"സ്വന്തം വായുടെ ചീത്തത്തം കൊണ്ടാണ് തത്തകളും മൈനകളും കൂട്ടില്‍ പെടുന്നത്. കൊറ്റികളെ ആരും ബന്ധിക്കാറില്ല". -പഞ്ചതന്ത്രം

09 August 2014

ഇരുട്ടിന്റെ ഇടനാഴികൾ




ഞാൻ
--------------
പഞ്ചാബി ധാബായിലെ  ഞങ്ങളുടെ സ്ഥിരം തീന്മേശയിൽ അന്നയുടെ പ്രശ്നം വീണ്ടും ചർച്ചക്കെടുത്തപ്പോൾ ആരിഫാണ്  എല്ലാവരോടുമായി  ഒരു പോംവഴി കണ്ടുപിടിക്കാൻ ആവശ്യപ്പെട്ടത്‌. ആ പ്രശ്നത്തിനൊരു അന്തിമ പോംവഴി അനിവാര്യമായിരുന്നു. ഞങ്ങളുടെ ഓഫീസിൽ അപ്രൈസൽ കാലയളവായതിനാൽ എന്റെ ചിന്തകളിൽ മുഴുവൻ കിട്ടാൻ സാധ്യതയുള്ള പെർഫോമൻസ് റേറ്റിങ്ങും ദിവാസ്വപ്നങ്ങളിൽ കിട്ടാത്ത മുന്തിരി പോലെ ചുമ്മാ ചുറ്റിത്തിരിയുന്ന പ്രൊമോഷനും  മാത്രമായിരുന്നു. ദീപകിന്റെയും ചിന്തകൾ  മറിച്ചാവാൻ തരമില്ല. ചെറുപ്പം നഷ്ടമാകുന്നതിനു മുൻപേ എത്തിച്ചേരേണ്ട പദവികളേക്കുറിച്ചാണ് ഞങ്ങൾ പുതു യുഗത്തിന്റെ സോഫ്റ്റ്‌വെയർ ശക്തികൾ ആലോചിക്കുന്നത്. എന്നിട്ടും അന്നയ്ക്കു വേണ്ടിയായതിനാൽ ഞാനും ദീപകും അവയെല്ലാം തൽക്കാലത്തെക്ക് മാറ്റിവച്ച്, അരയും തലയും മുറുക്കി പുതിയ പോംവഴികൾ തിരയാൻ തുടങ്ങി. തീർച്ചയായും അന്നയെ സഹായിക്കേണ്ടതുണ്ട്. അത് ആത്മാർത്ഥ സുഹൃത്തുക്കളെന്ന നിലയിൽ ഞങ്ങളുടെ കടമയും ഉത്തരവാദിത്തവുമാണ്. അന്നയാകട്ടെ  പ്രശ്നത്തിന്റെ ആഴത്തിൽ മുങ്ങിപൊങ്ങി വല്ലാതെ വീർപ്പ് മുട്ടുകയാണ്.  സുന്ദരമായ മുഖം കരച്ചിലിന്റെ വക്കോളമെത്തി നില്ക്കുന്നു. വിരലുകൾ പ്ലേറ്റിൽ വെറുതെ പരതി നടന്നതല്ലാതെ റൊട്ടിയുടെ ഒരു കഷണം പോലും അവൾ കഴിച്ചില്ല. അവളെ ഈ പ്രശ്നം എത്രമാത്രം നോവിക്കുന്നു എന്ന്  അന്നാണ് ഞങ്ങൾക്ക്  മനസിലായത്.
'അന്ന പേടിക്കാതിരിക്ക്‌. നമുക്ക് പോംവഴിയുണ്ടാക്കാം.' ആരിഫ് കുറ്റിത്താടിയിലൂടെ വിരലോടിക്കവേ പറഞ്ഞു. അവനെപ്പോഴും ഒരു തീരുമാനത്തിലെത്തുമ്പോഴാണ്  താടിയുഴിയുക. ഭംഗിയിൽ കത്രിച്ചു നിർത്തിയ താടിയാണു ആരിഫിന്റെ മാർക്ക്‌. അവന്റെ ചതുര താടിയെല്ലും ഉരുക്കുപോലുള്ള വ്യക്തിത്വവും കാത്തുസൂക്ഷിക്കുന്നത് ആ താടിയാണ്. ആരിഫ് വെറും വാക്ക് പറയാറില്ല. അതുകൊണ്ട് തന്നെ, ഇക്കാര്യത്തിന് ഒരു തീരുമാനമായി എന്നുവേണം കരുതാൻ. ശരിക്ക് പറഞ്ഞാൽ ഞങ്ങൾ നാൽവർ സംഘത്തിന്റെ അവസാന വാക്ക് എപ്പോഴും  അവനാണ്.
അന്നയുടെ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കം കണ്ടു.
ശരി, പറയ്‌. എന്താ പോംവഴി? ദീപക് തന്തൂരി ചിക്കൻ കഷണങ്ങളിൽ നിന്നും കണ്ണുകൾ പിൻവലിച്ചു.. പ്രശ്നത്തിനു ഗൌരവസ്വഭാവം  ഏറി വരുന്നതിനോപ്പം അവന്റെയും എന്റെയും പ്ലേറ്റുകൾ ഏതാണ്ട് കാലിയായിക്കൊണ്ടിരുന്നു. ചിലപ്പോ ഏത് പ്രശ്നത്തിനും മീതെ നില്ക്കും വിശപ്പ്‌ എന്ന ആത്യന്തിക പ്രശ്നം.

'ആദ്യം നിങ്ങളുടെ കണ്ടെത്തലുകൾ കേൾക്കട്ടെ. എന്നിട്ടാവാം നമുക്കൊരു തീരുമാനത്തിലെത്തുന്നത്.'
ആരിഫ്  ഞങ്ങളെ നോക്കി. അവനിതുവരെയും ഭക്ഷണം കഴിക്കാൻ തുടങ്ങിയിട്ടില്ല.
'ഇതൊരു തോന്നൽ മാത്രമായിരിക്കാനാണ് സാധ്യത.' സംഭവത്തെ ലഘൂകരിക്കാനും അത് വഴി അന്നയെ ധൈര്യപ്പെടുത്താനും ഞാൻ അവസാനഘട്ട ശ്രമം നടത്തി. 'ഫോളോ ചെയ്തു എന്ന് പറയുന്ന മനുഷ്യനെ അന്ന ഒരിക്കൽ പോലും കണ്ടിട്ടില്ല. വിശ്വസിക്കത്തക്ക തെളിവുകളോ മറ്റു അസ്വാഭാവിക അടയാളങ്ങളോ ഒന്നും തന്നെ അന്നയ്ക്കു മുന്നിലില്ല. ആ നിലയ്ക്ക് ഇത് തോന്നൽ മാത്രമാവും എന്നാണ് എന്റെ നിഗമനം. ആരോ പിന്തുടരുന്നു എന്ന ഭയം ഇരുട്ടിൽ സഞ്ചരിക്കുന്ന ആർക്കും ഉണ്ടാകാവുന്നതാണ്. പ്രത്യേകിച്ച് രാത്രിയോട്‌  പേടിയുള്ള പെണ്‍കുട്ടികൾക്ക്.'

