"സ്വന്തം വായുടെ ചീത്തത്തം കൊണ്ടാണ് തത്തകളും മൈനകളും കൂട്ടില്‍ പെടുന്നത്. കൊറ്റികളെ ആരും ബന്ധിക്കാറില്ല". -പഞ്ചതന്ത്രം
Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

23 July 2015

ഭയം

വിളക്കിലെ തീനാളം തൊട്ടു നോക്കി പൊള്ളിപ്പോയ കൈവിരൽത്തുമ്പ് കൊണ്ടാണ് ഭയം  ഒരു എഴുത്താണിയുടെയും ഔദാര്യമില്ലാതെ ആദ്യാക്ഷരം എഴുതിയത്.
ഓടരുത് ..ചാടരുത് , വീണു പോകും എന്ന് അച്ഛനും മാമുണ്ടില്ലെങ്കിൽ പറമ്പിൻ വരമ്പിലൊളിച്ചിരിക്കുന്ന ഉംബാക്കിക്ക് പിടിച്ചു നല്കും എന്ന് അമ്മയും മാനത്തെ ജിന്നിനെയും നിണം കുടിക്കും നീലിയെയും കുപ്പിയിൽ പുകയും ഭൂതത്തെയും ചെവികളിലെത്തിച്ച് അമ്മൂമ്മയും ഒപ്പം വന്നു കൂരിരുട്ടിന്റെ കെണിയിൽ പെടുത്തി ഓടിമറയുന്ന ചേട്ടനും നുള്ളിന്റെ ചൂട് തന്നു ചേച്ചിയും അകാരണമായി കരയുന്ന അനിയത്തിക്ക് വേണ്ടി ഏറ്റു വാങ്ങിയ ചുട്ട അടിയും ബാലനായ ഭയത്തെ എഴുത്ത് പള്ളിക്കൂടത്തിലേക്ക് നയിച്ചു.
ദുർബല വികാരങ്ങൾക്ക് അതിജീവന മാർഗം പഠിപ്പിച്ച അദ്ധ്യാപകൻ സഹഅധ്യാപികയുമായുള്ള വേഴ്ചക്കേസിൽ വിദ്യാർത്ഥികൾക്ക് മുന്നില് അതീവ ദുർബലനായി ഏത്തമിടുന്ന കാഴ്ചയിൽ ഭയം ഹൈസ്ക്കൂൾ കടന്നു.
കോളേജു കാലം  മുതൽ പൊതു വാഹനത്തിൽ സഞ്ചരിക്കുമ്പോഴോ പള്ളിയിൽ, അമ്പലത്തിൽ, സ്കൂളിൽ, ആശുപത്രിയിൽ, ബസ് സ്റ്റോപ്പിൽ  എന്നിങ്ങനെ ജനം കൂടുന്ന ഇടങ്ങളിൽ പോകേണ്ടി വരുമ്പോഴോ സമീപത്തു നില്ക്കുന്നത് ഇതര ലിന്ഗത്തിൽ പെട്ട വ്യക്തി ആണെങ്കിൽ ഭയം കൂടുവിട്ടു പുറത്തിറങ്ങും. ഭയത്തിന്റെ മുട്ടുകാൽ വിറയ്ക്കും. ഏതു നിമിഷവും ശിരസ്സിനു നേരെ ചൂണ്ടപ്പെടാവുന്ന ഒരു വിരൽ ! ഭയം എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനത്തെക്ക് പായും.
