോപ്പിൽ  എന്നിങ്ങനെ ജനം കൂടുന്ന ഇടങ്ങളിൽ പോകേണ്ടി വരുമ്പോഴോ സമീപത്തു നില്ക്കുന്നത് ഇതര ലിന്ഗത്തിൽ പെട്ട വ്യക്തി ആണെങ്കിൽ ഭയം കൂടുവിട്ടു പുറത്തിറങ്ങും. ഭയത്തിന്റെ മുട്ടുകാൽ വിറയ്ക്കും. ഏതു നിമിഷവും ശിരസ്സിനു നേരെ ചൂണ്ടപ്പെടാവുന്ന ഒരു വിരൽ ! ഭയം എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനത്തെക്ക് പായും.
സഹപ്രവർത്തകരെ ഒരേ കണ്ണാൽ കാണാതിരിക്കാൻ ജോലി നേടിയ അന്നുതന്നെ തൊഴിലാളി യൂണിയൻ ഭയത്തിനു പുതിയ കുപ്പായം കൊടുത്തു. ആദ്യ വിവാഹ നിശ്ചയം മുടങ്ങിയതോടെ വിവാഹ മോഹം വെടിഞ്ഞെങ്കിലും അച്ഛനമ്മവന്മാരുടെ ഉഗ്രശാസനം ഭയത്തെ കതിർ മണ്ഡപത്തിൽ എത്തിച്ചു. താലിയോടായിരുന്നു ഏറെയും അടുപ്പം. എന്നാൽ താലി നാവിലാണ് കെട്ടേണ്ടതെന്നു ഭയം രഹസ്യമായി തന്നോട് തന്നെ പറഞ്ഞു. രാത്രിയിൽ നാണത്തിന്റെ ഉറനീക്കി പുറത്തു വന്ന ഭയത്തിന്റെ മുന്നിൽ പുതിയ ക്ലാസ്സ്മുറിയും കിടിലം കൊള്ളിക്കുന്ന പാഠങ്ങളും കാത്തിരുന്നു. വിവാഹത്തോടെ സ്വന്തമായ അധിക ബാധ്യതകൾ പെട്ടിയും കിടക്കയുമായി തേടിയെത്തിയതോടെ സ്വകാര്യതയ്ക്ക് ഭംഗം വന്ന ഭയം വീണ്ടും ജോലിക്ക് പോകാൻ തുടങ്ങി, ഒപ്പം ജോലി നഷ്ടപ്പെടാതിരിക്കാൻ സെക്രട്ടറിയേറ്റ് മാർച്ചിനും.
പോലീസിന്റെ ലാത്തിചാർജു നടക്കുമ്പോ, ഭയം അടുത്തുള്ള ചായക്കടയിൽ മറഞ്ഞു നിന്ന് കട്ടൻകാപ്പി കുടിചു. പിന്നെ പലേടത്തും വച്ചും ഭയത്തെ കണ്ടു. പ്രസവമുറി വരാന്തയിൽ..കുട്ടികള്ക്ക് പോളിയോ കൊടുക്കുന്നിടത്ത്, തുലാഭാരത്തിനുള്ള ക്യൂവിൽ, പഠിച്ച അതെ സ്കൂളിന്റെ അഡ്മിഷൻ കൌണ്ടറിൽ. ഹൌസിംഗ് ലോണ്‍ കൊടുക്കുന്ന ബാങ്ക് റെപ്പിന്റെ മുന്നിൽ, എന്ജിനീയറിംഗ് കോളേജ് പ്രിൻസിപ്പലിന്റെ വീട്ടുപടിക്കൽ, പണയ ഉരുപ്പടികൾ സ്വീകരിക്കുന്നിടത്ത് ഒക്കെ. അച്ഛൻ മരിച്ചപ്പോ ചേട്ടനോടൊപ്പം രണ്ടു തവണ കോടതി വരാന്തയിലും കണ്ടു.
ഭയം ജോലിയുപേക്ഷിച്ചു പഠിക്കാൻ പോകുന്ന മകൾക്ക് കൂട്ടുപോകാൻ തുടങ്ങിയതോടെ നാട്ടുകാര് കളിയാക്കി. മനസിൽ കണ്ടത് മാനത്ത് കണ്ട മകൾ സഹപാഠിയോടൊപ്പം ലിവിംഗ് റ്റുഗെതെർ ആയപ്പോ ഭയത്തിനു നെഞ്ചു വേദന തുടങ്ങി. ആശയ വൈരുദ്ധ്യത്തിന്റെ പേരില് അകന്നു പോയ മൂത്ത മകന്റെ വിദേശ ജോലിയും കനത്ത ശമ്പളവും ഭയത്തിനു ഒരു ആശ്വാസവും കൊടുത്തില്ല. വേദന കൂടി വന്നു. വിവാഹ ശേഷം മകന്റെയും മരുമകളുടെയും ജീവിതം കരുപിടിപ്പിക്കാൻ ഭാര്യ പോയതോടെ, ഒരു ഹോം നഴ്സിന്റെ കൈയിൽ വേദനയും ഭയവും അവസാനിക്കുകയാണ് എന്ന് തിരിച്ചറിഞ്ഞു. തുടക്കത്തിലും ഒടുക്കത്തിലും ഭയമറിയാതെ കിടന്ന കൈകൾ...
അറിയിച്ചതനുസരിച്ചു മകൻ വന്നപ്പോൾ ആദ്യം നഴ്സിനോട് ചോദിച്ചത് ഒരു പൈതൃക ചോദ്യം ആണ്.
'ഭയപ്പെടേണ്ടല്ലോ... അച്ഛൻ മരിച്ചല്ലോ, അല്ലെ?'

- ജ്യോതിഷ് വെമ്പായം