'അതെ. എനിക്കും അങ്ങനെയാണ് തോന്നുന്നത്.' ദീപക് എന്റെ സഹായത്തിനെത്തി. 'ഇനി അങ്ങനെ ആണെങ്കിൽത്തന്നെ നീ രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിക്കാതിരുന്നാൽ പോരെ? എല്ലാ പ്രശ്നവും അതോടെ തീരും. വേറൊരു വഴി നമ്മുടെ ഓഫീസ്  ക്യാബ്  വൈകുന്നേരങ്ങളിൽ നിന്റെ ലേഡീസ് ഹോസ്റ്റൽ വഴി പോകണമെന്ന് ആവശ്യപ്പെടുന്നതാണ്. പോംവഴിയെന്ന നിലയിൽ അതും പരിഗണിച്ചു കൂടെ?' ദീപക് ഈ  വാക്കുകൾ  ഇതിനു മുമ്പും ആവർത്തിച്ചതാണെന്നു എനിക്ക് തോന്നി. അന്നയുടെ മാത്രമല്ല, ഞങ്ങൾ ആരുടേയും ജോലിസമയം സ്വന്തം നിയന്ത്രണസീമകൾക്കുള്ളിൽ അല്ലെന്നു അറിഞ്ഞു കൊണ്ടുള്ള ഒരു അനാവശ്യ സംസാരം. ഒരു വാഹനത്തിനും അവളുടെ കൃത്യതയില്ലാത്ത ഓഫീസ് സമയത്തിനൊപ്പം കാത്തുനില്ക്കാനാവില്ല. രണ്ടാഴ്ച മുൻപ് വരെ അന്നയ്ക്ക്  ഹോസ്റ്റലിലേക്ക് പോകാൻ ഒരു സഹയാത്രികയുണ്ടായിരുന്നു. അവൾ കൊച്ചിയിലെ TCS ലേക്ക്  പോയതോടെ അന്ന ഒറ്റക്കായി. ആരിഫ് ഒന്നുരണ്ടു തവണ ഹോസ്റ്റലിനു മുന്നിൽ കൊണ്ട് വിട്ടു. പക്ഷെ അവന്റെ ക്ലൈന്റ്, ഡിസ്കഷൻ സമയക്രമം തെറ്റിയതിനു തെറി വിളിച്ചതോടെ, അവൻ പിന്മാറി. ഞങ്ങളുടെ അവസ്ഥയും മറിച്ചായിരുന്നില്ല. അന്ന ഞങ്ങൾക്ക് എത്ര പ്രിയപ്പെട്ടവളാണെങ്കിലും ഇക്കാര്യത്തിൽ അവളെ സഹായിക്കാൻ കഴിയുകയില്ല. അതവൾക്കറിയുകയും ചെയ്യാം. അത്തരമൊരു സഹായത്തിലുപരി ഒരു അന്തിമ പരിഹാരം, അതാണവൾ പ്രതീക്ഷിക്കുന്നത്.

 'തോന്നലാണെന്ന് പറഞ്ഞു നിങ്ങൾക്ക് തള്ളിക്കളയാൻ എളുപ്പമാണ്.' അന്നയുടെ കണ്ണുകളിൽ നീരസം. 'ഇത് പോലെ പിന്തുടരുന്ന നിഴലുകളെപ്പറ്റി നമ്മുടെ ടെക്നോപാർക്കിൽ തന്നെയുള്ള  ഒന്ന് രണ്ടു പെണ്‍കുട്ടികൾ എന്നോട് പറഞ്ഞിട്ടുണ്ട്.'

'അന്നയുടേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇങ്ങനെ പലതും പലരും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. നമ്മുടെ നാടും ഇത്തരം കുറ്റകൃത്യങ്ങളിൽ ഒട്ടും പിറകിലല്ല. ഓഫീസിൽ നിന്നും ജോലി കഴിഞ്ഞു കഷ്ടിച്ച് ഒരു കിലോമീറ്റർ പോലുമില്ലാത്ത ഹോസ്റ്റലിലേക്ക്  നിർഭയയായി, സുരക്ഷിതയായി നടന്നു പോകാൻ . ഇന്നത്തെ സാഹചര്യത്തിൽ ഒരു പെണ്‍കുട്ടിക്ക് കഴിയുന്നില്ലെങ്കിൽ, നമ്മുടെ വ്യവസ്ഥിതിയുടെ തകർച്ചയെയാണ് അത് കാണിക്കുന്നത്. 'ആരിഫിന്റെ കണ്ണുകളിൽ പോരാട്ടവീര്യം തിളങ്ങുന്നു.
'ഇത് അരക്ഷിതരുടെ യുഗമാണ്.' ഞാൻ പറഞ്ഞു. 'ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും വളർച്ച മനുഷ്യന്റെ വിജയമാണെന്ന് സമ്മതിക്കാം. പക്ഷെ മനുഷ്യ മനസുകൾ എന്താ, പണ്ടത്തേതിലും പഴകിയ അഴുക്കു ചാലുകൾ അല്ലെ? വികസനം ശരിക്കും വേണ്ടത് അവിടെയാണ്. ദിനംപ്രതി ഏറിവരുന്ന പീഡന വാർത്തകൾ കാണുമ്പോൾ രാജ്യം വൈകാതെ തന്നെ ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്ത് എത്തുമെന്നാണ് തോന്നുന്നത്. ഏറ്റവും വലിയ ആശ്രയമായ പിതാവ് തന്നെ മകളെ മാനം കെടുത്തുന്നു. ദൈവ തുല്യരായ ഗുരുനാഥന്മാർ ശിഷ്യയെ, മകൻ അമ്മയെയോ അമ്മൂമ്മയെയോ പോലും ഇരയാക്കുന്നു... കണ്ടു കണ്ട്  ഇത്തരം വാർത്തകളും കൊലപാതകങ്ങളും  ഇപ്പൊ ചെറിയൊരു ഞെട്ടലിനു പോലും വകയല്ലാതായിരിക്കുന്നു.'
'അത് ശരിയാ, വായിക്കുന്നവനും റിപ്പോർട്ട്‌ ചെയ്യുന്നവനും പഴയ ആവേശമില്ല'. ദീപക്  വെള്ളം കുടിക്കുന്നതിനിടയിൽ പറഞ്ഞു.
'അന്നയുടെ കാര്യത്തിൽ...' ആരിഫു വിഷയം തിരിച്ചു കൊണ്ട് വന്നു. 'ഇവൾക്കു തിരഞ്ഞെടുക്കാൻ ഓപ്ഷൻസു ഒത്തിരിയുണ്ടെന്നു തന്നെ ഇരിക്കട്ടെ. മാനേജരുടെ ഔദാര്യത്തിനു കേണു സൌകര്യപ്രദമായ മറ്റൊരു ഷിഫ്റ്റ് തിരഞ്ഞെടുക്കാം. സ്ഥിരമായി കൂട്ടുകാരികളോടൊത്ത് മാത്രം യാത്ര പരിമിതപ്പെടുത്താം. അല്ലെങ്കിൽ ദീപക് പറഞ്ഞപോലെ ഓഫീസ് ക്യാബിനു റിക്യൊസ്റ്റു ചെയ്യാം. അതുമല്ലെങ്കിൽ സ്വന്തമായി ഒരു വാഹനം ഏർപ്പാടാക്കാം....ഇതെല്ലാം ഒരു തരത്തിൽ പ്രശ്നത്തിൽ നിന്നുള്ള ഒളിച്ചോട്ടമോ ഒഴിഞ്ഞു മാറലോ ആണ്. അതല്ല ഇവിടെ വേണ്ടത്. നാളെ ഇവളെപ്പോലെ മറ്റു പെണ്‍കുട്ടികൾക്കും സുരക്ഷിതരായി പകലും രാത്രിയും സഞ്ചരിക്കാൻ കഴിയണം, അത്യാവശ്യം അവരവരുടെ ജോലി സ്ഥലത്തിന്റെയോ താമസസ്ഥലത്തിന്റെയോ  ചുറ്റളവിലെങ്കിലും'.