സഹപ്രവർത്തകരെ ഒരേ കണ്ണാൽ കാണാതിരിക്കാൻ ജോലി നേടിയ അന്നുതന്നെ തൊഴിലാളി യൂണിയൻ ഭയത്തിനു പുതിയ കുപ്പായം കൊടുത്തു. ആദ്യ വിവാഹ നിശ്ചയം മുടങ്ങിയതോടെ വിവാഹ മോഹം വെടിഞ്ഞെങ്കിലും അച്ഛനമ്മവന്മാരുടെ ഉഗ്രശാസനം ഭയത്തെ കതിർ മണ്ഡപത്തിൽ എത്തിച്ചു. താലിയോടായിരുന്നു ഏറെയും അടുപ്പം. എന്നാൽ താലി നാവിലാണ് കെട്ടേണ്ടതെന്നു ഭയം രഹസ്യമായി തന്നോട് തന്നെ പറഞ്ഞു. രാത്രിയിൽ നാണത്തിന്റെ ഉറനീക്കി പുറത്തു വന്ന ഭയത്തിന്റെ മുന്നിൽ പുതിയ ക്ലാസ്സ്മുറിയും കിടിലം കൊള്ളിക്കുന്ന പാഠങ്ങളും കാത്തിരുന്നു. വിവാഹത്തോടെ സ്വന്തമായ അധിക ബാധ്യതകൾ പെട്ടിയും കിടക്കയുമായി തേടിയെത്തിയതോടെ സ്വകാര്യതയ്ക്ക് ഭംഗം വന്ന ഭയം വീണ്ടും ജോലിക്ക് പോകാൻ തുടങ്ങി, ഒപ്പം ജോലി നഷ്ടപ്പെടാതിരിക്കാൻ സെക്രട്ടറിയേറ്റ് മാർച്ചിനും.
പോലീസിന്റെ ലാത്തിചാർജു നടക്കുമ്പോ, ഭയം അടുത്തുള്ള ചായക്കടയിൽ മറഞ്ഞു നിന്ന് കട്ടൻകാപ്പി കുടിചു. പിന്നെ പലേടത്തും വച്ചും ഭയത്തെ കണ്ടു. പ്രസവമുറി വരാന്തയിൽ..കുട്ടികള്ക്ക് പോളിയോ കൊടുക്കുന്നിടത്ത്, തുലാഭാരത്തിനുള്ള ക്യൂവിൽ, പഠിച്ച അതെ സ്കൂളിന്റെ അഡ്മിഷൻ കൌണ്ടറിൽ. ഹൌസിംഗ് ലോണ്‍ കൊടുക്കുന്ന ബാങ്ക് റെപ്പിന്റെ മുന്നിൽ, എന്ജിനീയറിംഗ് കോളേജ് പ്രിൻസിപ്പലിന്റെ വീട്ടുപടിക്കൽ, പണയ ഉരുപ്പടികൾ സ്വീകരിക്കുന്നിടത്ത് ഒക്കെ. അച്ഛൻ മരിച്ചപ്പോ ചേട്ടനോടൊപ്പം രണ്ടു തവണ കോടതി വരാന്തയിലും കണ്ടു.
ഭയം ജോലിയുപേക്ഷിച്ചു പഠിക്കാൻ പോകുന്ന മകൾക്ക് കൂട്ടുപോകാൻ തുടങ്ങിയതോടെ നാട്ടുകാര് കളിയാക്കി. മനസിൽ കണ്ടത് മാനത്ത് കണ്ട മകൾ സഹപാഠിയോടൊപ്പം ലിവിംഗ് റ്റുഗെതെർ ആയപ്പോ ഭയത്തിനു നെഞ്ചു വേദന തുടങ്ങി. ആശയ വൈരുദ്ധ്യത്തിന്റെ പേരില് അകന്നു പോയ മൂത്ത മകന്റെ വിദേശ ജോലിയും കനത്ത ശമ്പളവും ഭയത്തിനു ഒരു ആശ്വാസവും കൊടുത്തില്ല. വേദന കൂടി വന്നു. വിവാഹ ശേഷം മകന്റെയും മരുമകളുടെയും ജീവിതം കരുപിടിപ്പിക്കാൻ ഭാര്യ പോയതോടെ, ഒരു ഹോം നഴ്സിന്റെ കൈയിൽ വേദനയും ഭയവും അവസാനിക്കുകയാണ് എന്ന് തിരിച്ചറിഞ്ഞു. തുടക്കത്തിലും ഒടുക്കത്തിലും ഭയമറിയാതെ കിടന്ന കൈകൾ...
അറിയിച്ചതനുസരിച്ചു മകൻ വന്നപ്പോൾ ആദ്യം നഴ്സിനോട് ചോദിച്ചത് ഒരു പൈതൃക ചോദ്യം ആണ്.
'ഭയപ്പെടേണ്ടല്ലോ... അച്ഛൻ മരിച്ചല്ലോ, അല്ലെ?'