'അതിനിപ്പോ എന്ത് ചെയ്യാമെന്നാ?' അൽപ നേരം നിശബ്ദയായിപ്പോയ അന്ന ചോദിച്ചു. 'ഞാൻ കൊച്ചിയിലേക്ക് ട്രൈ ചെയ്താലോ എന്നാലോചിക്കുകയാ. ശമ്പളത്തെക്കാളും മനസ്സമാധാനം കിട്ടും  സ്വന്തം നാട്ടിൽ. '
'അത്  തെറ്റായ ധാരണയാണ്'. തിരുവനന്തപുരത്തുകാരനായ എനിക്ക് സഹിച്ചില്ല, 'നാടല്ലല്ലോ ഇവിടത്തെ പ്രശ്നം, കാടത്തമാണ്. മനുഷ്യമൃഗങ്ങളെയാണ്  നീ ഭയക്കുന്നതെങ്കിൽ അവ എല്ലായിടത്തും ഉണ്ടാവും. എവിടെ പോയാലും അവിടെല്ലാം അന്നയോടൊപ്പം ഈ ഭയവും ഉണ്ടാവും. അതിനെയാണ് നീ അതിജീവിക്കേണ്ടത്.'
'ഞാനെന്താ ചെയ്യേണ്ടത് ?' അന്നയുടെ സ്വരത്തിൽ നിരാശ കലർന്നിരുന്നു.
'വഴിയുണ്ട്, അന്ന.' ആരിഫിന്റെ ശബ്ദത്തിനു അല്പം കടുപ്പമുണ്ടെന്നു തോന്നി. 'ഇന്ന് അന്ന ഓഫീസിൽ നിന്നും നേരത്തെ പോയി മനസ്സമാധാനമായി ഉറങ്ങുക. നാളെ  വൈകിട്ട് നീ ഓഫീസ്  വിട്ടു പോകുമ്പോൾ, ഞങ്ങൾ മൂന്നുപേർ നിന്റെയൊപ്പം ഉണ്ടാവും.'
ഞാനും ദീപകും പരസ്പരം നോക്കി. 'അതിലെന്തോ ഒരു സാധ്യത മണക്കുന്നുണ്ടല്ലോ'. ഞാൻ ചോദിച്ചു.
'ഉണ്ട്. ഒരു ചെറിയ ക്രൈം സ്റ്റോറി ചെയ്യാൻ ഉള്ള സാധ്യത അതിലുണ്ട്. ജ്യോതിഷിനു താല്പര്യക്കുറവൊന്നുമില്ലല്ലൊ?' ആരിഫിന്റെ കണ്ണുകളിൽ ഒരു കുസൃതിത്തരം. 'നീ പറ, നമ്മൾ മൂന്നുപേരിൽ ആർക്കാണ് സ്ത്രീവേഷം നന്നായി ഇണങ്ങുക?'
എനിക്ക് പെട്ടെന്ന് സംഗതി പിടികിട്ടി. ആരിഫ് വളരെ വേഗത്തിൽ കാര്യങ്ങൾ പ്ലാൻ ചെയ്തിരിക്കുന്നു. ദീപക് മിഴിച്ചിരിക്കുന്നതെയുള്ളൂ. ഞാൻ പെട്ടെന്ന് അവനെ ചൂണ്ടി. ഇക്കാര്യത്തിന് ദീപക്കല്ലാതെ വേറെ ഓപ്ഷനില്ല, ആരിഫ്.
ആരും സമ്മതിക്കും, ദീപകിന്റെ ശരീരത്തിന്  ഒരാണിന്റെ ഇരുമ്പ് പേശികളുടെ ദൃഢതയോടല്ല;സ്ത്രീയുടെ ഒതുങ്ങിയ മൃദു മേനിയോടാണ്  സാമ്യം കൂടുതലെന്ന് . അവൻ ഞങ്ങളുടെ കമ്പനിയിലെ സർവ്വസമ്മതനായ നടനും നർത്തകനുമാണ്. മെയ് വഴക്കമുള്ളവൻ. സർവോപരി ഒരു നല്ല കളരിയഭ്യാസിയും.

ഞാനോ? 'എന്തിനാ സ്ത്രീവേഷം?' ദീപക്  അന്നയെ നോക്കി. 'നമുക്ക് അന്നയുടെ പിന്നാലെ പോയാൽ  തന്നെ ഇത് കണ്ടു പിടിക്കാവുന്നതേയുള്ളൂ. അത് പോരെ?' ഇപ്പൊ അവനും ഒരേകദേശരൂപം കിട്ടിയിട്ടുണ്ട്.
'അല്ല ദീപക്. ഇത് ചിലപ്പോൾ അന്നയുടെ തോന്നൽ മാത്രമായിരിക്കാം; അല്ലായിരിക്കാം. രണ്ടായാലും അവളുടെ മനസ്സമാധാനത്തിനു നമ്മൾ എന്തെങ്കിലും ചെയ്തേ തീരൂ..ചെയ്യുന്നതു നമ്മളാണെങ്കിൽ എന്തെങ്കിലും ഒരു വ്യത്യസ്തത വേണ്ടേ?' ആരിഫ് ഞങ്ങൾ മൂവരേയും മാറിമാറി നോക്കി.
അന്ന അമ്പരന്നിരിക്കുകയാണ്. 'എന്താ പ്ലാൻ? എനിക്കൊന്നും മനസിലായില്ല.'
 'ശരി. ഇതിൽ ആർക്കൊക്കെയാണ് എന്റെ പ്ലാൻ മനസിലായത്? '
ഞാൻ പറഞ്ഞു: ആരിഫിന്റെ പ്ലാൻ ഞാൻ വിവരിക്കാം. എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്തിയാൽ മതി. കഥ ഇങ്ങനെയാണ്.
നാളെ വൈകിട്ട് അന്ന പതിവുപോലെ ഓഫീസിൽ  നിന്നും വൈകി ഇറങ്ങുന്നു.  ദീപക് എന്ന പെണ്‍ വേഷക്കാരൻ വേണ്ടത്ര തയ്യാറെടുപ്പുകളോടെ ഒപ്പം വരും. അന്നയ്ക്കു പകരം അന്നയുടെ വേഷമിട്ട ദീപക്  ആണ്  ബൈപാസ് റോഡ്‌ മുറിച്ചു കടന്നു ചെറിയ റോഡിലേക്ക് കയറുന്നത്..പിന്നെ ആ റോഡിന്റെ ഓരം പറ്റി കുറച്ചു ദൂരം നടന്നു കനിശ്ശേരി ജങ്ഷനിൽ നിന്ന് വലത്തോട്ട് തിരിയും. ആ സമയം അന്ന ഞങ്ങൾക്കൊപ്പം  കാറിൽ ദീപകിനെ പിന്തുടരുന്നുണ്ടാവും.
ഇനിയുള്ള നിമിഷങ്ങൾ സുപ്രധാനമാണ്‌. കനിശ്ശേരി ജങ്ഷനിൽ നിന്നും ലേഡീസ് ഹോസ്റ്റൽ സ്ഥിതി ചെയ്യുന്ന ലൈനിൽ അന്ന ഭയക്കുന്ന ഭാഗത്ത്‌ ദീപക് എത്തുന്നു.  ഇരുട്ടിന്റെ ഇടനാഴികളുള്ള ആ റോഡിലൂടെ നടക്കുന്ന ദീപക്, ആരെങ്കിലും പിന്തുടരുന്നതായി ഉറപ്പു വന്നാൽ മാത്രം മിസ്ഡ് കോളോ മറ്റെന്തിങ്കിലും അടയാളമോ തരും. ഒരു ചെറിയ ദൂരപരിധിയിൽ  നീങ്ങുന്ന നമ്മൾ വേഗം തയ്യാറായി അവനടുത്തെത്തണം . ദീപകിന്റെ  കൈയിൽ പെടുന്ന മറ്റവനെ ദീപക് തന്നെ കൈകാര്യം ചെയ്തോളും. സംഗതി പാളി മറ്റവൻ രക്ഷപ്പെടാൻ ശ്രമിച്ചാൽ നമ്മൾ പിന്തുടർന്ന് പിടിക്കണം, പൊതിരെ തല്ലണം.. ദീപകിനെ സമീപിക്കുന്നത് ഒന്നിലധികം പേരാണെങ്കിൽ പോലും അവൻ തനിയെ മതി, നേരിട്ട് കൊള്ളും. ആള് കളരിയഭ്യാസിയാണല്ലോ.' അവസാന ഭാഗത്തിലെ തമാശ ദീപക് വേണ്ടത്ര ആസ്വദിച്ചില്ല.
'അതെയതെ.. നേരിട്ട് തന്നെ കൊള്ളുന്ന പരിപാടിയാണെന്നാണ് തോന്നുന്നത്. ആരിഫ്, ശരിക്കും ഇതാണോ നിങ്ങളുടെ പ്ലാൻ?' ദീപക്  അമ്പരപ്പോടെ നോക്കി.
അതെ. വിവരണം കിറുകൃത്യമാണ്. ജ്യോതിഷ്, നിങ്ങൾക്കിത് ഒരു കഥയാക്കാമെന്നു തോന്നുന്നു... ആരിഫ് എന്റെ തോളിൽ തട്ടി.
'രണ്ടു ചെറിയ തിരുത്തൽ കൂടി വേണം. കാറിനു പകരം ബൈക്ക് അല്ലേ നല്ലത്. കാർ പെട്ടെന്ന് ആരുടേയും ശ്രദ്ധയിൽ പെടും. പിന്നെ, അന്ന ഒറ്റയ്ക്ക് തന്നെയായിരിക്കും ഓഫീസിൽ നിന്ന് നടന്നു വന്നു ബൈപാസിലൂടെ ചെറിയ റോഡിലേക്ക് കയറുന്നത്. ആ റോഡിൽ ജനശ്രദ്ധ കുറഞ്ഞ ഒരിടമുണ്ട്‌, അവിടമായിരിക്കും ആൾമാറാട്ടത്തിനു പറ്റിയ സ്ഥലം.'
'അത് ശരിയാ, അന്ന ഒറ്റയ്ക്ക് ഓഫീസിൽ നിന്നും പുറപ്പെടുന്നതാ ബെറ്റർ. ഇനി ആരെങ്കിലും അന്നയെ നിരീക്ഷിക്കാനുണ്ടെങ്കിലോ? ദീപക് ഉഷാറായി. ആദ്യത്തെ അമ്പരപ്പ് മാറി,  ഉള്ളിലെ നടനെ, അല്ല നടിയെ ഉണർത്താൻ അവൻ തയ്യാറായിക്കഴിഞ്ഞു. പക്ഷെ, ചെയ്യാൻ പോകുന്ന കൃത്യത്തിന്റെ ഗൌരവം അന്നയെ വല്ലാതെ ഭയപ്പെടുത്തിക്കളഞ്ഞു എന്ന് തോന്നി.
'അങ്ങനെയൊരു ആൾമാറാട്ടത്തിന്റെ  ആവശ്യമുണ്ടോ? വേറെ പ്രശ്നമൊന്നും വന്നില്ലല്ലോ..ആരോ പിന്തുടരുന്ന പോലെ എനിക്ക് തോന്നി.. ചിലപ്പോ, ജ്യോതിഷ് പറഞ്ഞ പോലെ ഒരു തോന്നൽ മാത്രമാണെങ്കിലോ..ഇതിനു വേണ്ടതിൽ കൂടുതൽ പ്രാധാന്യം നല്കിയോ എന്ന് ഇപ്പൊ തോന്നുന്നു.'
എന്തായാലും ഞങ്ങളുടെ തീരുമാനത്തെ ഇളക്കാൻ പോന്ന ശക്തിയൊന്നും ആ വാക്കുകൾക്കില്ലായിരുന്നു. അന്നത്തെ ചർച്ച ഉച്ചഭക്ഷണത്തോടെ അവസാനിപ്പിച്ചു  ഞങ്ങൾ പിരിഞ്ഞെങ്കിലും അന്നയുടെ പ്രശ്നം ഒരു തോന്നൽ മാത്രമാണെന്ന് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ വേണ്ടത്ര ഗൌരവം എനിക്ക് തോന്നിയതുമില്ല.