- ജ്യോതിഷ് വെമ്പായം 

21 September 2010

New

ദാഹം...  സര്‍വത്ര...

പുഴകള്‍ വറ്റിക്കഴിഞ്ഞിരുന്നു.
നദികള്‍, ആറുകള്‍ തുടങ്ങിയ പര്യായങ്ങളും, തോടുകള്‍ ചാലുകള്‍ തുടങ്ങിയ കൈവഴികളും, കുളങ്ങള്‍ കിണറുകള്‍ എന്നീ കണ്ണീരുറവകളും  വറ്റിപ്പോയിരുന്നു.
" എനിക്ക് ഒരു ഗ്ലാസ്‌ വെള്ളം വേണം". മന്ത്രി ആവശ്യപ്പെട്ടു. ഭൂമിക്കടിയില്‍ നിന്നു വെള്ളം വലിച്ചെടുക്കുന്ന പതിന്നാലാമത്തെ കൂറ്റന്‍ യന്ത്രം ഉത്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മന്ത്രി.
മള്‍ടി നാഷണല്‍ കമ്പനി ഈയിടെ ഇറക്കുമതി ചെയ്ത ഈ പടുകൂറ്റന്‍ യന്ത്രം, മറ്റുള്ളവയെക്കാള്‍ മികച്ചതാണെന്ന പ്രയോക്താക്കളുടെ വാക്കുകള്‍,  മന്ത്രി അതേപടി ഉദ്ധരിച്ചിട്ട് ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞിരുന്നു.  
"ഒരു ഗ്ലാസ് വെള്ളം തരൂ.." മന്ത്രി അഭ്യര്‍ഥിച്ചു. പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങായതിനാല്‍ തിക്കും തിരക്കും സ്വാഭാവികം. തിരക്കില്‍ ക്യാമറകളും ലൈറ്റുകളും മൈക്കുകളും മെയ്യുരുമ്മി, കണ്ണുതുറന്നു നടന്നു.
"വെള്ളം..പ്ലീസ്... " മന്ത്രി കെഞ്ചുന്ന നിലയിലായപ്പോള്‍ അടുത്തുനിന്ന PA, അദ്ദേഹത്തിന്റെ ചെവിയില്‍ എന്തോ മന്ത്രിച്ചു. പെട്ടന്ന് ദാഹം ശമിച്ചത് കൊണ്ടാവാം, മന്ത്രി പിന്നൊന്നും മിണ്ടിയില്ല.
കരാര്‍ ഒപ്പിട്ടപ്പോള്‍ മന്ത്രിയുടെ മേശപ്പുറത്തിരുന്ന ഒരു ഗ്ലാസ്‌ വെള്ളം കമ്പനി റെപ്രസെന്റെറ്റിവ്  എടുത്തുകൊണ്ടു പോയത് വാര്‍ത്തയായിരുന്നു. അന്ന് ഒരു ഗ്ലാസ്‌ വെള്ളത്തിന്‌ ലക്ഷങ്ങളുടെ ഉല്‍പ്പാദന ചെലവു പറഞ്ഞത് കേട്ടു മന്ത്രി പോലും ഞെട്ടിയത്രേ.

ഉദ്ഘാടനം കഴിഞ്ഞു മടങ്ങവേ മൂത്രശങ്ക തോന്നിയ മന്ത്രി, കാര്‍ നിര്‍ത്തിച്ചു വഴിയരികില്‍ പോയി കുന്തിച്ചിരുന്നു.
ഒരു തുള്ളി പോലും വീഴുന്നില്ലല്ലോ...  മന്ത്രി പരിഭ്രമിച്ചു. ശങ്ക തോന്നിയത് നേരാണ്. പുതുമണ്ണില്‍ പതഞ്ഞൊഴുകുന്ന ഒരു ചെറുപുഴ സങ്കല്പ്പിച്ചതുമാണ്. പക്ഷെ ഇതെന്തു പറ്റി?
...................
പുഴകള്‍ വറ്റിക്കഴിഞ്ഞിരുന്നു; പര്യായങ്ങളും.

ക്യാപ്സൂള്‍ കഥ

നാലാമത്തെ കാല്


" എന്‍റെ ആ ....പുസ്തകമെവിടെ?"
അയാള്‍ അടുക്കളയിലേക്കു വിളിച്ചു ചോദിച്ചു. കുറെ നേരമായി അയാള്‍ ആ പുസ്തകം തിരയുകയായിരുന്നു.
"എനിക്കെന്തിനാ പുസ്തകം?"- ഭാര്യ ഉള്ളത് പറഞ്ഞു.
" അല്ല, നിങ്ങള്‍ക്കെന്തിനാ അത്? " ഭാര്യ അതിശയത്തോടെ വന്നു.
" ദേ നോക്ക്..."
അയാള്‍ ചൂണ്ടിക്കാട്ടിയ ഭാഗത്ത്‌ മൂന്നു തടിച്ച പുസ്തകങ്ങളില്‍ ചവിട്ടി ഒരു കട്ടില്‍ ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

02 March 2008

ഗണിതം


അയാള്‍ കണക്കു കൂട്ടുകയായിരുന്നു.


അയല്‍ക്കാരന്‍ എല്ദോസ് അതിരു തോണ്ടിയ വകയില്‍ ചെലവായത്‌ പെട്രോള്‍ ബോംബ്-രണ്ട്.
കുമാരേട്ടന്‍ പ്രാരബ്ധം പറഞ്ഞു വന്നപ്പോള്‍ ഗത്യന്തരമില്ലാതെ കൊടുത്തത് നാലു നാടന്‍ ബോംബ്.
കുഞ്ഞുമോന്‍റെ ചെവിക്കു പിടിച്ച കണക്കുമാഷിനു ഫീസിനു പകരം ചെലവാക്കിയത് നാടന്‍ ബോംബ് ഒന്ന്‌.
അളിയന്‍ തൊമ്മിക്കുഞ്ഞിന്‍റെ മനസുചോദ്യം ആഘോഷിച്ചതിനു ജലാറ്റീന്‍സ്റ്റിക് - കരളുപറിപ്പന്‍ രണ്ട്.
പെങ്ങളുകുട്ടീടെ പിറകേ നടന്ന കോളേജ്കാരന്‍ ചെറുക്കനു വേണ്ടി ചെലവാക്കിയ വകയില്‍ ആസിഡ് ബള്‍ബ് ഒന്ന്‌.


ഭാര്യേടെ സ്ത്രീധനക്കാശു ചോദിയ്ക്കാന്‍ പോയ കുഞ്ഞുമോന് കൊടുത്തുവിട്ടു നഷ്ടപ്പെടുത്തിയത്‌ രണ്ട് ഡൈനാമൈററ്.
എല്ദോസിന്‍റെ മുറ്റത്തുനിന്നു ബൈക്ക് മോഷ്ടിച്ചെന്നു പറഞ്ഞു അവന്‍ ലഹലക്ക് വന്നപ്പോള്‍ ചെലവാക്കിയത് കുടുംബം പൊടിപ്പന്‍ പന്നിപ്പടക്കങ്ങള്‍ പതിന്നാല് .
കുഴിയില്‍ വീണു കാലുളുക്കിയതിനു കാരണക്കാരായ പി.ഡബ്ലിയു.ഡി. ക്കാരുടെ സ്ലാബ് തകര്‍ക്കാന്‍ ചെലവാക്കിയത് ഡൈനാമൈററ്- ചെകിട് തകര്‍പ്പന്‍ നാല്.
പള്ളിപ്പെരുന്നാള് പ്രമാണിച്ച് പത്തു പേരെ കാണിക്കാന്‍ വെടിക്കെട്ട് നടത്തിയ വകയില്‍ ചെലവായത്‌ ആര്‍ .ഡി.എക്സ്. 300 കിലോ.