ദീപക്
------------
ഇന്നലത്തെ തീന്മേശ ചർച്ചയുടെ ബാക്കിപത്രം പോലെ ഇന്നും രണ്ടുമൂന്നു രഹസ്യ കൂടിക്കാഴ്ചകൾ കൂടി ഞങ്ങൾ നടത്തി, വൈകീട്ടത്തേക്കുള്ള പ്ലാൻ ഒന്നുകൂടി ഊട്ടി ഉറപ്പിച്ചു. ഇന്നലെ അന്ന നേരത്തെ ഓഫീസു വിട്ടു റൂമിലേയ്ക്ക് പോയി. ഇന്ന് വന്നതു എനിക്ക് ഒരു ജോഡി ചുരിദാറുമായിട്ടാണ്. പാകമാക്കിയെടുക്കാൻ ഒത്തിരി കഷ്ടപ്പെടേണ്ടി വന്നില്ല. എന്നെ ആ വേഷത്തിൽ കാണുമ്പോൾ അവൾക്കു അങ്കലാപ്പു ഒന്നുകൂടി വർധിച്ചതേയുള്ളൂ. ഈ ആൾമാറാട്ട പരിപാടി വേണോ എന്ന്  രണ്ടു മൂന്നു വട്ടം ചോദിച്ചു ആരിഫിന്റെ ദേഷ്യത്തിന് പാത്രമായി എന്നതൊഴിച്ചാൽ  മറ്റു വിശേഷങ്ങളൊന്നുമില്ലാതെ പകൽ അവസാനിച്ചു. എന്റെ സ്ത്രീ വേഷം ഗംഭീരമെന്നു ജ്യോതിഷിന്റെയും ആരിഫിന്റെയും അവിശ്വസനീയമായ നോട്ടങ്ങളിൽ നിന്നും മനസിലായി.
ആരിഫിന്റെ ബൈക്ക് നേരത്തെ പോയി സ്പോട്ട് കണ്ടെത്തി വിശദാംശങ്ങൾ അപ്പപ്പോ അറിയിച്ചു കൊണ്ടിരുന്നു. എന്നെ പറഞ്ഞ സമയത്ത് ആരുടേയും ശ്രദ്ധയിൽപ്പെടാതെ സ്പോട്ടിൽ എത്തിക്കുകയായിരുന്നു ജ്യോതിഷിന്റെ ജോലി. അന്നയുടെയും ഞങ്ങളുടെയും  ടൈമിംഗ് കൃത്യമായിരുന്നു. അവിടെ വച്ച് വിദഗ്ധമായി അന്നയുടെ റോൾ ഞാൻ ഏറ്റെടുത്തു. അങ്ങനെ ആദ്യപകുതി ഞങ്ങൾ ഭംഗിയാക്കി. ഇപ്പൊ ഞാൻ മെല്ലെ നടക്കുകയാണ്. അന്ന ആരിഫിന്റെ ബൈക്കിനു പിന്നിലും ജ്യോതിഷ് മറ്റൊരു ബൈക്കിലും എന്നെ കാണാവുന്ന ദൂരത്തിൽ പിന്തുടരുന്നുണ്ടാവും. ഇപ്പൊ നല്ല ഉത്സാഹം തോന്നുന്നു. ചെയ്യുന്നത് ഒരു നല്ല കാര്യം ആണെന്നുള്ളത്‌ മാത്രമല്ല, അതിനു കാരണം. ഇനിയെങ്ങാനും അന്നയുടെ തോന്നൽ സത്യമായാൽ...എന്റെ മുൻപിൽ കൊതിയോടെയെത്തുന്ന ആ 'പിന്തുടരലുകാരന്റെ' മുഖമൊന്നു അടുത്ത് കാണാമല്ലോ.  ആരിഫിനും ജ്യോതിഷിനും ഇതേ ത്രിൽ ഉണ്ടാവും, പക്ഷെ ആരിഫിനു ഇത് സ്വന്തം അന്നയുടെ  കാര്യമായതുകൊണ്ട് ആവേശം കൂടും. ആലോചിച്ചാൽ ഹരം കൊള്ളിക്കുന്ന ഒരു സിനിമാക്കഥ പോലെയല്ലേയിത്?

ഞാൻ വലത്തോട്ടുള്ള റോഡ്‌ തിരിയുമ്പോൾ സമയം രാത്രി 9 ആവുന്നതേയുള്ളൂ. കനിശ്ശേരി ജങ്ഷനിൽ കുറെ ചെറുപ്പക്കാർ വർത്തമാനം പറഞ്ഞു നില്പുണ്ട്. അവന്മാര് ഒന്ന് പാളി നോക്കി. പരസ്പരം എന്തോ പറഞ്ഞു. എനിക്ക് ചിരി വന്നു. അടുത്തുള്ള ടീഷോപ്പ് അടച്ചിട്ടില്ല. അവിടെയും ആരൊക്കെയോ ഉണ്ട്. ഞാൻ പരമാവധി വേഗത കുറച്ചു സ്ത്രൈണത വരുത്തി അന്നയുടെ മാതിരിയുള്ള നടത്തമാണ്. ഒട്ടും അനാകർഷകയായി തോന്നാതിരിക്കാനും യാത്ര പാഴായിപ്പോകാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം അങ്ങ് ദൂരെ കാണുന്ന ബസ്സ്റ്റോപ്പിന്റെ മൂല വരെയും കിട്ടുന്നുണ്ട്‌. അതിനപ്പുറമാണോ അന്ന ഭയക്കുന്ന ഇരുട്ടിന്റെ ഇടനാഴികൾ? ആകാശത്ത് ഒരു മിന്നൽപ്പിണർ പൊലിഞ്ഞു. രണ്ടു മൂന്നു വാഹനങ്ങൾ എന്നെ കടന്നു ലേഡീസ് ഹോസ്റ്റലിന്റെ ഭാഗത്തേക്ക് പോയി. പല ആവർത്തി പകൽ ഇത് വഴി കടന്നു പോയിട്ടുള്ളതാണ്. രാത്രിയിൽ പരിസരങ്ങളൊക്കെ മാറി മറ്റേതോ നിഗൂഢ പ്രദേശത്തിന്റെ പ്രതീതി ഉളവാക്കി.
ഞാനേതാണ്ട് പൊളിഞ്ഞ് വീഴാറായ ബസ് സ്റ്റോപ്പിനരികിൽ എത്തുമ്പോഴേക്കും പിന്നിൽ ദൂരെയെവിടെയോ ഉച്ചത്തിലുള്ള സംസാരം കേട്ടു. നടത്തം നിർത്തി തിരിഞ്ഞു നോക്കി. ആ വായിനോക്കികളായ ചെറുപ്പക്കാർ ആരുടെയോ ചുറ്റും കൂടി നിന്ന് ആക്രോശിക്കുകയാണ്. അല്പസമയം കൂടി ഒച്ച കേട്ടു. ഇനി നടക്കാം. അപകട ഭീഷണിയൊന്നും ഇല്ല. അല്പദൂരം കൂടി നടന്നാൽ അന്നയുടെ ഹോസ്റ്റൽ ആയി. കൂട്ടുകാരുടെ ഫോണിലേക്ക്  ഒന്ന് വിളിച്ചാലോ എന്ന് തോന്നാതിരുന്നില്ല. വേണ്ട. ചിലപ്പോൾ മിസ്ഡ് കോൾ എന്ന് തെറ്റിദ്ധരിച്ചു 'മറ്റവനെ' പിടിക്കാൻ ഓടിയെത്താനും പരിപാടി കുളമാകാനും ചാൻസുണ്ട്. അല്പസമയം കൂടി നോക്കുക തന്നെ. ഞാനിങ്ങനെ ഓരോന്നാലോചിച്ച് നടക്കുമ്പോഴാണ് എന്റെ നിഴലിനു സമാന്തരമായി മറ്റൊരു  നിഴൽ ശ്രദ്ധയിൽ പെട്ടത്.

ആരോ എന്നെ പിന്തുടരുന്നുണ്ട്!
എനിക്ക് മേലാസകലം ഒരു കുളിര് പാഞ്ഞു. ഇതാ ആ നിമിഷം. ഞങ്ങൾ കാത്തിരുന്ന അനർഘ നിമിഷം കൈയെത്തും ദൂരത്ത്.
ഞാൻ തിരിഞ്ഞു നോക്കാൻ ശ്രമിച്ചില്ല. നടന്നു കൊണ്ട്  നിഴലിന്റെ വലിപ്പ വ്യത്യാസം കണക്കാക്കി, ഞങ്ങൾ തമ്മിലുള്ള ദൂരം അളന്നു. ഏറിയാൽ രണ്ടോ മൂന്നോ മിനിട്ടിനുള്ളിൽ 'മറ്റവൻ' എന്നെ സമീപിക്കും. ഇവൻ എവിടെ നിന്നാണ് ഇത്ര വേഗം എന്റെ പിന്നിലെത്തിയതെന്നു എങ്ങനെ ആലോചിച്ചിട്ടും മനസിലാവുന്നില്ല. ചിലപ്പോ ആ  ബസ് സ്റ്റോപ്പിന് പിന്നിലെവിടെനിന്നോ കയറിക്കൂടിയതായിരിക്കും. എന്താണ് ചെയ്യേണ്ടതെന്ന്  ഒരു രൂപകല്പ്പന തയ്യാറാക്കുമ്പോഴേക്കും ആ നിഴൽ അപ്രത്യക്ഷമായി. ഇപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്. പിന്തിരിഞ്ഞു പരിമിതമായ വെളിച്ചത്തിൽ പരിസരം സൂക്ഷ്മമായി വീക്ഷിച്ചു. ഒരു ഉൾക്കിടിലം എന്നെ ബാധിച്ചു, തോളെല്ലുകൾ കഴച്ചു. ഇല്ല. ഈ ചുറ്റുവട്ടത്ത് ഒരു മനുഷ്യജീവി എന്നല്ല, മറ്റൊരു ജീവിയുടെയും സാന്നിധ്യമില്ല. അവൻ എവിടെപ്പോയി മറഞ്ഞു? അന്നയെ ഭയപ്പെടുത്തുന്ന ഒരു തോന്നൽ മാത്രമാണോ ഇത് എന്ന് ഞാനും ഒരുവേള സംശയിച്ചു പോയി.
കുറെ നേരം അവിടെ നിന്നു. ഇല്ല ഒന്നുമില്ല. ഞാൻ നില്ക്കുന്നത് പ്രകാശത്തിന്റെ അതിർത്തിയിലാണ്. ഇനി വീണ്ടും ഇരുട്ടിന്റെ ഇടനാഴി തുടങ്ങുകയായി. അകലത്തായിപ്പോയ സ്ട്രീറ്റ് ലൈറ്റുകൾക്ക്  ഇടയിലുള്ള കറുത്ത ഇടനാഴി. ആകാശത്ത് ചെറിയ മിന്നൽപ്പിണറുകൾ കാണുന്നുണ്ട്. മഴപെയ്തെക്കും. ഇനിയും ഇവിടെ ഞാൻ നില്ക്കുകയാണെങ്കിൽ അത് മറ്റവന് സംശയത്തിനു ഇട കൊടുക്കും. നടക്കാം.  ഒപ്പം  ഫോണ്‍ ചെയ്തു വിവരങ്ങൾ കൈമാറുകയും ആവാം. ഞാൻ ജ്യോതിഷിനു ഡയൽ ചെയ്തു. റിംഗ് ചെയ്യുന്നുണ്ട് പക്ഷെ, ഫോണ്‍ എടുക്കുന്നില്ല. അവർ മിസ്ഡ് കാൾ എന്നു കരുതി പുറപ്പെട്ടിരിക്കുമോ? ഒരു മിനുട്ടിനുള്ളിൽ വളവു തിരിഞ്ഞെത്തുന്ന ബൈക്കിന്റെ ഹെഡ് ലൈറ്റ് ഞാൻ പ്രതീക്ഷിച്ചു. കാണാതെ വന്നപ്പോൾ ആരിഫിനെ ഡയൽ ചെയ്തു. അവന്റെ ഫോണും റിംഗ് ചെയ്യുന്നുണ്ടല്ലോ. ഇവന്മാർ എന്താണ്  അവിടെ ചെയ്യുന്നത്? തിരിച്ചു പോയോ? അതോ പ്ലാനിൽ എന്തെങ്കിലും മാറ്റം വരുത്തിയോ? ഒന്ന് കൂടി ഡയൽ ചെയ്യാൻ നോക്കുമ്പോൾ ജ്യോതിഷിന്റെ കോൾ വന്നു. അറ്റന്റു  ചെയ്തു ഫോണ്‍ ചെവിയിൽ വയ്ക്കുന്ന അതേ നിമിഷത്തിൽ എന്തോ ശക്തമായി തലയുടെ പിന്ഭാഗത്ത്‌ വന്നടിച്ചു. ചെവിയിൽ ഒരായിരം വണ്ടുകളുടെ മുഴക്കം മാത്രം. പിന്തിരിഞ്ഞു നോക്കാൻ പോലുമാവാതെ ഇരുട്ടിന്റെ ഇടനാഴിയിൽ മുഖമടിച്ചു വീണത്‌ മാത്രം ഓർമയുണ്ട്.