അതെ പെരുന്നാളിന് പിള്ളേര്‍ക്ക് കളിയ്ക്കാന്‍ വാങ്ങിയ അല്ലറ ചില്ലറ കുഞ്ഞു കുഞ്ഞു ബോംബുകള്‍, AK-47, 56, സ്റ്റെങ്ഗണ്‍ ഇവയൊന്നും പ്രത്യേകം എഴുതി വയ്ക്കാത്തതിനാല്‍ വക കൊള്ളിക്കാന്‍ പറ്റില്ല.
ഈശോയെ, പെബ്രന്നോത്തി വയ്യാണ്ട് കിടക്കണ തന്തപ്പടിയെ കാണാന്‍ പോണംന്നു വച്ചു തയ്യാറെടുക്കുകയാണ്. ഒരു നാടന്‍ ബോംബെന്കിലും കൊടുത്തയച്ചില്ലെങ്കില്‍ അവരെന്തു കരുതും!

അവള് ലഹലയ്ക്ക് നില്‍ക്കുകയും ചെയ്യും.

കര്‍ത്താവേ, എന്തൊരു ചെലവാണ്! ഇങ്ങനെ പോയാല്‍ ഇതെവിടെ ചെന്നു നില്ക്കും?

ഡോണ്‍ബോസ്കോ മാഗസിന്‍ -2004 ഏപ്രില്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചു

ഉത്തരവാദിത്വം

എനിക്കും തോക്കിനും കാവലാണ് പണി.
പരിശോധനകള്‍ക്കിടെ എന്‍റെ ചോദ്യങ്ങള്‍ക്കുള്ള മറുപടി തെറ്റുമ്പോള്‍ ഞാന്‍ തോക്കിനെ നോക്കി. എന്‍റെ സംജ്ഞ മനസിലാക്കി അത് കൃത്യമായ മറുപടി തന്നു.
ജോലിയില്‍ ആത്മാര്‍ത്ഥത കാണിച്ചു കാണിച്ചു തോക്ക്‌ ഒരു വല്യ ആളായപ്പോള്‍ ഞാന്‍ പതിയെ ഓരോ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കാന്‍ തുടങ്ങി.
ഒരുദിവസം രാവിലെ ജോലിക്ക് കേറാന്‍ തുടങ്ങുമ്പോള്‍ എന്നെ തോക്ക്‌ തടഞ്ഞു.
പേര്?
അത്ഭുതം കാരണം മറുപടിക്ക് അല്പം വൈകി.
ഒരു വെടി മുഴങ്ങി.