ഇരുട്ടിന്റെ കയത്തിലേക്ക് കൂപ്പുകുത്തുകയാണ്.
ചിതറിപ്പോയ വെളിച്ചത്തിന്റെ നൂൽത്തുണ്ടുകളൊക്കെ അതിവേഗം കയത്തിന്റെ കറുത്ത വായിലേയ്ക്കു പാഞ്ഞൊടുങ്ങുകയാണ്. അൽപനേരം അവയ്ക്കൊപ്പം മുകളിൽ  ചുറ്റിത്തിരിഞ്ഞു. പിന്നെ, സർവ്വ വ്യാപിയായ ഇരുട്ട് മാത്രം. ഏറെനേരത്തേക്ക് എന്റെ ചുറ്റുപാടുകൾ നിശ്ചലവും നിശ്ശബ്ദവും ആയിരുന്നിരിക്കണം. ചലിക്കാൻ തുടങ്ങിയ ചില നിഴലുകളാണ് എന്റെ പ്രജ്ജയെ മടക്കിക്കൊണ്ടു വന്നത്. ഞാനപ്പോൾ ഏതോ സിമന്റ് നിലത്തുകൂടി വലിച്ചിഴയ്ക്കപ്പെടുകയായിരുന്നു. ഒരു കരിനിഴൽ, എന്റെ കാലുകളിൽ പിടിച്ചു വലിച്ചു കൊണ്ട് പോയി ഒരു മൂലയ്ക്കിട്ടു. അർധബോധത്തിൽ മങ്ങിയ വെളിച്ചത്തിൽ, പിന്നെയും ചില നിഴലുകളെ ഞാൻ അവിടെ കണ്ടു. ആരൊക്കെയാണവർ? ഇതെവിടെയാണ് സ്ഥലം? തലയുടെ പിൻഭാഗം തൊട്ടുനോക്കാൻ ഞാൻ ഭയന്നു.പൊട്ടിപ്പിളർന്നു പോയി എന്നാണ് തോന്നുന്നത്. അത്രയ്ക്കുണ്ട് വേദന.  ഇല്ല..തളരാൻ പാടില്ല. വേഗം ഇവിടുന്നു രക്ഷപ്പെടണം..
കരിനിഴൽ മുന്നോട്ടു വന്നു.ഞാൻ പാതിക്കണ്ണിലൂടെ അവന്റെ മുഖം കണ്ടു. ആ കരാളരൂപി, കുനിഞ്ഞു എന്റെ ചുരിദാറിനു മേൽ കൈ വച്ചു. ഞാൻ അനങ്ങാതെ കണ്ണടച്ച് കിടന്നു. അവന്റെ അടുത്ത പ്രവൃത്തി എന്തെന്ന് ചിന്തിക്കും മുൻപേ ഒറ്റ ചീന്തിനു ചുരിദാർ രണ്ടു കഷണമായിപ്പോയി. ആരുടെയോ ആഹ്ലാദ ശബ്ദം കേട്ടു. ആർത്തി പിടിച്ച രണ്ടു കൈകൾക്ക് പിന്നിൽ ഒരു പേപിടിച്ച പട്ടിയുടെ മുഖം ഞാൻ സങ്കല്പ്പിച്ചു. ഇതാ സ്ത്രീ വേഷത്തിൽ നിന്നും മുക്തനായി ഞാൻ പൂർവ്വ അവതാരമെടുക്കുകയാണ്. ഇതാണ് പറ്റിയ സമയം. അപ്രതീക്ഷിത കാഴ്ച്ചയുടെ അമ്പരപ്പിൽ അവൻ നിൽക്കുമ്പോൾ തന്നെയാവണം ആദ്യത്തെ ആഘാതം. ഉന്നം തെറ്റിയില്ല. തെറി വിളിച്ചുകൊണ്ടു നിവർന്ന കരിനിഴലിന്റെ മർമ്മസ്ഥാനം തകർത്ത് ആദ്യത്തെ ചവിട്ട് . ഇനി ഒരിക്കലും നീ ഉണരരുത്. അവൻ കാറിക്കരഞ്ഞുകൊണ്ട് മുട്ടുകുത്തി. ഞാൻ സർവ്വ ശക്തിയുമെടുത്ത് അവന്റെ മുഖത്ത് തൊഴിച്ചു. അവൻ പിന്നിലെവിടേയ്ക്കോ തെറിച്ചു വീണു. പിടഞ്ഞെണീറ്റ എന്റെ നേരെ രണ്ടുപേർ ഓടി വന്നു. കൈയിൽ കിട്ടിയതൊക്കെ വച്ച് ഞാൻ അവരെ ആക്രമിച്ചു. തലങ്ങും വിലങ്ങും പൊതിരെ തല്ലി. ആ നേരത്ത് എനിക്കെവിടെ നിന്നാണ് ഊർജ്ജം കിട്ടിയതെന്നറിയില്ല. എന്റെ ശരീരത്തിൽ എവിടെയൊക്കെയോ മുറിവേറ്റിരുന്നു. ഒടുവിൽ ആരും തടയാനില്ലെന്നു കണ്ടപ്പോൾ ഞാൻ ഓടി. കൂരിരുട്ടിൽ ദിക്കുകളറിയാതെയുള്ള പാച്ചിലിൽ എവിടെയൊക്കെയോ തട്ടിവീണു. വീണ്ടും എണീറ്റോടി. അവസാനം കാൽ കുഴഞ്ഞു ഏതോ ശൂന്യതയിലേക്ക് വീഴുന്നതു വരെ ഞാൻ ഓടിക്കൊണ്ടേയിരുന്നു.


ആരിഫ്
------------

ദീപകിന് ഞങ്ങൾ പറഞ്ഞതത്രയും ഇപ്പോഴും വിശ്വാസമായിട്ടില്ല. മുൾമുനയിൽ നിർത്തിയ മൂന്നു ദിവസങ്ങൾക്ക് ശേഷം തിരിച്ചു തന്ന അവന്റെ  ജീവന് ഞങ്ങൾ ഈശ്വരനോട് പല ആവർത്തി നന്ദി പറഞ്ഞു കഴിഞ്ഞിരിക്കുന്നു. അന്നയെപ്പോലെ ജ്യോതിഷും ഞാനും ഈറൻ  കണ്ണുകളോടെയാണ് ഇക്കഴിഞ്ഞ ആശുപത്രി ദിവസങ്ങളത്രയും തള്ളി നീക്കിയത്.
അവനു വന്നു ഭവിച്ച ഈ ദുരവസ്ഥക്ക് ഞങ്ങളല്ലേ കാരണക്കാർ? എടുത്തു പറഞ്ഞാൽ ഞാനാണ് പ്രധാന ഉത്തരവാദി. എന്റെ പ്ലാനിംഗിൽ വന്ന ആദ്യത്തെ പിഴവ്, ദീപകിനെ പിന്തുടരുന്ന നേരത്ത് അന്നയെക്കൂടി കൂട്ടിയതാണ്. അവളെ സുരക്ഷിതമായി മറ്റെവിടെയെങ്കിലും നിർത്തിയിരുന്നെങ്കിൽ ആ റ്റീഷൊപ്പിനു മുന്നിലെ ചെറുപ്പക്കാരുടെ പരിഹാസശരമേല്ക്കേണ്ടി വരുമായിരുന്നില്ല.  അപ്രതീക്ഷിതമായി അവരെ കണ്ടു ബൈക്കുകൾ മാറ്റി നിർത്തിയതാണ് കുഴപ്പമായത്. അസമയത്ത് ഇരുട്ടിൽ പതുങ്ങി നില്ക്കുന്ന രണ്ടു പുരുഷന്മാരെയും ഒരു സ്ത്രീയേയും കണ്ടു അവർ തെറ്റിദ്ധരിച്ചില്ലെങ്കിൽ അതാവും വലിയ അത്ഭുതം. 'ഇരുട്ടുവാക്കിൽ എന്താടെ പരിപാടി'യെന്ന നാടൻ ശൈലിയോട് പ്രതികരിച്ച രീതിയും ശരിയായില്ല. ഒരുപക്ഷെ നിന്റെ കോളുകൾ സ്വീകരിക്കാൻ കഴിയുകയും നിന്നെ ഈ അപകടത്തിൽ നിന്നും രക്ഷിക്കുവാൻ കഴിയുകയും ചെയ്യുമായിരുന്നു, ആ അനാവശ്യ വാക്കുതർക്കത്തിനു പിന്നാലെ പോയി സമയം കളയാതിരുന്നുവെങ്കിൽ..ജ്യോതിഷിന്റെയും അന്നയുടെയും വിലക്കുകൾ വകവച്ചിരുന്നുവെങ്കിൽ.... ക്ഷമിക്കു ദീപക്. ഞങ്ങളോടു ക്ഷമിക്കു. ഞങ്ങൾക്ക് ഇനി നിന്നോളം വലുതല്ല ഒന്നും.. നിന്റെ ത്യാഗം. നീ അന്നയ്ക്കുവേണ്ടി ചെയ്തത് ഒരു നിസ്സാര കാര്യമല്ല. നിനക്കു പകരം അവളോ മറ്റേതെങ്കിലും പെണ്‍കുട്ടിയോ ആയിരുന്നു ആ സ്ഥാനത്തെങ്കിൽ...ഹോ. ചിന്തിക്കാനേ വയ്യ.

'അത്ഭുതം അതല്ല, ഇതെങ്ങനെ ഒത്തുവന്നു? അവന്മാർ ആ ദിവസം തന്നെ പരിപാടിക്ക് തെരഞ്ഞെടുത്തത് അവിശ്വസനീയമായി തോന്നുന്നില്ലേ?' ഇന്ന് കാലത്ത് ജ്യോതിഷ് പത്രവുമായി വന്നപ്പോ ഉന്നയിച്ച ചോദ്യം. ന്യായമായ സംശയം. അതെനിക്കും തോന്നാതിരുന്നില്ല. എന്തായാലും രണ്ടു  ബംഗാളികളുൾപ്പെടെ മൂന്നു പേരെ  പോലീസിന് കിട്ടിയിട്ടുണ്ട്. ഒരുത്തനെ ബോധമില്ലാത്ത നിലയിൽ ഒരു ആളൊഴിഞ്ഞ വീട്ടിൽ നിന്നും മറ്റു രണ്ടു പേരെ കിട്ടിയത് ഏതോ ആശുപത്രിയിൽ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുമ്പോഴാണെന്നും പത്രം പറയുന്നു. ആ രാത്രി അവന്മാർക്ക് ഒരിക്കലും മറക്കാൻ കഴിയുകയില്ല. ഞങ്ങൾക്കും. നാട് മുഴുവൻ അരിച്ചു പെറുക്കി, ഒടുവിൽ ഒരു കുഴിയിൽ അർധപ്രാണനായി ദീപകിനെ കണ്ടെത്തുമ്പോൾ, ഞങ്ങൾക്കൊപ്പം ആ നാട് തന്നെയുണ്ടായിരുന്നു. നാട്ടുകാർക്കൊപ്പം ഞങ്ങളുമായി വഴക്കുണ്ടാക്കിയ ചെറുപ്പക്കാരുമുണ്ടായിരുന്നു.

ദീപക്, നീയിന്നു ഈ നാടിന്റെ ഹീറോ ആണ്. നിന്റെ നന്മയുടെ ഫലം അനുഭവിക്കുക നമ്മുടെ അന്ന മാത്രമല്ല, നമുക്ക് ചുറ്റുമുള്ള എല്ലാ സഹോദരിമാരുമാണ്.
അന്ന ഹോസ്പിറ്റൽ ബില്ലടച്ച്‌ രസീതുമായി വന്നു. അവളുടെ കണ്ണുകളിൽ ഇപ്പൊ നന്ദിയുടെ നനവാണുള്ളതെന്നു തോന്നി. ആശുപത്രിയുടെ വരാന്തയുടെ അറ്റത്തു വച്ച് കാണുമ്പോൾ അവൾ ദീപകിന്റെ ഡിസ്ചാർജിന്റെ കാര്യം പറഞ്ഞു. ഒപ്പം മടിച്ചു മടിച്ചു മറ്റൊരു പ്രശ്നവും.
അവളുടെ കൂട്ടുകാരി കണ്ട നിഴലായിരുന്നു പുതിയ പ്രശ്നം!