27 February 2008

അന്തിത്തിരി

വാതില്‍ക്കല്‍ കാല്പെരുമാറ്റം കേട്ടു ചെന്നു നോക്കി.
ആരുമില്ല.
തിരിച്ചു കേറുമ്പോള്‍ ഒരു നിഴല്‍ ആദ്യം അകത്തു കടന്നു. ആരാത്‌?
മറുപടിയില്ല.
ദേഷ്യം വന്നു. ആരാണെന്നല്ലേ ചോദിച്ചത്?
പിന്നെയും മറുപടിയില്ല. എങ്ങനെയാ ദേഷ്യപ്പെടാതിരിക്കുക! മുന്നില്‍ നന്നായി കാണാം, കറുത്തു കുറുകിയ ഒരു നിഴല്‍ പതുങ്ങുന്നു!
കൈകള്‍ പിണച്ചുവച്ചു ചരിഞ്ഞൊരു നോട്ടം നോക്കി മിണ്ടാതെയങ്ങനെ നില്ക്കുകയാണ്.
ഹ... ഇവന്‍റെ മുഖം കണ്ടിട്ട് തന്നെ കാര്യം.
വെളിച്ചമെടുക്കാന്‍ പൂര്‍വികരുടെ അസ്ഥിമാടം വരെ പോകേണ്ടിവന്നു.അവിടെ മാത്രമെ സന്ധ്യകഴിഞ്ഞാല്‍ വിളക്കുവൈക്കാറുള്ളൂ.
വെളിച്ചംകൊണ്ടു വന്നപ്പോള്‍ കക്ഷിയില്ല. എവിടെയോ ഒളിച്ചുകളഞ്ഞു.
എങ്കില്‍ രണ്ടിലൊന്നു അറിഞ്ഞിട്ടുതന്നെ ബാക്കികാര്യം. മുറികളായമുറികള്‍ മുഴുവന്‍ തിരഞ്ഞു.
ഇടനാഴിയും അടുക്കളയും പത്തായപുരയും ഒന്നും ഒഴിവാക്കിയില്ല.
ങ്ഹേ! പൊടിപോലുമില്ല.. രക്ഷപെട്ടുകളഞ്ഞു.
തിരികെ വിളക്കുകൊണ്ടുവെച്ചു മുറിക്കകത്തേക്ക് കാലുവെച്ചില്ല, ദാ, തൂണിനുചുവട്ടില്‍ കുത്തിയിരിക്കുന്നു, ആ നിഴല്‍...
ദേഷ്യം കൊണ്ടു വായില്തോന്നിയതൊക്കെ വിളിച്ചുപറഞ്ഞു.
ഓടിപ്പോയി വിളക്കെടുത്തു വന്നു. കടന്നു കേററക്കാരന്‍ ചാടിപ്പോകാതിരിക്കാന്‍ വാതില്‍ പുറത്തുനിന്നടച്ചിട്ടാണ് പോയത്.
ഉള്ളില്‍കേറി വീണ്ടും വാതിലടച്ചു തഴുതിട്ടു.ശ്രദ്ധാപൂര്‍വം തിരച്ചില്‍ ആരംഭിച്ചു. ഇത്തവണ കയ്യില്‍ കിട്ടണം.
എല്ലായിടത്തും തിരഞ്ഞു ഒടുവിലാണ്‌ തട്ടിന്‍പുറം കണ്ണില്‍ പെട്ടത്. ഒരിടവും വിട്ടുപോകരുത്. വിളക്കുമായി വലിഞ്ഞുകയറി.
പെട്ടെന്നൊരുകരച്ചില്‍ ചിതറി. അമ്പരന്നു ചുറ്റുപാടും നോക്കുമ്പോള്‍, വാരിക്കൂട്ടിയിട്ടിരുന്ന സാധനങ്ങള്‍ക്ക്‌ പിന്നില്‍ അതാ കറുത്തു കുറുകിയ നിഴല്‍! അതവന്‍തന്നെ.
വേറെയും നിഴലുകള്‍ പിന്നിലുണ്ടെന്നു തോന്നി. ഒന്നിനെയും രക്ഷപ്പെടാന്‍ അനുവദിക്കരുത്! പെട്ടന്ന് ആ കുള്ളന്‍ നിഴല്‍ കരഞ്ഞുകൊണ്ട് ചോദിക്കുന്നു...

"മോനേ ആത്മാക്കളെയും നീ വെറുതെവിടില്ലേ?"
ശബ്ദം തിരിച്ചറിഞ്ഞു! അച്ഛന്‍!
വിളക്ക് ഊതിയണക്കുകയെന്ന ദയയാണ്‌ ആദ്യം ചെയ്തത്. പിന്നെ ശബ്ദമുണ്ടാക്കാതെ പടിയിറങ്ങിപോരുമ്പോഴേക്കും കുറെ നിഴലുകള്‍ കൂടി ആ ഇരുട്ടിലേക്ക് കേറിപോയി.

* * * * * * * *
അതില്പിന്നീടാണ് അസ്ഥിമാടത്തിലും വിളക്കുവെക്കതായത്.